Tuesday, March 26, 2013

കക്കാടം പൊയിലില്‍ ഒരു ദിവസം




        നിങ്ങക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ..? ഇന്ന് എവിടേക്കാ.... വീട്ടില്‍ നിന്നും ഇറങ്ങുമ്പോ ഉമ്മാന്റെ ചോദ്യത്തിന് എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. ഇടക്കിടെ കാടും മലയും കയറുന്നതായിരുന്നു ഉമ്മാന്റെ പ്രശ്‌നം. ഇന്ന് അരീക്കോട്ടേക്കാണ്. അവിടെ ചെറിയ ഒരു മലയുണ്ട് എന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.

 ഏഴു മണിക്ക് പുറപ്പെടണം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എല്ലാവരും ഒത്തൊരുമിച്ചപ്പോള്‍ സമയം എട്ടായി. കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അഫ്താബ്, സിറാജ് ഫോട്ടോഗ്രാഫര്‍ നാസര്‍, സുഹൃത്തുക്കളായ റഷാദ്, യാസിര്‍, ഷംസു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിനെ കുറിച്ച് കൂടുതല്‍ വിവരം ഇല്ലാത്തതിനാല്‍ തന്നെ നെറ്റില്‍ നോക്കി ചില യാത്രവിവരണങ്ങള്‍ വായിച്ചിരുന്നു. വഴി മനസ്സിലാക്കാനായി ഗൂഗ്ള്‍ മാപ്പും സഹായിച്ചു. അരീക്കോട് വഴിയും നിലമ്പൂര്‍ വഴിയും പോകാം എന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞു നമുക്ക് നിലമ്പൂര്‍ വഴി പോകാം എന്ന്. ഒമ്പത് മണിയോടെ ഞങ്ങള്‍ നിലമ്പൂരെത്തി. നിലമ്പൂര്‍ എത്തിയപ്പോള്‍ അഫ്താബ് ചോദിച്ചു കോവിലകം കാണാന്‍ പോയാലോ..? വന്നതല്ലേ.. പോവാം എന്ന് എല്ലാവരും പറഞ്ഞു. ഒരു പാട് പ്രാവശ്യം നിലമ്പൂരില്‍ വന്നിട്ടും കോവിലകം കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതെന്തായാലും ഇപ്രാവശ്യം കാണാന്‍ കഴിഞ്ഞു.


വെയില്‍ ചൂടാവുന്നതിന് മുമ്പ് ബൈക്ക് യാത്ര തുടരണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ വണ്ടി തിരിച്ചു. അകമ്പാടം വഴിയാണ് ഞങ്ങള്‍ക്ക് പോവേണ്ടത്. ആഡ്യന്‍പാറയിലേക്ക് പോകുന്ന അതേ റോഡ്. അത് അവസാനിക്കുന്നത് കക്കാടം പൊയിലിലാണ്. റോഡിലേക്ക് കയറുന്നതിന് മുമ്പായി ചായ കുടിക്കാന്‍ കയറി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ചായ കുടിച്ചിരുന്നതിനാല്‍ ഞാനും റഷാദും കാലിയില്‍ ഒതുക്കി. ഒരു രസമായിക്കോട്ടെ എന്നു കരുതിയാവണം റഷാദ് പൊടിചായക്കു തന്നെ പറഞ്ഞു.  ജീവിതത്തില്‍ ഇന്നു വരെ അവന്‍ പൊടിചായ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഷംസു പൊറോട്ടക്ക് പറഞ്ഞപ്പോള്‍ എനിക്കും കൊതിയായി. ഞാന്‍ ഒരു കാലി പൊറോട്ടക്ക് പറഞ്ഞു. നല്ല ചൂടുള്ള പൊറോട്ട ചായയുടെ കൂടെ കഴിക്കാന്‍ നല്ല രസമാണ്.
   ചായകുടിയും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആഡ്യന്‍പാറയിലേക്കുള്ള വഴിയും അകമ്പാടവും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. റോഡ് വക്കിലെ തോടുകള്‍ വറ്റികിടക്കുന്നത് കണ്ടപ്പോള്‍ മഴക്കാലമായിരുന്നെങ്കില്‍ യാത്ര അല്‍പ്പം കൂടി രസകരമാവുമായിരുന്നു എന്ന് തോന്നി. 11 മണിയോടടുത്ത സമയത്ത് ഞങ്ങള്‍ മൂലേപ്പാടം പാലത്തില്‍ എത്തി. ഒരു റസ്റ്റ് ആവാമെന്ന് കരുതി പാലത്തിന് സമീപം ഞങ്ങള്‍ വാഹനം ഒതുക്കി നിര്‍ത്തി.

