Tuesday, April 28, 2015

കുടകിലേക്ക് ബൈക്കില്‍


      ഒരു ബൈക്ക്, രണ്ട് പേര്‍, 850 കിലോമീറ്റര്‍, മൂന്ന് ദിവസം, മൂന്ന് സംസ്ഥാനം, ഏഴ് ജില്ല.. ഒരു ഒന്നൊന്നര യാത്ര തന്നെയായിരുന്നു അത്

ഒന്നാം ദിവസം


വീട്ടില്‍ നിന്നും ഇറങ്ങിയപ്പോ ഞങ്ങളുടെ മനസ്സില്‍ വയനാട് മാത്രമാണ് ഉണ്ടായിരുന്നത്. താമരശ്ശേരി ചുരം ഒഴിവാക്കി ഗൂഡല്ലൂര്‍ വഴിയാക്കിയത് യാത്രയുടെ മനോഹരിത വര്‍ധിപ്പിക്കാനായിരുന്നു 5.30ന് ഞങ്ങള്‍ വീട്ടില്‍ നിന്നുമിറങ്ങി. വഴിക്കടവ് എത്തിയപ്പോഴേക്കും മഞ്ഞ് വീണ വഴികളിലെല്ലാം വെയില്‍ പെയ്ത് തുടങ്ങിയിരുന്നു. മൂടിപുതച്ച അന്തരീക്ഷത്തില്‍ സുഖമുള്ള അനുഭവമായി വെയില്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. നാടുകാണി ചുരത്തിലെ ദര്‍ഗയിലായിരുന്നു ആദ്യ സ്റ്റോപ്പ്. 600 വര്‍ഷം മുമ്പ് യമനില്‍ നിന്നും മത പ്രചാരണത്തിന് കേരളത്തിലെത്തിയ ശൈഖ് മുഹമ്മദ് സാലിഹിന്റെ ഖബറിടമാണ് ഇതെന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ  മുഹമ്മദ് സാലിഹ് അടക്കമുള്ള നാല് പേര്‍ ചുരത്തില്‍ വെച്ച് മരണപ്പെട്ടെന്നാണ് പറയപ്പെടുന്നത്. ഇന്നിതൊരു തീര്‍ഥാടന കേന്ദ്രമാണ്.




അതിര്‍ത്തി കടന്ന് ഉടനെ ഞങ്ങള്‍ വഴിയില്‍ കണ്ട ചായക്കടയില്‍ നിര്‍ത്തി. ചപ്പാത്തിയും കട്ടന്‍ചായയുമായിരുന്നു  പ്രഭാത ഭക്ഷണം. ചായകുടിച്ച് ലക്ഷ്യമില്ലാത്ത ലക്ഷ്യത്തിലേക്ക്. എത്തുന്നിടത്ത് എത്തും എന്ന നിലയിലായിരുന്നു യാത്ര. അല്ലെങ്കിലും പ്ലാന്‍ ചെയ്ത് പോയ യാത്രയേക്കാള്‍ എനിക്ക് എന്നും മനോഹരമായിട്ടുള്ളത് അണ്‍പ്ലാന്‍ഡ് യാത്രകളാണ്‌
 അല്‍പ്പസമയത്തിനകം ഞങ്ങള്‍ നാടുകാണിയിലെത്തി. നാടുകാണി - ദേവാല - പന്തല്ലൂര്‍ റോഡ് വഴിയാണ് ഞങ്ങള്‍ക്ക് പോകാനുള്ളത്. വയനാടിന്റെ ഏതോ ഒരു ഭാഗത്തിലൂടെ യാത്ര ചെയ്യുന്നതായിട്ടാണ് ഗൂഡല്ലൂരും നാടുകാണിയും ദേവാലയുമെല്ലാം നമുക്ക് അനുഭവപ്പെടുക. മലയാളികളും മലയാളവും നിറഞ്ഞ തെരുവുകളാണിവിടെയെല്ലാം


