Monday, May 21, 2012

ആകാശം തൊട്ടൊരു യാത്ര


ആകാശം തൊട്ടൊരു യാത്രയായിരുന്നു ഞങ്ങള്‍ മഞ്ഞൂരിലേക്ക് നടത്തിയത്. ആകാശത്തിന്റെ നിറങ്ങളും ഭൂമിയുടെ വൈവിധ്യങ്ങളും കണ്ടൊരു യാത്ര. രണ്ടു ബൈക്കുകളിലായി നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രാ വിവരണത്തിലാണ് മഞ്ഞൂരിനെ കുറിച്ചു ആദ്യമറിയുന്നത്. അവിടേക്ക് പോയവരുടെ അനുഭവം കൂടി കേട്ടപ്പോള്‍ എന്തായാലും പോകണമെന്ന് തീരുമാനിച്ചു. മെയ് 19നായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും അര്‍ശദും വസീമും അര്‍ശദിന്റെ ഡിസ്‌കവര്‍ ബൈക്കില്‍ കയറി. അങ്ങാടിപ്പുറം വരെ മൂന്നുപേര്‍ പോകണം. അവിടെയാണു സലാം കാത്തുനില്‍ക്കുന്നത്.

അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ സലാം ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേരെ മണ്ണര്‍ക്കാട്ടേക്ക് യാത്ര തിരിച്ചു. റോഡെല്ലം മദ്‌റസയിലേക്ക് പോകുന്ന കുട്ടികള്‍ കൈയ്യടക്കിയിരുന്നു. വെള്ള തൊപ്പിയും ധരിച്ച് മഞ്ഞു പെയ്യുന്ന പ്രഭാതത്തില്‍ എത്ര തവണ ഞാനും ഇതു പോലെ നടന്നിട്ടുണ്ടെന്നോ. കുട്ടികളെ കണ്ടപ്പോള്‍ പണ്ട് മദ്‌റസയില്‍ പോയപ്പോഴുണ്ടായ ഓര്‍മകളാണു മനസ്സിലേക്കു വന്നത്. അട്ടപ്പാടി വഴിയാണ് മഞ്ഞൂരിലേക്കുള്ള യാത്ര. മണ്ണാര്‍ക്കാടു നിന്നും അട്ടപ്പാടി റോഡിലേക്ക് വണ്ടി ഒതുക്കി നിര്‍ത്തി. ഓരോ ചായ കുടിച്ചു യാത്ര തുടരാം എന്നാരോ പറഞ്ഞു. ചായ മാത്രം മതിയോ എന്നായി സംശയം. വിശാലമായി നമുക്ക് പിന്നീട് കഴിക്കാം എന്ന് തീരുമാനിച്ച് ഓരോ കാലിയടിച്ച് യാത്ര തുടര്‍ന്നു.

വളവുകളും തിരിവുകളും മറികടന്ന് ഞങ്ങള്‍ യാത്രതുടര്‍ന്നു. അങ്ങകലെ മലകള്‍ മഞ്ഞു പുതച്ചു കിടക്കുന്നുണ്ടായിരുന്നു. നിറുത്തി നിറുത്തിയായിരുന്നു യാത്ര തുടര്‍ന്നത്. വാഹനം ഒഴിവാക്കി നടന്ന് പോകാന്‍ പലപ്പോഴും തോന്നി. 19 കിലോമീറ്റര്‍ പിന്നിട്ട് മുക്കാലിയില്‍ എത്തി. ഇവിടെ നിന്നും യാത്രയുടെ റൂട്ടിനെ കുറിച്ചു വിശദമായി മനസ്സിലാക്കണം. മുക്കാലിയില്‍ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡാണ് സൈലന്റ് വാലിയിലേക്ക് പോകുന്നത്. നേരെ അഗളി, ആനകട്ടി റോഡും. ഞങ്ങള്‍ക്ക് പോകേണ്ട റൂട്ട് ആര്‍ക്കും നിശ്ചയമില്ല, ഗൂഗിള്‍ മാപ്പില്‍ പരതിയെങ്കിലും റോഡ് കാണാന്‍ കഴിഞ്ഞില്ല. ചെറിയൊരു റോഡ് മുള്ളി വഴി മഞ്ഞൂരിലേക്കുണ്ട് പക്ഷേ അതു അതിര്‍ത്തി കടക്കുന്നതായി മാപ്പില്‍ കാണുന്നില്ല. എന്റെ സഹപ്രവര്‍ത്തകനായിരുന്നു ഹക്കീം മാഷിനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. അദ്ദേഹം മഞ്ഞൂര്‍ യാത്ര ചെയ്തിട്ടുണ്ട്. എല്ലാവരും ഓരോ ചായക്കു പറഞ്ഞു. കഴിക്കാന്‍ വെള്ളപ്പവും പുട്ടുമുണ്ട്. ഇപ്പോള്‍ നമുക്ക് ലഘുവായി കഴിക്കാം മുകളിലെത്തിയിട്ട് വിശാലമാക്കാം എന്നു തന്നെയായിരുന്നു വീണ്ടും തീരുമാനം. വസീമും അര്‍ശദുമായിരുന്നു അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്.

അഗളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനിടെ അഗളി-പുതൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനടത്തും വാഹനം നിര്‍ത്തി. ഹക്കീം മാഷിനെ ഒരിക്കല്‍ കൂടി വിളിച്ചു. അഗളിയിലേക്കെത്തുന്നതിന് മുമ്പായി താവളത്തുനിന്നും തിരിയണമെന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതു തന്നെയായിരുന്നു ഗൂഗിള്‍ മാപ്പിലുള്ള റോഡും. ഫോണില്‍ വഴി ചോദിക്കുന്നത് കേട്ട നാട്ടുകാരന്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്നു. അദ്ദേഹം മലപ്പുറത്ത് 16 വര്‍ഷം ഉണ്ടായിരുന്നത്രെ. അവിടെ നിന്നു തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റര്‍ കൂടി പിന്നിട്ട് താവളത്തെത്തി. അവിടെ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡിന് തിരിഞ്ഞ് മുള്ളിയിലെത്തണം.

വിജനമായ റോഡുകള്‍ താണ്ടി മുള്ളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്രയായി. ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളും വീടുകളും ഞങ്ങള്‍ക്ക് സന്തോഷമേകി. വഴിയിലെങ്ങും തോട്ടങ്ങള്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനിടയിലെപ്പഴോ ഡിസ്‌കവറിന്റെ നിയന്ത്രണം ഞാന്‍ ഏറ്റെടുത്തു. 25 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിന്റെ സ്വഭാവം മാറി. ടാര്‍ ചെയ്യാത്ത റോഡ്. അതിനടുത്ത് മുള്ളി റോഡിന്റെ പുനരുദ്ധരണ പ്രവര്‍ത്തി ഉദ്ഘാടനത്തിന്റെ ബോര്‍ഡ് കണ്ടു. 2008 ല്‍ അന്നത്തെ ഡപ്യൂട്ടി സ്പീകര്‍ ജോസ് ബേബിയാണു ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നാലു വര്‍ഷം കഴിഞ്ഞെങ്കിലും പ്രവര്‍ത്തി എങ്ങുമെത്തിയിട്ടില്ല. ദുഷ്‌കരമായ നാലുകിലോമീറ്റര്‍ പിന്നിട്ട് ഞങ്ങള്‍ മുള്ളിയിലെത്തി.

മദ്രാസ് സ്‌റ്റേറ്റ് ബൗണ്ടറിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. മദ്രാസ് സ്റ്റേറ്റിന്റെ പേര് തമിഴ്‌നാട് എന്നാക്കിയത് അവര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. തമിഴ്‌നാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നും അനുമതി വാങ്ങിയാലേ യാത്ര തുടരാന്‍ കഴിയു. അനുമതി ലഭിച്ചെങ്കിലും ചായക്ക് കാശ് ലഭിക്കാതെ അവര്‍ വിട്ടില്ല. അമ്പത് രൂപ അവിടെ നല്‍കി മുള്ളി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അതിനിടെ വിശക്കുന്നു പെട്ടെന്ന് എന്ന് പറഞ്ഞ് വസീം യാത്രയുടെ സ്പീഡ് കൂട്ടാന്‍ പറയുന്നുണ്ടായിരുന്നു. ഇനി മഞ്ഞൂരെത്തിയാലേ വല്ലതും കിട്ടു. ' രാവിലെ കഴിക്കാന്‍ പറഞ്ഞപ്പോ നീ തന്നെയല്ലേ മുകളിന്ന് കഴിക്കാം എന്ന് പറഞ്ഞത്. അനുഭവിച്ചോ എന്ന് പറഞ്ഞപ്പോ പിന്നെ അവന്‍ മിണ്ടിയില്ല '. 

മഞ്ഞൂരിലേക്കുള്ള യാത്ര ഞങ്ങളുടെ വിശപ്പിനെയെല്ലാം മറികടന്നു. അങ്ങകലെ മഞ്ഞ് പുതച്ച് കിടക്കുന്ന മഞ്ഞൂര്‍ ഞങ്ങളെ മാടി വിളച്ചു. ഗദ്ദൈ ഡാമും പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മുകളിലേക്കെത്തും തോറും ആകാശം അടുത്ത് വരുന്നതായി തോന്നി. ഇടക്ക് എതിര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. അവര്‍ക്ക് തിരിച്ചും. അതിനിടെ അതുവഴി കടന്നു പോയ മലയാളി സംഘം ഞങ്ങളെ നോക്കി കൈവീശി. കുറേ സമയങ്ങള്‍ക്ക് ശേഷം ആളുകളെ കണ്ട സന്തോഷമായിരുന്നു അവര്‍ക്ക്. 43 ഹെയര്‍പിന്നുകളും കടന്ന് മഞ്ഞൂരിലേക്ക്. മൂന്നു റോഡുകള്‍ ചേരുന്നു ചെറിയൊരു അങ്ങാടിയാണു മഞ്ഞൂര്‍. അവിടെയെത്തിയപ്പോള്‍ സമയം ഒരു മണി. ഞങ്ങള്‍ ആദ്യം പരതിയതു ഭക്ഷണം കഴിക്കാനൊരിടമായിരുന്നു. നീലഗിരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഞങ്ങള്‍ അടുത്ത ലക്ഷ്യം ആസൂത്രണം ചെയ്തു. മഞ്ഞൂര്‍ റോഡ് നേരെ പോകുന്നത് അപ്പര്‍ ഭവാനിയിലേക്കാണ്. മഞ്ഞൂരെത്തുന്നതിന് മുമ്പായി പവര്‍ ഹൗസ് റോഡിലൂടെ തിരിഞ്ഞ് ഊട്ടിയിലേക്കും.

അപ്പര്‍ ഭവാനിയിലേക്കുള്ള വഴി കാട്ടിലൂടെയാണ്. അങ്ങനെ യാത്ര അപ്പര്‍ ഭവാനിയിലേക്ക് തീരുമാനിച്ചു. തിരിച്ചു വരവ് നേരത്തെയാണെങ്കില്‍ ഊട്ടിയിലേക്കും കടക്കാം. കാടും മലയും തേയിലതോട്ടങ്ങളും പിന്നിട്ട് അപ്പര്‍ ഭവാനിയിലേക്ക്. ഉയരങ്ങള്‍ പിന്നിടുന്നതിനനസുരരിച്ച് ഒന്നാമത്തെ അകാശവും കടന്ന് മേഘത്തിനുള്ളിലേക്ക് കടക്കുന്നതായി അനുഭവപ്പെട്ടു. കടുത്ത വെയിലിലും തണുത്ത കാറ്റ് യാത്രയുടെ ഹരം കൂട്ടി. തണുപ്പിനെ പ്രതിരോധിക്കാന്‍ ഒന്നും കരുതാത്തതില്‍ നിരാശ തോന്നി. വീണ്ടുമൊരു ചെക്ക് പോസ്റ്റ്. കാട്ടിലേക്ക് കടക്കാന്‍ ഊട്ടിയില്‍ നിന്നും സമ്മതം വേണമത്രെ. ചായ കാശ് തന്നാല്‍ വിടാമെന്നായി അവര്‍. അങ്ങനെ അവര്‍ക്കൊരു 50 രൂപ നല്‍കി യാത്ര തുടര്‍ന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ 5000 രൂപയെങ്കിലും കൊടുക്കേണ്ടി വരുമായിരുന്നു എന്നോര്‍ത്ത് അല്‍പ്പം ആശ്വാസം തോന്നി. പ്രകൃതിയുടെ സൗന്ദര്യം വാഹനം നിറുത്തി നിറുത്തി പോവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിന്നു.