കുറുവന്‍ പുഴയ്ക്കു കുറകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 15നായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. 2005ല്‍ പാലം നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും 2007 ല്‍ മുടങ്ങി. ഒരു ഭാഗം വനഭൂമിയായതാണ് നിര്‍മാണത്തിന് പ്രശ്‌നമായത്. പിന്നീട് ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ ശ്രമഫലമായാണ് സ്ഥലം വിട്ടുകിട്ടയതും നിര്‍മാണം തുടങ്ങാനായതും. ഗൂഗ്ള്‍ മാപ്പില്‍ നോക്കിയാല്‍ ഇവിടെ പാലം കാണില്ല. പകരം കടത്ത് വഴി പോകണം എന്ന നിര്‍ദേശമാണ് ലഭിക്കുന്നത്. മൂന്നരകോടി രൂപ ചെലവിലാണ് പാലം പണി പൂര്‍ത്തിയാക്കിയത്. 25.32 മീറ്ററുള്ള മൂന്ന് സ്പാനോട് കൂടി നിര്‍മിച്ച പാലത്തിന് 75.96 മീറ്റര്‍ നീളമുണ്ട്. (ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് പ്രസ് റിലീസ് തന്നപ്പോള്‍ നോട്ട് ചെയ്തതായിരുന്നു). താഴെ പുഴയിലൂടെ വാഹനം ഇറക്കിയാണ് മുമ്പ് പോയിരുന്നത്.
 മുമ്പ് ഉപയോഗിച്ചിരുന്നതൂക്കുപാലം

 വെള്ളമുള്ള സമയത്ത് ഉപയോഗിച്ചിരുന്ന തൂക്കുപാത്തിന്റെ അവശിഷ്ടവും പുഴയ്ക്കു കുറുകെ കാണുന്നുണ്ട്. പുഴയിലൂടെ വാഹനം ഓടിക്കുന്ന സുഖമറിയാനായി ഞങ്ങള്‍ ബൈക്ക് വെള്ളത്തിലിറക്കി അക്കരെ കടന്നു. അതിനിടയില്‍ കാട്ടില്‍ നിന്നും വിറകു ശേഖരിച്ചു വരുന്നവര്‍ പറഞ്ഞു. അധികം നില്‍ക്കണ്ട ' ഫോറസ്റ്റന്‍മാര്‍' കണ്ടാല്‍ പ്രശ്‌നമാവും. വെറുതേ മാവോയിസ്റ്റുകള്‍ ആവേണ്ടെന്ന് കരുതി ഞങ്ങള്‍ കാട്ടില്‍ നിന്നും തിരിച്ചു കയറി.

യാത്രക്കിടയില്‍ ഒരു അരുവി ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു (കുറുവന്‍ പുഴ ആണെന്ന് തോന്നുന്നു). കുളിക്കാന്‍ പറ്റിയ സ്ഥലമെത്തിയപ്പോള്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. വേനല്‍കാലമായതിനാല്‍ മാത്രമാണ് കുളിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ തന്നെ നല്ല ആഴമുണ്ട്. വെള്ളത്തിന്റെ അടിഭാഗം വരെ നമ്മള്‍ക്ക് കാണാം. മുട്ടുവരെ മാത്രമേ വെള്ളമുണ്ടാവൂ എന്ന് കരുതി നമ്മള്‍ ചവിട്ടിയാല്‍ കഴുത്ത് വരെയെങ്കിലും വെള്ളമുണ്ടാവും. ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചപ്പോഴേക്കും പലര്‍ക്കും വയറ്റില്‍ നിന്നും ഉള്‍വിവിളി തുടങ്ങിയിരുന്നു