 പന്തല്ലൂര്‍ കഴിഞ്ഞപ്പോഴുണ്ട് ഓലപടക്കത്തിന്റെ ശബ്ദം കേള്‍ക്കുന്നു. കുറച്ചകലെയായി തോട്ടത്തിനിടയിലൂടെയുള്ള റോഡിലൂടെ ഒരാന വരുന്നുണ്ട്. പുറകെ കുറെ നാട്ടുകാരും. ഇന്നസെന്റ് ചോദിച്ച പോലെ എന്താ ഒരു ബഹളം വിഷുവാണോ എന്ന്  ചോദിച്ചില്ലെങ്കിലും വല്ല അമ്പലത്തിലും ഉത്സവമാകും എന്ന് വിചാരിച്ച് ക്യാമറ റെഡിയാക്കി ഞാന്‍ നിന്നു.  തോട്ടത്തിലെ പാടിയില്‍ അമ്മമാര്‍ കുട്ടികളെയുമെടുത്ത് കാഴ്ച കാണാന്‍ നില്‍ക്കുന്നുണ്ട്‌. ആനയുടെ വരവും നാട്ടുകാരുടെ ബഹളത്തിന്റെയും രീതിയില്‍ എന്തോ ഒരു പന്തിക്കേട്, പിന്നീടാണ് മനസ്സിലായത് കാടിറങ്ങിയ ആനയെ തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.  ബൈക്ക് റോഡിലിട്ട് തിരിച്ചോടാനുറപ്പിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അതിനിടയില്‍ ആന റോഡ് ക്രോസ് ചെയ്ത് കാട്ടിലേക്ക് കയറി പോയി.  ഇവിടെ ഇത് സ്ഥിരം പതിവാണത്രെ.

 പന്തല്ലൂരില്‍ നിന്നും ചേരംപാടി വഴിയാണ് വയനാട്ടിലെത്താനുള്ളത്. നമുക്ക് റൂട്ട് മാറ്റി മുത്തങ്ങയിലേക്ക് വിട്ടാലോ എന്ന എന്റെ ചോദ്യം തീരുന്നതിന് മുമ്പേ ഫായിസ് യെസ് പറഞ്ഞു.  ഉപ്പട്ടി വഴിയാണ് മുത്തങ്ങയിലേക്കുള്ള വഴി. ഗൂഗ്ള്‍ മാപ്പ് നോക്കിയാണ് യാത്ര. ഒന്ന് രണ്ട് പ്രാവശ്യം ഞങ്ങള്‍ റൂട്ട് മാറി പോയതിനാലാവാം നാവിഗേഷന്‍ ഞങ്ങള്‍ക്കിട്ടൊരു മുട്ടന്‍ പണി തന്നു. മെയ്ന്‍ റോഡില്‍ നിന്നും വലത് വശത്തേക്ക് മാറി 800 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ യു ടേണ്‍ എടുക്കാനും പിന്നീടാണ് കാര്യം മനസ്സിലായത്. അത് ഒരു വീടായിരുന്നു. ഗൂഗ്ള്‍ മാപ്പിനെയും തെറി പറഞ്ഞ് ഞങ്ങള്‍ തോന്നിയ വഴി പോയി. അവസാനം  മുതുമല ടൈഗര്‍ റിസര്‍വില്‍ വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. വയനാട് വന്യ ജീവി സങ്കേതത്തില്‍ പെട്ട മുത്തങ്ങ സ്ഥിതി ചെയ്യുന്നതും നൂല്‍പ്പുഴ  പഞ്ചായത്തിലാണ്‌.

കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ക്കിടിയിലൂടെ ഞങ്ങള്‍ മുത്തങ്ങ ലക്ഷ്യമാക്കി യാത്രയായി.  15 മിനിറ്റിന് ശേഷം മുത്തങ്ങയിലെത്തി. കര്‍ണാടക അതിര്‍ത്തി
വരെ ഒന്ന് പോവുക  മാത്രമാണ് ലക്ഷ്യം. മുത്തങ്ങയില്‍ നിന്നും  ഉച്ചഭക്ഷണവും കഴിച്ച് ആദ്യ ലക്ഷ്യമായ എടക്കല്‍ ഗുഹയിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. 
മുത്തങ്ങയില്‍ നിന്നും 30 കിലോമീറ്ററാണ് ഗുഹയിലേക്കുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 കിലോമീറ്ററും. പച്ചപുതച്ച കാപ്പിതോട്ടങ്ങള്‍ക്കിടയിലൂടെ അര മണിക്കൂറിലധികം നടന്ന് കയറണം ഗുഹയിലെത്താന്‍. 20 രൂപയാണ് ഗുഹയിലേക്കുള്ള ടിക്കറ്റ്. മുകളിലെത്തിയപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ ഞങ്ങള്‍ക്ക് ഗുഹയുടെ പ്രാധാന്യം പറഞ്ഞ് തന്നു.   പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പുരാതന കാലഘട്ടത്തില്‍ മനുഷ്യന്‍ ഇവിടെ താമസിച്ചിരുന്നെന്ന് കരുതപ്പെടുന്നു. ചെറുശിലായുഗ സംസ്‌കാരിക കാലഘട്ടത്തിലെന്നു കരുതുന്ന ശിലാ ലിഖിതങ്ങള്‍ ഈ ഗുഹയിലുണ്ട്. വയനാടിനെ കൂടാതെ ഫ്രാന്‍സില്‍ മാത്രമാണ് ഇത്തരത്തിലുള്ള ഒരു ഗുഹ നമുക്ക് കാണാനാവുക. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 അടി ഉയരത്തിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. 7000 ല്‍ അധികം വര്‍ഷമെങ്കിലും ശിലാലിഖിതങ്ങള്‍ക്ക് പഴക്കമുണ്ടെന്ന് ചരിത്രക്കാരന്‍മാര്‍ പറയുന്നു. പുരാതന കാലഘട്ടത്തിലെ രാജവിനെ കുറിച്ച് സൂചിപ്പിച്ച് തമിഴ് ബ്രാമണ്‍ ലിപിയില്‍ എഴുതിയ വാക്കുകള്‍ മാത്രമാണ് അവിടെ വായിക്കാന്‍ കഴിഞ്ഞുട്ടള്ളത്. ബാക്കിയുള്ളവ വായിച്ചെടുക്കാന്‍ ശ്രമിച്ച്‌കൊണ്ടിരിക്കുകയാണ്. 1894 ല്‍ അന്നത്തെ ബ്രിട്ടീഷ് പൊലീസ് ഓഫീസറായിരുന്ന എഫ്. ഫോസ്‌റ്റെയാണ് ഗുഹ ലോക ശ്രദ്ധയിലെത്തിച്ചത്. നായാട്ടിനെത്തിയ അദ്ദേഹത്തിന് മലയുടെ താഴ്‌വാരത്ത് നിന്നും കല്ല് കൊണ്ടുള്ള മഴു ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗുഹ അദ്ദേഹം കണ്ടെത്തുന്നത്.