ഡാമിലെത്തിയപ്പോള്‍ സമയം നാലു കഴിഞ്ഞിരുന്നു. വേനല്‍കാലമായതിനാല്‍ ഡാമില്‍ വെള്ളം കുറവായിരുന്നു. അവിടെ നിന്നും നോക്കിയാല്‍ മുകൃതി നാഷണല്‍ പാര്‍ക്ക് കാണം. ഡാമില്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ അരീക്കോട് സ്വദേശികളായി നാലു പേരെകണ്ടു.  അതില്‍ ഒരാള്‍ മുള്ളിയില്‍ താമസമാക്കിയയാളാണ്. തിരിച്ചിറക്കം മുള്ളി വഴിയാക്കേണ്ട എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. രാത്രിയില്‍ ആനയിറങ്ങുമത്രെ. അതു കേട്ടതും വസീമിനു അതു വഴി തന്നെ പോണം. അല്‍പ്പം ഭയമുണ്ടെങ്കിലും ഞങ്ങള്‍ക്കും അതു തന്നെയായിരുന്നു ഇഷ്ടം. ഡാം കടന്ന് കാട്ടിലൂടെ നടന്നാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് മുക്കാലിയെത്താം. സൈലന്റ് വാലിയും മുതുമല നാഷണല്‍ പാര്‍ക്കും നിലമ്പൂര്‍ കാടുമെല്ലാം അടുത്തടുത്താണ്. നടന്ന് പോകാന്‍ കഴിയും പക്ഷേ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ പാടില്ല. ഇപ്പോഴാണെങ്കില്‍ മാവോയിസ്റ്റുകള്‍ക്കായി പൊലീസിന്റെ തിരച്ചിലുമുണ്ട്. അവര്‍ക്കെങ്ങാനും കിട്ടിയാല്‍ പിന്നെ പറയുകയും വേണ്ട.

മതിവരാത്ത കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ അപ്പര്‍ ഭവാനിയോട് വിടപറഞ്ഞു. വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ. തിരിച്ചിറങ്ങുന്നതിനിടെ സലാമിന്റെ വണ്ടിയിലെ പെട്രോള്‍ റിസര്‍വായി. പേടിച്ചായിരുന്നു പിന്നീടുള്ള ഓരോ നിമിശവും യാത്രയായത്. ആറുമണിയോടെ മഞ്ഞൂരെത്തി പെട്രോളാണ് ആദ്യം അന്വേഷിച്ചത്. അടുത്തൊരു കടയില്‍ കിട്ടും പക്ഷേ ലിറ്ററിനും 90 രൂപ നല്‍കണം. അല്ലെങ്കില്‍ 30 കിലോമീറ്റര്‍ പിന്നിട്ട് ഊട്ടിയിലെത്തണം. എന്നാല്‍ നമുക്ക് ഊട്ടിയില്‍ പോകാം വസീം പറഞ്ഞു. കടക്കാരന്‍ കാശ് കുറക്കും എന്നു കരുതി പറഞ്ഞതാണ്. പക്ഷേ അയാള്‍ വിട്ടു തന്നില്ല. ഞങ്ങളും വിട്ടുകൊടുത്തില്ല ഊട്ടി വഴി പോകാന്‍ തന്നെ തീരുമാനിച്ചു. ആനയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയും ആശ്വസവും ഒരു പോലെയുണ്ടായിരുന്നു. ഊട്ടിയിലെത്തുമോ എന്നറിയില്ല എന്തായാലും പോകുക തന്നെ സലാം പറഞ്ഞു. വഴിയിലെവിടെയോ ബ്ലാക്കിന് പെട്രോള്‍ കിട്ടുമെന്ന് പ്രദേശ വാസികളില്‍ നിന്നും അറിഞ്ഞു. അവിടെ നിന്നും അരലിറ്റര്‍ കുപ്പിയില്‍ വാങ്ങി. ഇവിടെ 80 രൂപ മാത്രമേ ലിറ്ററിനൊള്ളൂ. മഞ്ഞൂരില്‍ ഒരു പൊട്രോള്‍ പമ്പിന്റെ സാധ്യതയുണ്ടെന്ന് അര്‍ശദ് എന്നോട് പറഞ്ഞു. ചിന്തിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി.