ഒരു ഹോട്ടലിന്റെ ബോഡ് കണ്ടതും ബൈക്ക് നിര്‍ത്തി എല്ലാവരും ഓടിക്കയറി. നിര്‍ഭാഗ്യമെന്ന് പറയട്ടെ അവിടെ ഭക്ഷണം തീര്‍ന്നിരുന്നു.  സിനിമയില്‍ ഒക്കെ കാണുന്നത് പോലെ അവിടെ ചെറിയ സംഘങ്ങള്‍ ആയി ആളുകള്‍ ചീട്ട് കളിച്ചു കൊണ്ടിരിക്കുന്നു. അടുത്ത സ്ഥലത്തു നിന്നെങ്കിലും ഭക്ഷണം കഴിക്കണം എന്ന് വിചാരിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. രണ്ടു മണിയ്ക്ക് ഞങ്ങള്‍ കക്കാടം പൊയിലില്‍ എത്തി.ഹോട്ടല്‍ ഹില്‍പാലസിലേക്കാണ് ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ കയറിയത്‌. റസ്റ്ററന്റിലേക്ക് കയറിയതും സ്ഥിരം കാണുന്ന ഒരു മുഖം അവിടെ ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ അഫ്താബിനെ പലയിടങ്ങളില്‍ നിന്നും കാണുന്നതാവും അദ്ദേഹം അവനെ പരിചയമുള്ള രൂപത്തില്‍ നോക്കി. അവന്‍ സ്വയം പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.പി യും പ്രമുഖ എന്‍.ആര്‍.ഐ ബിസ്‌നസ്‌കാരനുമായ പി.വി അബ്ദുല്‍ വഹാബ് ആയിരുന്നു അത്. അദ്ദേഹത്തിന് അവിടെ കുറച്ചു സ്ഥലമുണ്ടത്രെ അത് കാണാനായി വന്നതാണ്. അവര്‍ ഭക്ഷണം കഴിച്ചു തീര്‍ന്നിരുന്നു. ഞങ്ങള്‍ ആറു പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം ഞങ്ങളുടെ ബില്ല് കൊടുത്തു.  രണ്ട് കിലോ പൂവന്‍ പഴയും ഞങ്ങള്‍ക്ക് വാങ്ങി തന്ന് അദ്ദേഹം പിന്നീട് കാണാം എന്ന് പറഞ്ഞ് ഇറങ്ങി.

ഹോട്ടല്‍ ഹില്‍പാലസില്‍ പി.വി അബ്ദുല്‍ വഹാബിന്റെ കൂടെ
നിലമ്പൂര്‍ കരുളായി സ്വദേശി ചന്ദ്രേട്ടന്റേതാണ് ഹില്‍പാലസ്. നല്ല അടിപൊളി ഭക്ഷണം. മീന്‍ പൊരിച്ചതും കൂടി ചേരന്നപ്പോ എല്ലാവരും വയറ് നിറച്ച് കഴിച്ചു. 27 വര്‍ഷമായി ചന്ദ്രേട്ടന്‍ കക്കാടം പൊയിലില്‍ എത്തിയിട്ട്. അവിടെ നിന്ന് കല്ല്യാണവും കഴിച്ച് സ്ഥിര താമസമാക്കി. ഇടക്ക് നാട്ടില്‍ പോകും.  ഫോണ്‍ സൗകര്യമുള്ളത് കൊണ്ട് പലപ്പോഴും ഫോണ്‍ വിളിയില്‍ ഒതുങ്ങും. സന്ദര്‍ശിക്കാനുള്ള സ്ഥലത്തെ കുറിച്ച് ഞങ്ങള്‍ ചന്ദ്രേട്ടനോട് ചോദിച്ച് മനസ്സിലാക്കി. കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശിഗുഹയുമാണ് പ്രധാനമായും ഉള്ളത്.

മലപ്പുറം കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണ് കക്കാടം പൊയില്‍. മലപ്പുറത്ത് ഭക്ഷണമുണ്ടാക്കി കോഴിക്കോടിരുന്ന് കഴിക്കാന്‍ ഭാഗ്യമുള്ള അപൂര്‍വ വീടും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പഴശ്ശിഗുഹയും കോഴിപ്പാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണ് (ഉറപ്പില്ല, അവലംബം ആവശ്യമാണ്).