രണ്ട് ഗുഹകളാണ് മലയിലുള്ളത്. ഭൂകമ്പത്തിന്റെ ഫലമായി ഒരു ഭീമാകരന്‍ കല്ല് രണ്ട് പാറകള്‍ക്കിടയില്‍ വീണുവെന്ന് പറയപ്പെടുന്നു. അങ്ങനെയാണ് എടക്കല്‍ എന്ന് പേര് ലഭിച്ചത്. 98 അടി നീളവും 22 അടി വീതുയുമാണ് ഗുഹക്കുള്ളത്. മുമ്പ് ഗുഹയുടെ ഏറ്റവും മുകളിലേക്ക് ട്രക്കിങ് അനുവദിച്ചിരുന്നു. ഗുഹയുടെ നിലനില്‍പ്പിന് ഭീഷണിയായപ്പോള്‍ പിന്നീട്  നിര്‍ത്തലാക്കി. മലയില്‍ നിന്നും നോക്കിയാല്‍ സമീപ പ്രദേശങ്ങള്‍ കാണാനാവും. കയ്യും കാലും വെട്ടി മാറ്റിയ മനുഷ്യനെ പോലെയാണ് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം. മലകളെല്ലാം എം സാന്റായും കരിങ്കല്ലായും
 തുരന്നെടുത്തിരിക്കുന്നു.


ഫാന്റത്തെ ഞെക്കി കൊല്ലാനുള്ള ഫായിസിന്റെ ശ്രമം ( പാളിപ്പോയ പരീക്ഷണം 

അടുത്ത ലക്ഷ്യം കാരാപ്പുഴ ഡാമായിരുന്നു. സാധാരണ യാത്രയില്‍ കൂട്ടുണ്ടാവാറുള്ള സലാമിന്റെ അടുത്താണ് താമസം പറഞ്ഞിട്ടുള്ളത്. ഇലക്ട്രിക്കല്‍ ജോലികള്‍ കോണ്‍ട്രാക്റ്റ് എടുക്കുന്ന കമ്പനിയിലാണ് അവന്റെ ജോലി. കാരാപ്പുഴ ഡാമില്‍ പമ്പ് ഹൗസിലാണ് അവരുടെ താമസം. അവരുടെ കൂടെ തങ്ങാനായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴയില്‍ ഫാന്റം റോക് എന്നൊരു ബോര്‍ഡ് കണ്ടും. അമ്പല വയല്‍ പഞ്ചായത്തിലാണ് ഫാന്റം റോക് സ്ഥിതി ചെയ്യുന്നത്. ഫാന്റത്തിന്റെ മുഖത്തിന്റെ ആകൃതിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറയാണ് ഫാന്റം റോക്ക്. സ്വകാര്യ എസ്റ്റേറ്റിലൂടെയാണ് അവിടേക്കുള്ള വഴി. അമ്പലവയല്‍ പഞ്ചായത്തിനെ കുറിച്ചുള്ള ഏകദേശ ചിത്രം ഇവിടെ നിന്നും നോക്കിയാല്‍ ലഭിക്കും. കേരളത്തില്‍ തന്നെ ഏറ്റവുമധികം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷേ അമ്പലവയലിലായിരിക്കും. ഫാന്റം റോക്ക് ഒഴികെ സമീപത്തുള്ള മുഴുവന്‍ മലകളും അണ്ടര്‍ ഗ്രൗണ്ട് മലകളായി മാറിയിട്ടുണ്ട്.

അമ്പലവയലില്‍ ഡി.റ്റി.പി.സി.യുടെ കീഴിലുള്ള ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്. ജില്ലയുടെ ചരിത്രത്തെ കുറിച്ചുള്ള വിവരം  ലഭിക്കുന്നതാണ് മ്യൂസിയം. മ്യൂസിയം സന്ദര്‍ശിച്ച് ഞങ്ങള്‍ നേരെ കാരാപ്പുഴയിലേക്ക് പിടിച്ചു. അമ്പല വയലില്‍ നിന്നും അര മണിക്കൂര്‍ യാത്ര മാത്രമേ കാരാപ്പുഴയിലേക്കൊള്ളൂ. മനോഹരമായ ഒരു ഡാമാണ് കാരാപ്പുഴയിലേത്. ജലസേചന ആവശ്യത്തിനാണ് ഡാം നിര്‍മിച്ചിട്ടുള്ളത്. 1977 ലാണ് ഡാമിന്റെ പണി തുടങ്ങിയത്. 2004 പൂര്‍ത്തിയാക്കിയെങ്കിലും കനാല്‍ നിര്‍മാണം പൂര്‍ത്തിയാകത്തതിനാല്‍ ഒരു തുള്ളി വെള്ളം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നല്‍കാനായിട്ടില്ല.  കേരളത്തിന്റെ തനത് നെല്‍കൃഷികള്‍ ചെയ്തിരുന്ന ഏക്കറു കണക്കിന് സ്ഥലം ഡാം മൂലം വെള്ളിത്തിനടിയാലുവകയും ചെയ്തു. കാരാപ്പുഴ പമ്പ് ഹൗസിലാണ് ഞങ്ങള്‍ താമസിച്ചത്. ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായയില്‍ താമസിച്ച് അന്നത്തെ രാത്രി ഞങ്ങള്‍ ധന്യമാക്കി.

രണ്ടാം ദിവസം


അതി മനോഹരമായ ദൃശ്യമാണ് രാവിലെ ഞങ്ങളെ വരവേറ്റത്. കോട മഞ്ഞ് മൂടിയ ഡാം ഒരു ഒന്നൊന്നര കാഴ്ച തന്നെയാണ്. ഡാമിലെ കുളിയും കഴിഞ്ഞ് അതിരാവിലെ ഇറങ്ങാനായിരുന്നു പ്ലാന്‍. കുളിയൊക്കെ കഴിഞ്ഞ് വെയില്‍ എത്തിയപ്പോഴേക്കും മണി ഒമ്പത് ആയിരുന്നു. മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയായിരുന്നതിനാല്‍ സമയം നോക്കിയിട്ടുണ്ടായിരുന്നില്ല. ആദ്യം  സണ്‍ റൈസ് വാലിയിലേക്ക് പോകാനായിരുന്നു പരിപാടി. പോകുന്നതിന് മുമ്പായി വഴി ഉറപ്പു വരുത്തനായി ഞങ്ങള്‍ വയനാട് ഡി.ടി.പി.സി യിലേക്ക് വിളിച്ചു. മാവോയിസ്റ്റ് ഭീഷണി ഭീഷണി കാരണം സണ്‍റൈസ് വാലിയിലേക്ക്  പ്രവേശനമില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.  അടുത്ത റൂട്ട് സൂചിപ്പാറയിലേക്കായിരുന്നു. ഏതാണ്ട് സൂചിപ്പാറയുടെ അടുത്തെത്തിയപ്പോള്‍ അവിടെയും ഒരു ബോഡ്. റോഡ് പണി നടക്കുന്നതിനാല്‍ സൂചിപ്പാറയിലേക്ക് പ്രവേശനമില്ല. ഞങ്ങള്‍ വണ്ടി ഒതുക്കി നിര്‍ത്തിയപ്പോള്‍ കുറച്ച് ടൂറിസ്റ്റുകളുമായി ഒരു ടാക്‌സിയെത്തി. നല്ല മുട്ടന്‍ തെറി സ്വയം പറഞ്ഞ് അദ്ദേഹം മടങ്ങി പോയി.



