Wednesday, July 18, 2012

ഡിഫന്റര്‍


എന്റെ എല്ലാമായ അനീ മാപ്പ്
നീ ക്ഷമിക്കണം ഇനിയും ധൈര്യമായി ജീവിക്കണം ആതിരയ്ക്ക് വേണ്ടി അവള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം. എന്നെ പോലെ നീ അബദ്ധം കാണിക്കരുത്. വേറെ വഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ പൊന്നു പോലെ നോക്കും. നിന്നെ ഉപേക്ഷിച്ചു പോവാന്‍ തീരെ മനസ്സില്ലല്ലോ അനീ. നിങ്ങള്‍ രണ്ടു പേരും എനിക്കു മാപ്പു തരുമെന്ന വിശ്വാസത്തോടെ ഞാന്‍ പോകുന്നു......


8.45 ഞാനവസാനിപ്പിക്കുന്നു.... ഇനിയെഴുതാന്‍ വയ്യ. ഇനിയുംനിന്നോട് സംസാരിച്ചാല്‍ തീര്‍ച്ചയായും എന്റെ മനസ്സ് മാറും. അതാണ് വിളിക്കാതിരുന്നത്.......

ഇന്ത്യന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരനായിരുന്ന വി.പി. സത്യന്‍ അവസാനാമെഴയുതിയ വാക്കുകളില്‍ നിന്നാണിത്. കൊടുങ്കാറ്റു പൊലെ ഫുട്‌ബോള്‍ മൈതാനത്ത് വീശിയടിച്ച് കണ്ണീരിന്റെ നനവാര്‍ന്ന പെരുമഴയായ് അവസാനിച്ച ഇന്ത്യന്‍ ഫുട്‌ബോളിന്റെ നോവായ സത്യന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷമായി. സത്യനു വേണ്ടി ഇന്നു മകള്‍ ആതിര ബലിയിടും. ഇതാദ്യമായാണു സത്യന്റെ ചരമവാര്‍ഷികവും കര്‍കിടക വാവും ഒരുമിച്ചു വരുന്നത്.

2006 ജൂലൈ 18നാണ് ചെന്നൈ പല്ലാവാരം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ സത്യന്‍ ജീവിതത്തിന് സ്വയം ചുവപ്പു കാര്‍ഡ് നല്‍കിയത്. കുതിച്ചു വരുന്ന എതിരാളികളെ തടഞ്ഞു നിര്‍ത്തിയ പ്രതിരോധ നിരക്കാരന് ജീവതത്തിലെ പ്രയാസങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. 1980ല്‍ 16ാം വയസ്സില്‍ പ്രിഡിഗ്രി പഠനകാലത്ത് കണ്ണൂര്‍ ലക്കിസ്റ്റാറിന്റെ ജൂനിയര്‍ ടീമിലൂടെയാണ് സത്യന്റെ അരങ്ങേറ്റം. 1983ല്‍ ലക്കിസ്റ്റാറിന്റെ സീനിയര്‍ ടീമിലെത്തി. അതേ വര്‍ഷം തന്നെ കണ്ണൂര്‍ ജില്ലാ ടീമിലും കളിച്ചു. കേരള ടീമില്‍ അരങ്ങേറ്റം കുറിച്ചതും അതേ വര്‍ഷം തന്നെയായിരുന്നു. കേരള പൊലീസ് ടീം ആരംഭിച്ച 84ല്‍ തന്നെ ടീമിലെത്തിയ സത്യന്‍ ടീമിനെ ഉയരങ്ങളിലേക്ക് നയിച്ചു. 89ല്‍ മുഹമ്മദന്‍സിലേക്ക് പൊയെങ്കിലും വീണ്ടും ടീമില്‍ തിരിച്ചെത്തി. കേരള പൊലീസ് ടീമിനും സംസ്ഥാന ടീമിനും സുവര്‍ണ കാലഘട്ടമായിരുന്നു സത്യന്റേത്.




വി.പി. സത്യനെ കുറിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററി കാണുക







18 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ വിജയ മുത്തമിട്ടപ്പോള്‍ നായകന്‍ സത്യനായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേതൃനിരിയിലുണ്ടായിരുന്ന ബംഗാളായിരുന്നു സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. സുഹൃത്തുക്കളായിരുന്ന ഷറഫലിയും ഐ.എം. വിജയനും അന്നു കളിച്ചിരുന്നത് ബംഗാള്‍ നിരയിലും. ശക്തമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച കേരളം മൂന്ന് ഗോള്‍ വിജയമാണ് ഫൈനലില്‍ സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷവും സന്തോഷ് ട്രോഫി കേരളത്തിലെത്തി. സത്യന്‍ പിന്നണിയിലുണ്ടെങ്കില്‍ ടീമിന്് മൊത്തം അത് പ്രചോദനമായിരുന്നെന്ന് പഴയ സഹതാരങ്ങള്‍ ഓര്‍ക്കുന്നു. ടീമിനെ ഒരുമിച്ചു നിര്‍ത്തുന്നതിലും സത്യന്റെ പങ്ക് വലുതായിരുന്നു. സത്യന്‍ ക്യാപ്റ്റനായ കാലത്താണ് ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 99 ാം സ്ഥാനത്തെത്തിയത്. സമീപകാലത്തെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 86ലെ മെര്‍ദേക്കാ കപ്പില്‍ ദക്ഷിണ കൊറിയയുമായുള്ള സെമി ഫൈ്യൂലില്‍ 80ാം മിനിറ്റു വരെ 3-3 സമനിലയില്‍ നിന്ന കളി സത്യന്റെ ഗോളില്‍ ജയിച്ചത് കായിക പ്രേമികള്‍ക്ക് ഇന്നും മധുരമായ ഓര്‍മയാണ്. 1992ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബംഗാളിലേക്ക് പോയ സത്യന്‍ പൊലീസ് ടീമിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചെങ്കിലും തൊഴില്‍ പരമായ പ്രശ്‌നങ്ങള്‍ അതിന് അനുവധിച്ചില്ല. പിന്നീട് 1995ല്‍ ചെന്നൈ ഇന്ത്യന്‍ ബാങ്ക് ടീമിലേക്ക് മാറുകയായിരുന്നു.

 2001 കോച്ച് ആല്‍ബര്‍ട്ട് ഫെര്‍ണാണ്ടോ മരിച്ചതിനെ തുടര്‍ന്നു ടീമിന്റെ കോച്ചായി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഫൗള്‍ പ്ലേ ആരംഭിച്ചതെന്ന് ഭാര്യ അനിത ഓര്‍ക്കുന്നു. പരുക്കിന്റെ പിടിയില്‍ നിന്നും മുക്തനാവാനായി മരുന്ന് കഴിച്ചത് അദ്ദേഹത്തെ വിഷാദ രോഗത്തിന് അടിമയാക്കി. ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തിരിച്ചു കൊണ്ടുവരാന്‍ അനിത ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞു വീടു വിട്ടിറങ്ങിയ അദ്ദേഹം ജീവതത്തിലെ ലാസ്റ്റ് വിസിലിനു വഴങ്ങുകയായിരുന്നു. 1993ല്‍ മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുത്തതൊഴിച്ചാല്‍ വേണ്ട രീതിയില്‍ അധികൃതര്‍ സത്യനെ തിരിച്ചറിഞ്ഞിട്ടില്ല. മികച്ച കോച്ചിനുള്ള അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹതയുള്ള അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍. എല്ലാവരും അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാന്‍കഴിയുമായിരുന്നെന്നും ഭാര്യ അനിത പറഞ്ഞു.




No comments:

Post a Comment