ഊട്ടിയിലേക്കെത്തും തോറും തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. അവിടെയെത്തിപ്പോള്‍ സമയം രാത്രി എട്ടു മണി. ഫഌര്‍ഷോ നടക്കുന്ന സമയമായതിനാല്‍ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു അവിടെ. താമസമാക്കണോ എന്നു ആലോചിച്ചെങ്കിലും തിരിച്ചിറങ്ങാന്‍ തന്നെയായിരുന്നു തീരുമാനം. ഗൂഡല്ലൂരും നാടുകാണി ചുരവും പിന്നിട്ട് വഴിക്കടവെത്തി. വീടു ലക്ഷ്യമാക്കി ഞങ്ങള്‍ കുതിച്ചു.

നിലമ്പൂരെത്തെയിപ്പോള്‍ സലാം ഞങ്ങളോട് 'സലാം' പറഞ്ഞു. വസീം ഞങ്ങളുടെ വണ്ടിയില്‍ കയറി. ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും പിന്നിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള മഞ്ഞൂരിലേക്ക് ഒരിക്കല്‍ കൂടെ പോകണമെന്നോര്‍ത്ത് കിടന്നു.

Monday, May 7, 2012

നല്ല ബാപ്പാന്റെ നല്ല മോന്‍


ഞങ്ങളുടെ പ്രിയ അധ്യാപകന്‍ മുസമ്മില്‍ സാറിനെ കുറിച്ച് ചെയ്ത സപ്ലിമെന്റില്‍ നിന്നും
' വേര്‍പാട് ആരും ഇഷ്ടപെടുന്നില്ല, എങ്കിലും എല്ലാം വേര്‍പെടുന്നു, പതുക്കെ ഇല്ലാതാവുന്നു, ഒരു നാള്‍ ആരുടെയൊക്കെയോ മനസ്സില്‍ നമ്മളം ഓര്‍മ്മയാവുന്നു '

മഴ നനഞ്ഞ് വെയില്‍ മെല്ലെ നിറയുന്ന ഒരു രാവിലെ ഐ.സി.ജെ ഡയറക്ടര്‍ ബാലകൃഷ്ണന്‍ സാറിന്റെ റൂമിലേക്ക് പെണ്‍കുട്ടികള്‍ ഒളി കണ്ണിട്ട് നോക്കുന്നു. അവര്‍ പരസ്പരം അടക്കം പറഞ്ഞു. ഒരു നല്ല ചെക്കന്‍ വന്നിരിക്കുന്നു. ' ഞാന്‍ ഗന്ധര്‍വ്വനി' ലെ 'നിധീഷ് ഭരദ്വാജി'നെ പോലെ ആ യുവാവ് പെണ്‍കുട്ടികളെ വിസ്മയിപ്പിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ആ യുവാവിനെയും കൊണ്ട് ബാലകൃഷ്ണന്‍ സാര്‍ ക്ലാസില്‍ വന്നു. ഇത് നിങ്ങളുടെ പുതിയ കംപ്യൂട്ടര്‍ സാര്‍ പേര് മുസമ്മില്‍ ടി.പി. മാവൂരിനടുത്ത് ചെറൂപ്പയില്‍ വീട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ചീഫ്എഡിറ്ററുമായ ടി.പി ചെറൂപ്പയുടെ മകന്‍.

ഒന്നാം ക്ലാസില്‍ മറന്നു പോയ അമ്പത്തൊന്നക്ഷരങ്ങളും പെറുക്കി, കംപ്യൂട്ടര്‍ കീബോര്‍ഡിന് മുന്നില്‍ വിയര്‍ത്ത് നില്‍കുമ്പോള്‍ മുസമ്മില്‍ സാര്‍ കൈവിരലുകളിലേക്ക് ആ പഴയ അക്ഷരങ്ങളെ എത്തിച്ചു തന്നു. കടലോര കാഴ്ചകളിലേക്കും മാനാഞ്ചിറയുടെ കപ്പലണ്ടി രസങ്ങളിലേക്കും തിയേറ്ററിന്റെ ആരവങ്ങള്‍ക്കിടയിലേക്കും കൂട്ടുകാര്‍ വഴിപിരിഞ്ഞ് പോവുന്ന, ഏകാന്തമായ സായ്ഹാങ്ങളില്‍ കൂടെയിറങ്ങാന്‍ ആ നല്ല കംപ്യൂട്ടര്‍ അധ്യാപകനെ ഉണ്ടാവറൊള്ളൂ. എല്ലാഴ്‌പോയും പുഞ്ചിരിയോടെ മാത്രമേ സാറിനെ ഞങ്ങള്‍ കണ്ടിട്ടൊള്ളൂ. ആ മുഖം ദേഷ്യത്തോടെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല.

മാഷേ നെറ്റുണ്ടോ എന്ന് ചോദിച്ചാണ് പലരും ലാബിലേക്ക് കയറുന്നത്. പേജ് മേക്കറിനെയും ഫോട്ടോഷോപ്പിനെയും മറന്ന് ഓര്‍കുട്ടിലും ഫേസ്ബുക്കിലും ചേക്കേറുമ്പോള്‍ പിന്നില്‍ കുസൃതിച്ചിരിയുമായി കാതില്‍ നുള്ളാന്‍ മാഷുണ്ടാവും. ആഴ്ചയവസാനം ലാബ് ജേര്‍ണല്‍ ഇറക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ 5.15ന് അടച്ച് പൂട്ടേണ്ട ഐ.സി.ജെയിലെ കംപ്യൂട്ടര്‍ ലാബ് 7.30 വരെയാകും. രണ്ടാം ശനി പോലും ഞങ്ങള്‍ക്ക് വേണ്ടി മാഷ് വന്നു. ഫോര്‍വേഡ് മെസ്സേജുകള്‍ കൊണ്ട് നിറയുന്ന ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്‌സില്‍ മുസമ്മില്‍ സാറിന്റെ ചില മെസ്സേജുകള്‍ ഉറക്കം കെടുത്തി. അതിലെ വാക്കുകള്‍ക്ക് രക്ഷിതാവിന്റെ കാര്‍കശ്യവും അധ്യാപകന്റെ വാല്‍സല്ല്യവും സുഹൃത്തിന്റെ സ്‌നേഹവും നിറഞ്ഞ് നിന്നു.

1983 ആഗസ്റ്റ് ഒമ്പതിന് മാവൂരിനടുത്ത് ചെറുപ്പയില്‍ ടി.പി ചെറൂപ്പ എന്ന ടി.പി ഉണ്ണിമൊയ്തീന്റെയും ടി.സുബൈദയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ജനനം. മണക്കാട് യു.പി സ്‌കൂള്‍, സെന്റ് ക്‌സേവ്യസ് ദേവഗിരി എന്നിവിടങ്ങളില്‍ പത്താംക്ലാസു വരെ പഠനം. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയിയില്‍ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്തു. ശേഷം എറണാകുളം ഭാരത് മാത കോളേജില്‍ നിന്നും മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും. ഇതിനിടയില്‍ തിരുവമ്പാടി സ്വദേശിനി പി.എ ജുവൈരിയയെ ജീവിത സഖിയാക്കി. ഒരു മകനുണ്ട് പേര് മുഹമ്മദ് യാസീന്‍, മുശ്താഖ്, മുംതാസ് എന്നിവര്‍ സഹോദരങ്ങളാണ്..
കൂടുതല്‍ വായനക്ക് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