അടുത്ത ലക്ഷ്യം കുറുവ ദ്വീപായിരുന്നു. മൂന്ന് മണിക്കു മുമ്പ് അവിടെ എത്തണം ഇല്ലെങ്കില്‍ പ്രവേശനം ലഭിക്കില്ല. പനമരം വഴിയാണ് കുറുവ ദ്വീപിലേക്ക് എത്തേണ്ടത്. വഴിയരികില്ലെല്ലാം പൊലീസ് ചെക്കിങുണ്ട്.  മാവോയിസ്റ്റ് ഭീഷണയിയെ തുടര്‍ന്ന് പരിശോധന കര്‍ശനമാണ്. മാവോയിസ്റ്റുകളെ കിട്ടിയില്ലെങ്കിലും പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാത്ത ഭീകരവാദികളെ അത്യവാശ്യത്തിന് പൊലീസ് പിടികൂടുന്നുണ്ട്. വണ്ടി കൈകാണിച്ച് ആദ്യം ചോദിക്കുന്നത് തന്നെ പുക പരിശോധന സര്‍ട്ടിഫിക്കറ്റാണ്. പനമരത്ത് നിന്നും ദ്വീപിലേക്കുള്ള റോഡില്‍ കയറിയതും വാഹനത്തിന് ബാലന്‍സ് നഷ്ടപെട്ട പോലെ തോന്നി. ഇറങ്ങി നോക്കിയപ്പോ വണ്ടി പണി പറ്റിച്ചിരുന്നു. പഞ്ചര്‍ ആയിട്ടുണ്ട്. അത് വഴി പോയ ഒരാള്‍ വാഹനം നിര്‍ത്തി ഫായിസിനെ അതില്‍ കയറ്റി. അല്‍പ്പ സമയത്തിനകം അവന്‍ പഞ്ചര്‍ കടയില്‍ നിന്നും ഒരാളുമായി വന്നു. വാഹനം പഞ്ചറടച്ച് കഴിഞ്ഞപ്പോഴേക്കും 3 .30 ആയിരുന്നു. അടുത്ത യാത്ര എങ്ങോട്ടാവണം എന്ന പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഏതായാലും വന്നതല്ലെ തിരുനെല്ലി വരെ പോകാം എന്ന് പറഞ്ഞു.  തിരുനെല്ലി അമ്പലം കാണണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഇന്ത്യയില്‍ തന്നെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് തിരുനെല്ലിയിലേത്‌. വാഹനം നേരെ തിരുനെല്ലി ലക്ഷ്യമാക്കി നീങ്ങി. കാട്ടിക്കുളം വഴിയാണ് തിരുനെല്ലിയിലെക്കുള്ള യാത്ര.  ഏതാണ്ട് അഞ്ച് മണിയോടെ ഞങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തിനുടത്തെത്തി. ക്ഷേത്രം പുറത്ത് നിന്ന് കാണാനെ നമുക്ക് കഴിയൂ. അഹിന്ദുക്കള്‍ക്ക്  അകത്തേക്ക്  പ്രവേശനമില്ല. അല്‍പ്പം നിരാശയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു.


തിരുനെല്ലിയിലേക്കുള്ള വഴി


 ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയില്‍ വലിയ കരിങ്കല്‍ പാളികള്‍ പാകിയിട്ടുണ്ട്.   പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ഉള്ള വടക്കന്‍ മലബാറിലെ ഒരു പ്രധാന സ്ഥലം കൂടിയാണ് ഈ ക്ഷേത്രം. എത്രയൊക്കെ പറഞ്ഞിട്ടെന്താ ഇതൊക്കെ പുറത്ത് നിന്നും കാണാനും കേള്‍ക്കാനുമുള്ള അവസരം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചൊിള്ളു.


അല്‍പ്പ സമയം ചിലവഴിച്ച് ഞങ്ങള്‍ക്ക് തിരിച്ചു. കാട്ടികുളത്ത് എത്തിയതും വീട്ടിലേക്ക് പോകുന്നതിന് മുമ്പ് നമുക്ക് കുട്ട വരെ ഒന്ന് പോയാലോ എന്നൊരു നിര്‍ദേശം ഞാന്‍ വെച്ചു. അവിടെ നിന്നും 10 കിലോമീറ്ററാണ് കുട്ടയിലേക്കുള്ളത്. കുഡഗ് ജില്ലയുടെ അതിര്‍ഥി ഗ്രാമമാണ് കുട്ട. കുട്ടയിലെത്തിയപ്പോഴേക്കും സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. അവിടെ അടുത്താണ് ഇരുപ്പു വെള്ളച്ചാട്ടം. അത് കണ്ട് മടങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. സമയം ഇരുട്ടിയപ്പോ കുട്ടയില്‍ തങ്ങി കുറച്ച് കൂടെ കാഴ്ചകള്‍ കണ്ട് നാളെ പോകാം എന്ന തീരുമാനത്തിലെത്തി. വീട്ടില്‍ പോയിട്ട് പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ വീട്ടിലേക്ക് വിളിച്ച് പറഞ്ഞു. രാത്രിയായി ഇനി നാളെ രാവിലെ വരാം എന്ന്. ഉടന്‍ ഫായിസിന്റെ ഉമ്മ പറഞ്ഞു. ഇനി നാളെ കാഴ്ച കണ്ട് വൈകുന്നേരാവണ്ട. രാത്രി തന്നെ പോന്നുണ്ടു എന്ന്.