മലപ്പുറം ജില്ലയിലേത് ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോടുള്ളത് കൂടരിഞ്ഞി പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്നു. നമുക്ക് മലപ്പുറത്തേക്ക് വരാം. ചാലിയാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡാണ് കക്കാടം പൊയില്‍..  15 കിലോമീറ്റര്‍ അകലെ അകമ്പാടത്താണ് ചാലിയാര്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൂലേപ്പാടം പാലം വരുന്നത് വരെ അങ്ങോട്ടുള്ള യാത്ര ദുഷ്‌കരമായിരുന്നു. കുറുവന്‍ പുഴ നിറഞ്ഞൊഴുകിയാല്‍ കൂടരഞ്ഞി അരീക്കോട് വഴി 60 കിലോമീറ്ററില്‍ അധികം ചുറ്റി വേണം അകമ്പാടത്തെത്താന്‍....


90 ശതമാനവും കര്‍ഷകരാണ് ഇവിടെ താമസിക്കുന്നത്. കോഴി ഫാമുകള്‍ ധാരളമുണ്ട്. അടക്ക, കുരുമുളക് എന്നിവയായിരുന്നു മുമ്പ് കൃഷി ചെയ്തിരുന്നത്. കാര്‍ഷിക മേഖല ലാഭത്തിലല്ലാത്തതാണ് ഫാമുകള്‍ ഉണ്ടാക്കാന്‍ കാരണം.

ഗുഹ കണ്ടിട്ട് വെള്ളച്ചാട്ടത്തില്‍ വരാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. നായാടിപാറയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ടാറിട്ട റോഡ് അവസാനിച്ചിടത്ത് ബൈക്ക് നിര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു വീടിനു മുന്നിലാണ് നിര്‍ത്തിയത്. അവരോട് വഴി ചോദിച്ച് മനസ്സിലാക്കി. വയാനാട്ടില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്ര മധ്യേ പഴശ്ശി തങ്ങിയ ഗുഹയാണത്രെ ഇത്. ഇവിടെ നിന്നും വയനാട്ടിലേക്ക് തുരങ്കമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. വഴി അറിയാന്‍ അടയാളം ഇല്ലാത്തതിനാല്‍ ചോദിച്ച് ചോദിച്ചാണ് യാത്ര പോയത്. അതിനിടെ രണ്ടു പേരെ വഴിയില്‍ നിന്നും കിട്ടി. അവരുടെ കൂടെ പോയി വെള്ളം ഒലിച്ചു വരുന്ന പാറയുടെ സമീപത്താണ് എത്തിയത്. അതു വഴി കയറിയില്‍ പെട്ടെന്ന് എത്താം അവര്‍ പറഞ്ഞു. കുത്തനെയുള്ള കയറ്റം സാഹിസകമായി തന്നെ ഞങ്ങള്‍ കയറി. കയറി കയറി അവസാനം മലയുടെ മുകളില്‍ ആണ് എത്തിയത്. അവിടെ എത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത് വഴി തെറ്റി എന്ന്. തിരിച്ച് എങ്ങനെ ഇറങ്ങും എന്നതായിരുന്നു എല്ലാവരുടെയും മനസ്സില്‍. കയറിയ വഴി എന്തായാലും ഇറങ്ങാന്‍ കഴിയില്ല.


ഞങ്ങള്‍ക്കു മുമ്പേ മല കയറിയവര്‍ ഒരു പൊട്ടു പോലെ മറ്റൊരു മലയുടെ മുകളില്‍ നില്‍കുന്നുണ്ടായിരുന്നു. ഒരു കയറ്റമുണ്ടെങ്കില്‍ ഇറക്കവുമുണ്ടാവുമല്ലോ ? ഞങ്ങള്‍ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. കുറച്ചു കൂടെ മുന്നോട്ടു നടന്നപ്പോള്‍ ഒരു ചവിട്ടു വഴി കണ്ടു. കുത്തനെയുള്ള ഇറക്കമാണെങ്കിലും കയറിയ വഴിയെ അപേക്ഷിച്ച് 25 ശതമാനം പോലും പ്രയാസമുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് ഞങ്ങള്‍ താഴെ എത്തി. ഗുഹ എവിടെ ? ചോദിക്കാന്‍ ആരെയെങ്കിലും കാണേണ്ടെ. അടുത്തുള്ള വീട്ടില്‍ ചോദിക്കാനായി കയറിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല. അഫ്താബ് ഒഴികെ മറ്റാരും ഗുഹ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. വന്നതല്ലേ നമുക്ക് ഒന്നു കൂടെ നോക്കാം ഞാന്‍ പറഞ്ഞു. നിങ്ങള്‍ പോയി വരൂ ഞങ്ങള്‍ ബൈക്കിനടുത്ത് ഉണ്ടാവും. അവര്‍ പറഞ്ഞു. ഞാനും അഫ്താബും വീണ്ടും കയറി. അല്‍പം കഴിഞ്ഞ് ഇടത്തോട്ട് വഴി ഉണ്ട് അതിലൂടെ പോവാനാണ് അവര്‍ നിര്‍ദേശിച്ചിരുന്നത്. ഇടത്തോട്ടുള്ള വഴിയിലൂടെ പോയ ഞങ്ങള്‍ എത്തിയത് കാട്ടിലാണ്. കുറച്ചു കൂടെ മുന്നോട്ട് പോയപ്പോള്‍ വലിയ പാറക്കൂട്ടം കണ്ടു. ലക്ഷ്യസ്ഥാനത്ത് എത്തി എന്ന് തോന്നിയെങ്കിലും ഗുഹ കാണാന്‍ കഴിഞ്ഞില്ല. അവിടെ കിടന്ന് കുറെ കറങ്ങി. മറ്റൊരു വഴിയിലൂടെ നടന്നെങ്കിലും ഞങ്ങള്‍ പുറപ്പെട്ട അതേ സ്ഥലത്താണ് എത്തി ചേര്‍ന്നത്. ഇനി ഏതായാലും അടുത്ത വരവിന് കാണാം എന്ന് പറഞ്ഞ് നിരാശയോടെ ഞങ്ങള്‍ പുറത്തിറങ്ങി.


