Tuesday, June 26, 2012

അതിഥി

മഴ ഇത് എന്നും ഒരു കുളിരായിരുന്നു ..
അതോടൊപ്പം  അസ്വസ്ഥതയും
കാറ്റിന്റെ താളത്തിനനുസരിച്ചു തുള്ളി കൊടുക്കുന്ന മഴ..
അവയെ ഞാന്‍ നെഞ്ചില്‍ ഏറ്റി താലോലിച്ചു ..
പലപ്പോഴും അത് അസ്വസ്ഥതയും സമ്മാനിച്ചു..
എന്നാലും ഞാന്‍ മഴയെ സ്നേഹിക്കുന്നു..അന്നും, ഇന്നും...
കാരണം അതകന്നു പോകുമ്പോഴോന്നും
എന്നോട് വിട പറഞ്ഞിരുന്നില്ല....

അതെപ്പോഴും അതിഥി തന്നെ
 നമ്മള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അതിഥി


കൂട്ടുകാരി ജസീന എഴുതിയത് 

Monday, June 25, 2012

ഓട്ടോ ഫ്രണ്ട്‌സ്‌

കഴിഞ്ഞ വര്‍ഷം ഒരു ഹര്‍ത്താല്‍ ദിവസമാണ് മലപ്പുറം തിരൂര്‍ റോഡിലെ ഫ്രണ്ട്സിനെ മലപ്പുറത്തുകാര്‍ കണ്ടത്. ഓട്ടൊറിക്ഷയില്‍ കയറുകെട്ടി വലിക്കുന്നതു കാണാന്‍ അന്ന് റോഡില്‍ ആളുകൂടി. പെട്രോള്‍ വില കൂടിയതിന് ഓട്ടൊ ഡ്രൈവര്‍മാര്‍ ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതു കേരളത്തിലാദ്യമായിരുന്നു. അതേദിവസം ഉച്ചയ്ക്ക് കാക്കിയിട്ട ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി. വണ്ടി തടയാനാണെന്നു കരുതിയവര്‍ക്കു തെറ്റി. തൂമ്പയും കൈക്കോട്ടുമെടുത്ത് അവരിറങ്ങിയതു  ബൈപാസ് റോഡിലെ കുണ്ടും കുഴിയും നികത്താനായിരുന്നു. ഹര്‍ത്താല്‍ ആഘോഷിക്കാന്‍ പുതിയൊരു വഴി കാണിച്ചുകൊടുത്ത ശേഷം പി.കെ. ഷിഹാബുദ്ദീന്‍ പറഞ്ഞു, ഫ്രണ്ട്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തുകാര്‍ കാണാന്‍ പോകുന്നതേയുള്ളൂ. കൂടെയുണ്ടായിരുന്ന ഷമീറും സലാമും ഒപ്പംചേര്‍ന്നു, ഞങ്ങള്‍ ഒരു തവണ പറഞ്ഞാല്‍...

ഏഴൈക്കെല്ലാം
സ്വന്തക്കാരന്‍...


മലപ്പുറം കോട്ടപ്പടി തിരൂര്‍ ബൈപാസ് റോഡില്‍ രോഗികള്‍ക്ക് ഓട്ടൊക്കൂലി വേണ്ട. രണ്ടുവര്‍ഷം മുമ്പ് ഫ്രണ്ട്സ് എടുത്ത തീരുമാനമാണത്. വൈകുന്നേരം വരെ കിട്ടുന്ന വാടകയില്‍ ചെറിയൊരു തുക നാട്ടിലെ പാവങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുന്ന ഓട്ടൊഡ്രൈവര്‍മാര്‍ കേരളത്തില്‍ വേറെയെവിടെയെങ്കിലുമുണ്ടോ...? 

ആറു വര്‍ഷമായി കോട്ടപ്പടിയില്‍ ഓട്ടൊ ഡ്രൈവര്‍മാരുടെ കൂട്ടായ്മ രൂപീകരിച്ചിട്ട്. സാന്ത്വനം സഹായനിധി, പലിശയില്ലാതെ വായ്പ, ദരിദ്രര്‍ക്കു സാമ്പത്തിക സഹായം, കുടിവെള്ളം വിതരണം... ഫ്രണ്ട്സ് എന്ന ഓട്ടൊഡ്രൈവര്‍മാരുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളമെത്തി. ഇന്നു മലപ്പുറത്ത് എവിടെച്ചെന്നു ചോദിച്ചാലും ഫ്രണ്ട്സിനെ അറിയാം. ഫ്രണ്ട്സ് പോലെയൊരു കൂട്ടായ്മയുണ്ടാക്കണമെന്ന് ഓരോ ജങ്ഷനുകളിലേയും ഓട്ടൊഡ്രൈവര്‍മാര്‍ ആഗ്രഹിക്കുന്നു. ബാഷയില്‍ രജനീകാന്തും ഏയ് ഓട്ടൊയില്‍ മോഹന്‍ലാലും വേറെ എത്രയോ സിനിമകളില്‍ മറ്റു താരങ്ങളും പറഞ്ഞ ഓട്ടൊ ഡ്രൈവര്‍മാരുടെ നന്മ ഇതാ കോട്ടപ്പടി ബൈപാസ് റോഡിലെ ഓട്ടൊ സ്റ്റാന്‍ഡില്‍...