കുട്ടയില്‍ റൂം അന്വേഷിച്ചെങ്കിലും കിട്ടാനില്ല.  ഗോണികൊപ്പല്‍ പോയാല്‍ റൂം കിട്ടും. ഏതായാലും രാവിലെ പോകുന്നതിനേക്കാള്‍ രാത്രി സഞ്ചരിക്കാം. കുട്ടയില്‍ നിന്നും ഗോണികൊപ്പലിലേക്ക് 37 കിലോമീറ്ററുണ്ട്. തണുത്ത വഴിയില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. എതിര്‍ വശത്ത് നിന്നും വല്ലപ്പോഴും വാഹനങ്ങള്‍ വന്നാലായി. ഗോണികൊപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം റൂമെടുത്തു. ഗൂഡല്ലൂര്‍ പോലെ തന്നെ കുടകും മലയാളിയും മലയാളവും നിറഞ്ഞ തെരുവുകളാണ്. കണ്ണൂര്‍ സ്വദേശികളാണ് കൂടുതലുള്ളത്. റൂമിനടുത്തുള്ള മദ്‌റസയില്‍ നബിദിനാഘോഷം നടക്കുന്നുണ്ട്. മറുനാട്ടിലെ നബിദിനം കാണാനെത്തിയ ഞങ്ങള്‍ കണ്ടത്. നമ്മുടെ നാടിന്റെ മറ്റൊരു പതിപ്പ്. പാട്ടും പ്രസംഗവും എല്ലാം മലയാളത്തില്‍. ഇടക്ക് കന്നഡയുണ്ടാവുമെന്ന് മാത്രം

മൂന്നാം ദിവസം


 ആദ്യ യാത്ര ബയ്‌ലകുപ്പയിലേക്കാണ്. ഗോണികൊപ്പലില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരം. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്രമാണ്‌ ബെയ്‌ലകുപ്പയിലേത്.  പോകുന്ന വഴിയില്‍ വിന്റേജ് കാര്‍ കലക്ഷന്‍ എന്നൊരു ബോര്‍ഡ് കണ്ടു. എന്നാല്‍ പിന്നെ അതും കൂടെ കണ്ടിട്ടാവാം യാത്രയെന്നുറപ്പിച്ചു. കണ്ണൂരുകാരന്‍ പി.സി അഹമ്മദ് കുട്ടിക്കാന്റെതാണ് കാര്‍ കലക്ഷന്‍ 100 ഓളം കാറുകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ലക്ഷങ്ങള്‍ കൊടുത്താണ് ഓരോന്നും സ്വന്തമാക്കുന്നത്. മുഹമ്മദ് കുട്ടിക്കയാണ് ഇവയെല്ലാം നോക്കി നടത്തുന്നത്. തമിഴ്‌നാട്ടുകാരാനായ ( പേര് മറന്ന് പോയി) മെക്കാനിക്കായി മുഴു സമയവും ഇവിടെ തന്നെയുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം ഈ ഷെഡിലെ കാറിന്റെ പണികള്‍ മാത്രമേ എടുക്കുന്നൊള്ളൂ. വാങ്ങുന്ന വാഹനങ്ങള്‍ ഓടുന്ന പരുവത്തിലാക്കുകയാണ് പ്രധാന ജോലി.  എല്ലാ കാറുകളും റോഡിലിറക്കിയാല്‍ പുലിയാണ്. എല്ലാത്തിനും ഇന്‍ഷുറടക്കമുള്ള രേഖകളും കറക്റ്റ്.



അല്‍പ്പസമയം ഫോട്ടോയെടുത്ത്  ഞങ്ങള്‍ യാത്രയായി. പോകുന്ന വഴിയില്‍
തന്നെ അടുത്ത ബോര്‍ഡ് കണ്ട് വീണ്ടും വണ്ടി തിരിച്ചു. ദുബരെ എലഫന്റ് പാര്‍ക്കിലേക്കായിരുന്നു അടുത്ത യാത്ര. മനോഹരമായ ഒരു സ്ഥലം. നമ്മുടെ കുറുവ ദ്വീപിന്റെ ഒരു ചെറു പതിപ്പ്. കാവേരിയില്‍ ചുറ്റിപ്പെട്ട് കിടക്കന്നു. പുഴ കടന്ന് ചെന്നാല്‍ ആന പരിശീലന കേന്ദ്രമാണ്. പുഴ മുറിച്ച് കടക്കുന്നത് തന്നെയാണ് യാത്രയില്‍ ഏറ്റവും മനോഹരം. ചെറിയ ആനക്കുട്ടി മുതല്‍  പരിശീലന കേന്ദ്രത്തില്‍ നമുക്ക് കാണാം. വൈകുന്നേരത്തിന് മുമ്പ് തിരിക്കാനുള്ളതിനാല്‍ ലക്ഷ്യസ്ഥാനമായ ബെയ്‌ലകുപ്പയിലേക്ക് ഞങ്ങള്‍
 ഞങ്ങള്‍ യാത്ര തിരിച്ചു. കുഡഗ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്ന സുവര്‍ണ ക്ഷേത്രം ഇവിടെയാണ്‌.



ബെയ്‌ലകുപ്പയില്‍ നിന്നും ഏഴ് കിലോമീറ്ററാണ് സുവര്‍ണ ക്ഷേത്രത്തിലേക്ക്. വല്ല അറബിക് കോളജിനും സമീപം യാത്ര ചെയ്യുന്നത് പോലെ റോഡില്‍ നിറയെ ലാമമാര്‍. 15 ബുദ്ധ വിഹാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ ആര്‍ക്കും കയറാം. നമ്മുടെ നാട്ടിലെ പള്ളികളും അമ്പലങ്ങളും പോലെ കൊട്ടിയടച്ചിട്ടില്ല. ക്ഷേത്രത്തിനകം ഒരിക്കലെങ്കിലും ഒന്ന് കണ്ടിരിക്കണം. അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും സമയം രണ്ട് മണിയായിരുന്നു. ലാമ ക്യാംപിലെ കാന്റീനിലാക്കി ഞങ്ങളുടെ ഉച്ച ഭക്ഷണം. വെജിറ്റബള്‍ മെമോ കഴിച്ചു.




ഇനി നാട്ടിലേക്ക് പോകുന്ന വഴിയില്‍ അബ്ബി ഫാള്‍സും കാണണം. മടിക്കേരിയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും കാണണം അതായിരുന്നു ലക്ഷ്യം. അബ്ബി ഫാള്‍സിലെത്തിയപ്പോള്‍ തന്നെ സമയം നാല് മണിയായിരുന്നു. മടിക്കേരി പുഴയിലാണ് അബ്ബി ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. ജെസി ഫാള്‍സ് എന്നാണ് ബ്രിട്ടീഷുകാര്‍ ഇതിനെ വിളിച്ചത്. മതപ്രബോധനത്തിനായി ഇവിടെയെത്തിയ ബ്രിട്ടീഷ് പാതിരിയുടെ മകള്‍ ജെസി ഇവിടെ വീണ് മരിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു പേര് കിട്ടിയത്‌  അതും കണ്ട് ഞങ്ങള്‍ തിരിച്ചു. മടിക്കേരിയാണ് കുഡഗിന്റെ ആസ്ഥാനം. പഴയ കാല കൊട്ടാരമാണ് അവിടെ പ്രധാനമായും ഉള്ളത്. അതിപ്പോള്‍ കലക്ടറേറ്റാക്കി മാറ്റിയിട്ടുണ്ട്. ഒരു ഭാഗത്ത് മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. അഞ്ച് മണിക്ക് ശേഷം അവിടെ എത്തിയതിനാല്‍ മ്യൂസിയം കാണാനുള്ള ഞങ്ങളുടെ ആഗ്രഹം വെറുതെയായി.



