Tuesday, January 13, 2015

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍



നിങ്ങള്‍ ഒരു സഞ്ചാര പ്രിയനാണോ.? വെള്ളച്ചാട്ടത്തിലെ കുളി ഇഷ്ടപെടുന്നവനാണോ.. എന്നാല്‍ തീര്‍ച്ചായായും ഈ വെള്ളച്ചാട്ടങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കണം. ഇതില്‍ ഇടം പിടിക്കാത്ത ഒരു പാട് എണ്ണം ഉണ്ടാവാം എന്റെ കാഴ്ചയില്‍ ഇഷ്ടപെട്ടത് മാത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ( എന്‍.ബി: മലപ്പുറത്തിനാണ് മുന്‍ഗണന.)

പാലൂര്‍കോട്ട


പെരിന്തല്‍മണ്ണ - പടപ്പറമ്പ് റോഡില്‍ കടുങ്ങപുരത്ത് നിന്നും മൂന്ന് കിലോമീറ്റര്‍. രണ്ട് തട്ടുകളിലായാണ് ഇവിടെ വെള്ളച്ചാട്ടമുള്ളത്. ചെറിയൊരു ട്രിക്കിങിനും സൗകര്യമുണ്ട്. മഴക്കാലത്തും മഴക്കാലം അവസാനിച്ച ഉടനെയുമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. വേനല്‍കാലത്ത് വെള്ളമുണ്ടാവില്ല. സ്വാതന്ത്ര സമരകാലത്ത് സമര നായകര്‍ ഇവിടെ ഒളിവില്‍ പാര്‍ത്തിരുന്നെന്ന് പറയപ്പെടുന്നു. മുമ്പ് ഇവിടെ ടിപ്പു സുല്‍ത്താന്റെ കോട്ട ഉണ്ടായിരുന്നെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയാണത്രെ പാലൂര്‍കോട്ടയെന്ന പേര് ലഭിച്ചത്.

മലപ്പുറത്ത് നിന്നും 17 കിലോമീറ്റര്‍.



വഴി. മലപ്പുറം - ചട്ടിപറമ്പ് - പടപ്പറമ്പ് - കടുങ്ങപുരം - പാലൂര്‍കോട്ട

മലപ്പുറം - കൂട്ടിലങ്ങാടി - രാമപുരം - കടുങ്ങപുരം - പാലൂര്‍കോട്ട

ഒലി 




വയനാട് കുറുവ ദ്വീപിന് സമാനമായ സ്ഥലം. ചുറ്റും മനോഹരിയായ കാട്. സന്ദര്‍ശകരുടെ ബഹളമില്ല. കുളിക്കാനും മനസ്സ് നിറയെ ആസ്വദിക്കാനുമുള്ള ഒരിടം. മഴക്കാലം കഴിഞ്ഞ ഉടനെയാണ് ഏറ്റവും അനുയോജ്യമായ സീസണ്‍. മലപ്പുറത്ത് നിന്നും 40 കിലോ മീറ്റര്‍

വഴി. മലപ്പുറം - മഞ്ചേരി- എടവണ്ണ - പുള്ളിപ്പാടം - ഓടായിക്കല്‍ - ഒലി വെള്ളച്ചാട്ടം

കൊലകൊല്ലി 



അധികമൊന്നും പ്രശസ്തമാകാത്ത ഒരിടമാണിത്. ഞാനും ഒരിക്കല്‍ വഴി തെറ്റി എത്തിയതായിരുന്നു. മഴക്കാലത്ത് മാത്രം സന്ദര്‍ശിക്കുക. അരീക്കോട് ഒതായി റോഡില്‍ പൂവത്തികലില്‍ നിന്നും തിരിഞ്ഞ് പോവുക

കോഴിപ്പാറ 




നിലമ്പൂരിലെ ഹില്‍ സ്റ്റേഷനായ കക്കാടംപൊയിലില്‍ സ്ഥിതി ചെയ്യുന്നു. കോഴിക്കോട് - മലപ്പുറം - വയനാട് ജില്ലകളുടെ അതിര്‍ഥി കൂടിയാണ് കക്കാടംപൊയില്‍. ഏത് കാലത്തും സന്ദര്‍ശിക്കും. കനത്ത മഴയുള്ളപ്പോള്‍ സന്ദര്‍ശനം ഒഴിവാക്കുന്നത് ഉത്തമം. ഈ സമയത്ത് സന്ദര്‍ശിക്കുന്നവര്‍ക്ക് കുളിക്കാനുള്ള അവസരം നഷ്ടമാവും. വേനല്‍കാലത്തും അത്യാവശ്യം വെള്ളമുള്ള സ്ഥലം.

മലപ്പുറം - മഞ്ചേരി - നിലമ്പൂര്‍ - അകമ്പാടം - കക്കാടംപൊയില്‍

മലപ്പുറം - മഞ്ചേരി - അരീക്കോട് - തോട്ട്മുക്കം - കക്കാടംപൊയില്‍

ആറ്റ്‌ല വെള്ളച്ചാട്ടം ( ആറല്‍)




പാലക്കാട് ജില്ലയില്‍ മീന്‍വല്ലം വെള്ളച്ചാട്ടത്തിന് സമീപം. ദുര്‍ഘടമായ പാത. ജീപ്പുണ്ടെങ്കില്‍ നിങ്ങള്‍ നടത്തം കുറയ്ക്കാം. ഇല്ലെങ്കില്‍ കാല്‍നട തന്നെ രക്ഷ. അല്‍പ്പം ധൈര്യമുണ്ടെങ്കില്‍ മറ്റ് വാഹനങ്ങളും പരീക്ഷിക്കാം. പക്ഷേ വാഹനത്തിന്റെ പരിപ്പ് ഇളകാന്‍ സാധ്യതയുണ്ട്. ഈ സ്ഥലം ഒരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളെന്ത് യാത്രികനാണ്. കരിമലയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ വൈദ്യുതിയുത്പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബിക്ക് പദ്ധതിയുണ്ട്. പത്ത് വര്‍ഷമായി സര്‍വെ കഴിഞ്ഞിട്ട്. മഴക്കാലം കഴിഞ്ഞ ഉടനെ സന്ദര്‍ശിക്കുക. മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും.

വഴി. മലപ്പുറം - പെരിന്തല്‍മണ്ണ - മണ്ണര്‍ക്കാട് - കല്ലടികോട്- മൂന്നേക്കര്‍ - ആറ്റ്‌ല വെള്ളച്ചാട്ടം

കേരളാംകുണ്ട്.



സാഹസിക യാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്നു. ഏത് വേനല്‍കാലത്തും ശുദ്ധമായ വെള്ളമുണ്ടാവും. മുകളില്‍ നിന്നും താഴേക്ക് വലിയൊരു കുഴിയിലേക്ക് വെള്ളം പതിക്കുന്നു. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി കുളിക്കാം. ഇല്ലത്ത് നിന്നും പറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയാണ് താഴേക്ക് ചാടുമ്പോള്‍. സെകന്റുകള്‍ വായുവില്‍ നില്‍കുന്ന ഒരു അനുഭൂതി ലഭിക്കും.

മലപ്പുറം - പാണ്ടിക്കാട് - കരുവാരക്കുണ്ട് - കല്‍കുണ്ട് - കേരളാംകുണ്ട്.

Thursday, January 1, 2015

കൊടികുത്തിമല



     കൂടുതല്‍ വിവരണം നല്‍കി ചെളമാക്കുന്നില്ല. യാത്രാ വിവരണം എഴുതാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നാണ് എല്ലാരും പറയുന്നത്. എന്റെ എഴുത്തിന് പഞ്ചില്ലത്രെ.

     മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. സമുദ്ര നരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.  കുളിരേകുന്ന കാലാവസ്ഥയാണെപ്പോഴും. ഭരണ നിര്‍വഹണ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ദേശീയ സര്‍വെ നടപ്പാക്കി സ്ഥലങ്ങളുടെ ദിക്കുകള്‍ അറിയാന്‍ കൊടികുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. മലബാറില്‍ നടന്ന സര്‍വെയില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശം എന്ന നിലക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മലമുകളില്‍ വെളുത്ത കൊടികുത്തി വെച്ചു. അന്ന് മുതലാണ് കൊടികുത്തിമലയെന്ന പേര് വന്നത്.പെരിന്തല്‍മണ്ണയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല. വടക്ക് തെക്കന്‍മലയും, പടിഞ്ഞാറ് മണ്ണാര്‍ മലയും, കിഴക്ക് പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ജനവാസകേന്ദ്രങ്ങളുമാണ്. മലയില്‍ 225 ഏക്കറോളം സ്ഥലം വനം വകുപ്പിന്റെ കൈവശമാണ്.
  മലമുകളില്‍ നിന്ന് നോക്കിയാല്‍ കുന്തിപുഴ കാണാം. പടിഞ്ഞാറ് അറബികടല്‍, കിഴക്ക് പശ്ചിമഘട്ട പര്‍വത നിരകള്‍, തെക്ക് കുന്തിപുഴ, ഭാരതപുഴ, നിരന്ന വയലുകളും വടക്ക് ഭാഗം കുന്നുകളും കൃഷിതോട്ടങ്ങളും മലമുകളില്‍ നിന്ന് അല്‍പം മാറി നിന്നാല്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രധാന നഗര കാഴ്ചകളും കാണാനാവും. 

വഴി

കോഴിക്കോട് - പാലക്കാട് റൂട്ടില്‍ പെരിന്തല്‍മണ്ണക്കടുത്ത് അമ്മിനിക്കാട് നിന്നും ആറ് കിലോമീറ്റര്‍