ഒരു തര്‍ക്കത്തിലാണു ഫ്രണ്ട്സിന്‍റെ പിറവി. 2006ലായിരുന്നു അത്. ബൈപാസ് റോഡിലെ ഒരു ഓട്ടൊയില്‍ ബസിടിച്ചു. പരിചയമുള്ള രാഷ്്ട്രീയ നേതാക്കന്മാരെയും നാട്ടുപ്രമാണിമാരെയുമൊക്കെ സമീപിച്ചെങ്കിലും റോങ് സൈഡില്‍ വന്നിടിച്ച ബസുകാര്‍ തര്‍ക്കിച്ചു ജയിച്ചു. നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് ഓട്ടൊക്കാര്‍ ആഗ്രഹിച്ചു. അവര്‍ ഒരുമിച്ചു. ഫ്രണ്ട്സ് ഓട്ടൊ ഡ്രൈവേഴ്സ് എന്ന പേരില്‍ സൗഹൃദക്കൂട്ടായ്മ രൂപീകരിച്ചു. 

പാടാം
നമ്മളിന്നൊന്നല്ലേ...


കോട്ടപ്പടിയിളുള്ളവരെല്ലാം ഇപ്പോള്‍ ഫ്രണ്ട്സിന്‍റെ കൂട്ടുകാരാണ്. നമ്മളോടൊപ്പം ഫ്രണ്ട്സുണ്ടെന്നു പറഞ്ഞു പറഞ്ഞാണ് അവരെല്ലാം ഓട്ടൊഡ്രൈവര്‍മാരുടെ സുഹൃത്തുക്കളായത്. ഓട്ടൊഡ്രൈവര്‍മാരുടെ സംഘടനയ്ക്കപ്പുറത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണു ഫ്രണ്ട്സിനെ മറ്റ് ഓട്ടൊ സ്റ്റാന്‍ഡുകള്‍ക്കു മാതൃകയാക്കിയത്. 

സാന്ത്വനം എന്ന സഹായനിധി ആരംഭിച്ചിട്ട് ഏറെയായിട്ടില്ല. സാമ്പത്തിക സഹായം ആവശ്യമുള്ള രോഗികള്‍ക്കുവേണ്ടി ഫ്രണ്ട്സ് ആരംഭിച്ചതാണു സാന്ത്വനം. മങ്ങാട്ടുപുലം, കാളന്‍തട്ട പ്രദേശത്തുള്ള രോഗികള്‍ക്കാണ് ഇതുവരെ സാന്ത്വനത്തിന്‍റെ സഹായം കിട്ടിയത്. ബൈപാസ് റോഡില്‍ നിന്ന് ഓട്ടൊ വിളിക്കുന്ന രോഗികളോട് വാടക വാങ്ങരുതെന്നും ഫ്രണ്ട്സ് തീരുമാനിച്ചു. രോഗികളുമായുള്ള സവാരിക്കു മീറ്റര്‍ വാടക ഫ്രണ്ട്സ് ഫണ്ടില്‍ നിന്നു ചെലവാക്കും. ഓട്ടൊഡ്രൈവര്‍മാരുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ബൈപാസ് റോഡിലെ വ്യാപാരികളും കച്ചവടക്കാരുമൊക്കെ പങ്കാളികളാണ്. ഫ്രണ്ട്സിന്‍റെ സഹായനിധിക്ക് ഇപ്പോള്‍ അവരുടെയും സംഭാവനയുണ്ട്. ഓട്ടൊഡ്രൈവര്‍മാരുടെ ആശുപത്രി ചെലവിന് പ്രത്യേകം ഫണ്ട് നീക്കിവച്ചിട്ടുണ്ട് ഫ്രണ്ട്സ്. ആവശ്യമെങ്കില്‍ തവണകളായി തിരിച്ചടയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കും. രോഗം ബാധിച്ചു കിടപ്പിലായ ഡ്രൈവര്‍മാരുടെ ബാങ്ക് ലോണ്‍ അടയ്ക്കുന്നതും ഫ്രണ്ട്സാണ്. 

കഷ്ടം വരുമ്പോഴും
നഷ്ടം വരുമ്പോഴും...