ഇനിയും ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ ബാക്കിയാക്കി ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ആദ്യം ചുമ്മാ ഗൂഗ്ള്‍ മാപ്പില്‍ ഒന്ന് പരതിയതും കണ്ണ് തള്ളിപ്പോയി. 245 കിലോമീറ്റര്‍ !!!  പക്ഷേ എന്ത് ചെയ്യാന്‍, തിരിച്ച് പോകല്ലാതെ നിവൃത്തി ഇല്ല. പടച്ചോനെ ഇങ്ങള് കാത്തോളീം… ന്ന് പറഞ്ഞൊരു ബിടലായ്ന്നു പിന്നെ. തണുപ്പടിച്ചടിച്ച് രണ്ട് പേരുടെയും ചുണ്ട് പൊട്ടിയിരുന്നു. യാത്രക്കിടിയല്‍ മഗ്‌രിബ് നിസകരിക്കാന്‍ നിര്‍ത്തിയ ഗ്യാപ്പില്‍ ഊരയുടെ ട്രിഗാള്‍മെന്റ് ഒക്കെ ഒന്ന് ശരിയാക്കി. അല്‍പ്പം കഴിഞപ്പോ വഴിയരികല്‍ കണ്ട കടയില്‍ നിര്‍ത്തി. കട്ടന്‍ അടിച്ചാവാം യാത്രയെന്ന് തീരുമാനിച്ചു. അവര്‍ സാധനം എടുത്ത് വെച്ച് പോകാനിറങ്ങാന്‍ നില്‍ക്കായിരുന്നു. ഞങ്ങളുടെ കോലം കണ്ടപ്പോ രണ്ട് ചായ തരാന്‍ തയ്യാറായി. കണ്ണൂരുകാരാണ്. (പ്രത്യേകിച്ച് പറയേണ്ടതില്ല, കണ്ടവരില്‍ 90 ശതമാനവും അവര് തന്നെ ) തിരൂരില്‍ ചായകച്ചവടവുമായി ഉണ്ടായിരുന്നത്രെ. അവരോടും യാത്ര ചോദിച്ച് ഞങ്ങള്‍ വണ്ടി വിട്ടു. അടുത്ത സ്റ്റോപ്പ് ഇരിട്ടിയില്‍,  അവിടെ ജെ.പി (മലപ്പുറം ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ്) കാത്ത് നില്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ നാടാണ് ഇരിട്ടി. അവിടെ എത്തിയപ്പോ ഏതാണ്ട് 8.30 ആയിട്ടുണ്ടാവും. ജെ.പിയുടെ വക ഒരു ചായയും ഓംലറ്റും കഴിച്ച് യാത്ര തുടര്‍ന്നു. നിറയെ പെട്രോള്‍ പമ്പുകളും ലൈറ്റുകളുമുള്ള സ്ഥലമെത്തി നോക്കിയപ്പോ ഞങ്ങള്‍ മാഹിയിലായിരുന്നു. മാഹീലെ പെമ്പിള്ളാരെ കാണാനൊന്നും നിക്കാതെ ഞങ്ങള്‍ വണ്ടി വിട്ടു. പിന്നെ വടകരേന്ന് അടുത്ത കട്ടന്‍ ചായ. അതും കുടിച്ച് യാത്ര തുടര്‍ന്ന് കോഴിക്കോടും കഴിഞ്ഞ് ഞങ്ങള്‍ പോയി. തൊണ്ടയാട് ബൈപ്പാസിലെ തട്ടുകടയായിരുന്നു അടുത്ത സ്റ്റോപ്പ്. ഒടുക്കത്തെ തെരക്കുള്ള കടയില്‍ നിന്നും വെള്ളപ്പവും ചിക്കന്‍ ചുക്കയും കഴിച്ചു. ബൈപ്പാസിലേക്ക് കയറയിതും നാട്ടില്‍ തന്നെ നില്‍കുന്ന ഒരു ഫീലിങ് ആയിരുന്നു മനസ്സില്‍.

കൊണ്ടോട്ടിയിലായിരുന്നു അടുത്ത ചായ സ്റ്റോപ്പ്. അവിടെ എത്തിയപ്പോഴേക്കും സമയം ഒരു മണി ആയിട്ടുണ്ടായിരുന്നു. ചായ കുടിച്ച് ഞാന്‍ ഡ്രൈവര്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. അത് വരെ എത്തിയപോലെ ആയിരുന്നില്ല അവിടുന്ന്. എത്ര ഓടിച്ചിട്ടും വീട്ടിലെത്തുന്നില്ല. അര മണിക്കൂറിന്റെ മരണപ്പാച്ചിലിന് ശേഷം ഞങ്ങള്‍ നാട്ടിലെത്തി. കുളിമുറിയില്‍ കയറി കുളിച്ച് ഡ്രസ് ഇട്ടത് മാത്രം ഓര്‍മയുണ്ട്. പിന്നെ കിടക്കയിലേക്ക് ഒരു വീഴലായിരുന്നു. കണ്ണടച്ചതും  നിറയെ ചുരങ്ങളും വാഹനത്തിന്റെ ലൈറ്റും മാത്രം, ഇടക്കിടെ വാഹനം വെട്ടിക്കുന്നുണ്ടായിരുന്നു.... എന്നാലും ഈ ഒരു യാത്ര ഞാന്‍ ശരിക്കങ്ങ്ട് ആസ്വദിച്ചു. അല്ലേലും പ്ലാന്‍ ചെയ്ത് പോയാല്‍ വല്ലതും നടക്കോ……