ഗുഹയില്‍ മുമ്പ് പഴശ്ശിയുടെ വാളും സിംഹാസനവും ഉണ്ടായിരുന്നത്രേ. താഴെ വഴി ചോദിച്ചപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞതായിരുന്നു. പിന്നിടെപ്പഴോ അത് ആരോ അടിച്ചു കൊണ്ടു പോയി. എങ്ങനെ കൊണ്ട് പോവാതിരിക്കും. ചരിത്രപരമായി ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്തെ സംരക്ഷിക്കുന്നത് പോയിട്ട് അടയാളത്തിന് ഒരു ബോഡ് വെക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.


അടുത്ത ലക്ഷ്യം കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. പല തട്ടുകളിലായാണ് കോഴിപ്പാറ വെള്ളചാട്ടം. വെള്ളം കണ്ടതും എല്ലാവരുടെയും മനസ്സില്‍ വീണ്ടും ലഡു പൊട്ടി. മറ്റൊന്നും ചിന്തിക്കാതെ വീണ്ടും ഒരു കുളി. ഇത്രയും തണുത്ത വെള്ളത്തില്‍ ആദ്യമായാണ് ഞങ്ങള്‍ കുളിക്കുന്നത്. സമയം ആറു മണി കഴിഞ്ഞിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ കോഴിപ്പാറയോട് വിടപറഞ്ഞു. അരീക്കോട് വഴിയാണ് ഞങ്ങള്‍ തിരികെ പോയത്. പോകുന്ന വഴിയില്‍ ചന്ദ്രേട്ടന്റെ കടയില്‍ കയറി ഒരു ചായ കുടിച്ചു. ഗുഹ കാണാന്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ കക്കാടം പൊയിലിനോട് യാത്ര പറഞ്ഞു.


ഒമ്പത് മണിയോട വീട്ടിലെത്തിയ ഞാന്‍ ഗൂഗഌല്‍ ഒന്നു കൂടെ പരതി. പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വന്യ ജീവികള്‍ ഉണ്ടത്രെ. !. പടച്ചോനെ ഭാഗ്യം ... എന്തായാലും ഉടനെ ഒരു യാത്ര കൂടെ പോകണം എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ കിടന്നു.

കക്കാടം പൊയില്‍ റൂട്ട്
മലപ്പുറത്തുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടു വഴികള്‍ ഉണ്ട്


1. മലപ്പുറം -  മഞ്ചേരി - അരീക്കോട് - തോട്ടുമുക്കം- കക്കാടം പൊയില്‍

2. മലപ്പുറം -  മഞ്ചേരി - നിലമ്പൂര്‍ - അകമ്പാടം (ആഡ്യന്‍പാറ റോഡ്) - കക്കാടം പൊയില്‍

3. കോഴിക്കോട് - മുക്കം - കക്കാടം പൊയില്‍ .



നിലമ്പൂര് നിന്നും തിരുവമ്പാടി നിന്നും കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.