ഓട്ടൊ ഡ്രൈവര്‍മാരിലേറെയും ബാങ്ക് ലോണുകളെടുത്തു വണ്ടി വാങ്ങിയവരാണ്. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളുമായി സാമ്പത്തിക ബാധ്യതകള്‍ വേറെ. കടംകയറിയവരെ സഹായിക്കണമെന്നായിരുന്നു ഫ്രണ്ട്സിന്‍റെ തീരുമാനം. ഫ്രണ്ട്സിന്‍റെ ഫണ്ടില്‍ നിന്ന് പലിശയില്ലാതെ പണം വായ്പ നല്‍കിത്തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. അംഗങ്ങളെല്ലാം പത്തു രൂപ വീതം മാസം വരിസംഖ്യ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. വായ്പയ്ക്ക് ആവശ്യക്കാര്‍ കൂടിയതോടെ ചിട്ടികളില്‍ ചേര്‍ന്ന് ഫണ്ട് വിപുലമാക്കി. നാലു ലക്ഷം രൂപ ഇപ്പോള്‍ ഫ്രണ്ട്സ് വായ്പ നല്‍കിയിട്ടുണ്ട്. ഉപാധികളൊന്നുമില്ലാതെയുള്ള പരസ്പരസഹായം. എല്ലാവരും പരിചയക്കാര്‍. സാമ്പത്തികമായി കഷ്ടതയുള്ളവര്‍. ഇവിടെ ആര് ആര്‍ക്കാണ് ഉപാധിവയ്ക്കേണ്ടത്. ഇതുവരെ വായ്പയെടുത്തവരാരും തിരിച്ചടയ്ക്കാതിരുന്നിട്ടില്ല. ഫ്രണ്ട്സിന്‍റെ സാരഥികള്‍ പറയുന്നു. ബൈപാസ് റോഡിലെ ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക് ദുരിതാശ്വാസനിധി സ്വരൂപിക്കാനുള്ള ശ്രമത്തിലാണു ഫ്രണ്ട്സ്. ഹൃദയാഘാതംമൂലം കഴിഞ്ഞ വര്‍ഷം ഒരു സുഹൃത്ത് നഷ്ടപ്പെട്ടപ്പോള്‍ ഈ ഓട്ടൊക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം ഫ്രണ്ട്സിന്‍റെ ജനപിന്തുണ വര്‍ധിപ്പിച്ചു. 

അങ്ങാടിയിലെ
ചങ്ങാതികള്‍


കുറച്ചു കാലമായി മലപ്പുറം നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. അതില്‍ ഫ്രണ്ട്സിന്‍റെ പങ്കു വലുതു തന്നെ. രാവും പകലുമില്ലാതെ ഫ്രണ്ട്സിലെ മെംബര്‍മാര്‍ ഓട്ടൊയുമായി റോഡിലുണ്ട്... 

അവിടെയും അവസാനിക്കുന്നില്ല ഫ്രണ്ട്സിന്‍റെ പ്രവര്‍ത്തന ങ്ങള്‍. നഗരസഭയുടെ കുടിവെള്ള വിതരണം മുടങ്ങിയപ്പോള്‍ ഫ്രണ്ട്സിന്‍റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു. രണ്ടു വര്‍ഷമായി നഗരത്തിലെവിടെയും കുടിവെള്ളം മുടങ്ങിയിട്ടില്ലാത്തതിനു കാരണം ഫ്രണ്ട്സാണെന്നതിന് ഇവിടെയാര്‍ക്കും എതിരഭിപ്രായമില്ല. ക്ഷേമനിധിയില്‍ പണം അടയ്ക്കുന്നവര്‍ക്ക് രസീത് മാത്രം പോരാ, പാസ് ബുക്കും വേണമെന്നു പറഞ്ഞതും വാങ്ങിക്കൊടുത്തതും ഫ്രണ്ട്സാണ്. 

ഈ കൂട്ടുകാര്‍ മാതൃകയാണു കേരളത്തിലെ ഓട്ടൊഡ്രൈവര്‍മാര്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും മറ്റെല്ലാ സംഘടനകള്‍ക്കും. 

വാടക കൂടുതല്‍ വാങ്ങുന്ന ഓട്ടൊഡ്രൈവര്‍മാര്‍ പരിചയപ്പെടുക, കോട്ടപ്പടി ഫ്രണ്ട്സിനെ. അങ്ങനെ, ഓരോ ജങ്ഷനില്‍ നിന്നും പുതിയ ഓട്ടൊഗാഥകള്‍ക്കു വഴിയൊരുക്കട്ടെ ഫ്രണ്ട്സ് ഓട്ടൊ ഡ്രൈവേഴ്സിന്‍റെ മാതൃകാ പ്രവര്‍ ത്തനങ്ങള്‍...

 
മെട്രൊ വാര്‍ത്ത ലൈഫില്‍ എഴുതിയ ഫീച്ചര്‍
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക