Friday, September 14, 2012

അമ്പിളി മാമനെ പ്രണയിച്ച്‌



കുട്ടിക്കാലത്ത് ഗഫൂറിന് ഉമ്മ ചോറു നല്‍കിയിരുന്നത് അമ്പിളിമാമനെ കാണിച്ചു കൊടുത്തായിരുന്നു. ചോറുമായി ഉമ്മയെ കാണുമ്പോള്‍ കരഞ്ഞു തുടങ്ങുന്ന ഗഫൂര്‍ അമ്പിളിമാമനെ കണ്ടാല്‍ കരച്ചില്‍ നിര്‍ത്തും. ചെറുപ്പകാലത്തു തന്നെ ഗഫൂറിന് ആകാശം വിസ്മയമായിരുന്നു... അതിലുപരി ആവേശമായിരുന്നു... നക്ഷത്രങ്ങളും ചന്ദ്രനുമായിരുന്നു ഗഫൂറിന്‍റെ ലോകം. എങ്ങനെയെങ്കിലും അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കണം... അതായിരുന്നു കുട്ടിക്കാലത്ത് ഗഫൂറിന്‍റെ മോഹം. ചന്ദ്രനെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചന്ദ്രനില്‍ പോയിട്ടുള്ളവര്‍ ഗഫൂറിനെ തിരിച്ചറിഞ്ഞു. അമെരിക്കയുടെ ബഹിരാകാശ ഗവേഷണ എജന്‍സിയായ നാസ (നാഷനല്‍ എയറനോട്ടിക്സ് ആന്‍ഡ് സ്പേയ്സ് അഡ്മിനിസ്ട്രേഷന്‍) യില്‍ മീഡിയ റിസോഴ്സ് സെന്‍ററില്‍ അംഗത്വവും നല്‍കി. ഈ അംഗീകാരം നേടുന്ന ഏക മലയാളി, മലപ്പുറം ഹാജിയാര്‍ പള്ളിയിലെ മണ്ണിശ്ശേരി ഖാദര്‍ മാസ്റ്ററുടെയും പി.കെ. മറിയുമ്മയുടെയും മകന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന പ്രൈമറി സ്കൂള്‍ അധ്യാപകന്‍. 




ഇന്നോളം ബഹിരാകാശ യാത്ര നടത്തിയ ആളുകളുടെയെല്ലാം ഫോട്ടോകള്‍, നീല്‍ ആംസ്ട്രോങ് മുതല്‍ സുനിത വില്യംസ് വരെയുള്ള 128 ബഹിരാകാശ യാത്രികരുടെ കൈയൊപ്പുകള്‍, 362 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചാന്ദ്ര പര്യവേക്ഷണത്തിന്‍റെ വിഡിയൊകള്‍, ബഹിരാകാശ നിലയത്തില്‍ നിന്ന് സീല്‍ ചെയ്തു ഭൂമിയിലെത്തിച്ച മൂന്ന് പോസ്റ്റ് കാര്‍ഡുകള്‍, അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ നിന്നു പകര്‍ത്തിയ 12382 ഫോട്ടോകള്‍... ആകാശത്തു നിന്നുള്ള പല കാഴ്ചകള്‍ ഗഫൂറിന് നാസ അയച്ചു കൊടുത്തു. ചന്ദ്രയാന്‍ പദ്ധതിയില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ കൈയൊപ്പുകള്‍, ബഹിരാകാശ യാത്ര വിവരിക്കുന്ന ലക്ഷങ്ങള്‍ വിലവരുന്ന പുസ്തകങ്ങള്‍... ഗഫൂര്‍മാഷിന്‍റെ സൂക്ഷിപ്പുകളില്‍ ആകാശവിസ്മയങ്ങള്‍ ഏറെയുണ്ട്...

ചന്ദ്രനിലെ പാറക്കഷണം

ഇഖ് ലാസ് മന്‍സിലില്‍


നാസയില്‍ നിന്ന് ഗഫൂറിനെ തേടി 2003 ഡിസംബറില്‍ ഒരു സമ്മാനമെത്തി. ചന്ദ്രനില്‍ നിന്നു ശേഖരിച്ച ഒരു പാറക്കഷണം. നാസയുമായി സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ ഗഫൂര്‍ പരിചയപ്പെട്ട മാര്‍ട്ടിന്‍ റസക് എന്ന ശാസ്ത്രജ്ഞന്‍റെ ഇടപെടല്‍ മൂലമാണ് പാറക്കഷണം ഹാജിയാര്‍പള്ളി ഇഖ്ലാസ് മന്‍സിലില്‍ എത്തിയത്. പാറക്കഷണം ആവശ്യപ്പെട്ട് എഴുതിയപ്പോള്‍ ഗഫൂറിനെ തേടിയെത്തിയത് നീണ്ട ഒരു ചോദ്യാവലിയാണ്. ഉത്തരം അയച്ചാലേ കല്ല് ലഭിക്കൂ. ഉത്തരങ്ങള്‍ അയച്ചു കൊടുത്തപ്പോള്‍ മറ്റൊരു നിയമാവലി വന്നു. പാറക്കഷണം ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പാറക്കഷണം നഷ്ടപ്പെട്ടാല്‍ നല്‍കേണ്ട നഷ്ടപരിഹാരവുമൊക്കെയായിരുന്നു അതില്‍ കുറിച്ചിരുന്നത്. പാറ നഷ്ടപെട്ടാല്‍ 4600 ഡോളര്‍ നഷ്ടപരിഹാരം. 

നിയമങ്ങള്‍ അംഗീകരിച്ചപ്പോള്‍ പാറക്കഷണം ഗഫൂറിനെ തേടിയെത്തി. നാല്‍പ്പത്തിരണ്ടു ദിവസത്തിനു ശേഷം പാറ തിരികെ നല്‍കണം എന്നായിരുന്നു വ്യവസ്ഥ. തിരികെ നല്‍കുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ക്കായി പാറക്കഷണം പ്രദര്‍ശിപ്പിക്കാനും അദ്ദേഹം മറന്നില്ല. നാസയുമായുള്ള ബന്ധം അദ്ദേഹത്തിനു നല്‍കിയത് ബഹിരാകാശ ഗവേഷണത്തെ കുറിച്ചുള്ള അറിവ് മാത്രമല്ല. അപൂര്‍വ സൗഹൃദം കൂടിയാണ്. നാസയുടെ മീഡിയ റിസോഴ്സ് സെന്‍റര്‍ ഡയറക്റ്ററായിരുന്ന മാര്‍ട്ടിന്‍ റസക് ഗഫൂറിന്‍റെ ഉറ്റ സുഹൃത്താണ്. സൗഹൃദത്തിന്‍റെ പേരില്‍ മാര്‍ട്ടിന്‍ റസക് നല്‍കിയ മലപ്പുറത്തിന്‍റെ ഉപഗ്രഹ ചിത്രം ഗഫൂര്‍ അഭിമാനത്തോടെ സൂക്ഷിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ താത്പര്യവും പ്രകടിപ്പിച്ചു റസക്. അടുത്ത വര്‍ഷം മലപ്പുറത്തെ തന്‍റെ വീട്ടില്‍ റസക് എത്തുമെന്നാണ് ഗഫൂറിന്‍റെ പ്രതീക്ഷ. 

ചന്ദ്രനിലേക്കൊരു

യാത്ര


ബഹിരാകാശ യാത്രയിലെ സാഹസികതയെയും ചാന്ദ്രപര്യവേഷണത്തെയും കുറിച്ചുള്ള ഗഫൂറിന്‍റെ ക്ലാസ് പ്രശസ്തമാണ്. പാണക്കാട് എംയുഎയുപി സ്കൂളിലായിരുന്നു ആദ്യ ക്ലാസ്. നാസയില്‍ നിന്നു ലഭിച്ച പതിനഞ്ചു കാസറ്റുകള്‍ ഉപയോഗിച്ചായിരുന്നു വിശദീകരണം. ഗഫൂറിന്‍റെ ക്ലാസിലിരുന്നാല്‍ ചന്ദ്രനില്‍ പോയി വന്നതു പോലെയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തിന്‍റെ വിവിധ ഇടങ്ങളിലായി എല്‍പി സ്കൂളുകള്‍ മുതല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ യില്‍ വരെ 1523 ക്ലാസുകള്‍ നടത്തിയിട്ടുണ്ട് ഗഫൂര്‍. ഒരേ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് നടത്തിയതിനുള്ള ലോക റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം. 

കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയിലാണു ഗഫൂറിന്‍റെ ക്ലാസ്. അഞ്ഞൂറ്റമ്പത്തഞ്ചാം ക്ലാസ് ഇന്നും അദ്ദേഹത്തിന് നിലാവുപലെ മനോഹരമായ ഓര്‍മയാണ്. ബഹിരാകാശ ഗവേഷണത്തിനുള്ള ഇന്ത്യയുടെ ഏജന്‍സിയായ ഐഎസ്ആര്‍ഒ അവരുടെ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്യാംപിലായിരുന്നു അത്. ഐഎസ്ആര്‍ഒ യില്‍ നിന്ന് പ്രൊഫ. കുരുവിള ജോസഫ് ക്ലാസ് അവതരിപ്പിക്കാനായി വിളിച്ചപ്പോള്‍ ആദ്യം അമ്പരപ്പായിരുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ക്ലാസ്. 

ക്ലാസ് കഴിഞ്ഞ ഉടനെ മാധവന്‍ നായര്‍ അഭിനന്ദിച്ചു. ആറു വര്‍ഷം ഐഎസ്ആര്‍ഒ യുടെ ചെയര്‍മാനായിട്ടു പോലും ഇത്രയധികം ഫോട്ടോകളും വീഡിയോകളും താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പ്രശംസിച്ചു. ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഏറ്റവുമധികം മാര്‍ക്ക് നല്‍കിയതു ഗഫൂറിന്‍റെ ക്ലാസിനായിരുന്നു. 

ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതു കാണണം... ഗഫൂറിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണിത്. ഗഫൂറിന്‍റെ ചാന്ദ്രസ്വപ്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായുണ്ട് അധ്യാപികയായ ഭാര്യ ഫൗസിയയും ഫഹ്മ, ഫഖീമ, ഫാഖിമ, ഫര്‍ഹ എന്നീ പെണ്‍മക്കളും.

ശിഹാബ് തങ്ങള്‍ക്ക്

നാസ അയച്ച കത്ത്
കുട്ടിക്കാലത്ത് മനസില്‍ കയറിയ അമ്പിളിമാമനോടുള്ള പ്രേമം അബ്ദുള്‍ ഗഫൂറിനൊപ്പം വളര്‍ന്നു. ഉപ്പ സൂക്ഷിച്ചു വച്ച പഴയൊരു പത്രം കണ്ടാണു മനസിലെ മോഹം വീണ്ടുമുണര്‍ന്നത്. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വാര്‍ത്ത അടങ്ങിയ 1969 ജൂലൈ 22, 23 തീയതികളിലെ പത്രമായിരുന്നു അത്. പത്തൊമ്പതു വയസുകാരനായ ഗഫൂര്‍ അന്ന് ടിടിസി കഴിഞ്ഞ് പാണക്കാട് എംയുഎയുപി സ്കൂളില്‍ മലയാളം അധ്യാപകനായി ജോലിക്കു കയറിയ കാലം. 

തന്‍റെ മോഹം അദ്ദേഹം ആദ്യം അറിയിച്ചതു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ. 1991ലായിരുന്നു ആ കൂടിക്കാഴ്ച. നാസയുടെ മീഡിയ റിസോഴ്സ് സെന്‍റര്‍ അംഗത്വം അടക്കമുള്ള നേട്ടങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോഴും ഗഫൂര്‍ തങ്ങളെ ഓര്‍ക്കും. തനിക്കു പറയാനുള്ളതു കേട്ട് തിരിച്ചയക്കുകയായിരുന്നില്ല അദ്ദേഹം. പണക്കാട്ടെ തറവാട്ടില്‍ എന്തിനും പരിഹാരമുണ്ടെന്നു പറയുന്നതു ഗഫൂറിന്‍റെ കാര്യത്തിലും യാഥാര്‍ഥ്യമായി.






മെട്രൊ വാര്‍ത്ത ലൈഫില്‍ 2012 ജൂലൈ 30ന് എഴുതിയ ഫീച്ചര്‍



No comments:

Post a Comment