Thursday, November 6, 2014

സ്വര്‍ഗത്തിലൂടെ ഒരു യാത്ര


  ദൈവ മാര്‍ഗത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രകൃതി മാര്‍ഗത്തില്‍ വിശ്വസിക്കുന്നവര്‍ക്കും തങ്ങളുടെ മാര്‍ഗങ്ങളിലേക്ക് കൂടുതലടുക്കാനുള്ള വഴിയാണ് ഓരോ യാത്രകളും. സഞ്ചാരം വിനോദം മാത്രമല്ല. അതൊരു സംസ്‌കാരം കൂടിയാണ്. യാത്രയെ ഇഷ്ടപെടുകയും അതൊരു സംസ്‌കാരമാക്കുകയും ചെയ്തവരുടെ കൂടെയായിരുന്നു മൂന്ന് ദിവസം.



യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ മൂന്നാര്‍ ക്യാംപ് എന്ന് കേട്ടതും മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. നീലകുറിഞ്ഞി പൂത്തു എന്ന് കേട്ടതായിരുന്നു മൂന്നാറിലേക്ക് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ആ സാധനം കാണാന്‍ പറ്റിയില്ലെന്നത് വേറെ കാര്യം. മാട്ടുപെട്ടി ഭാഗത്തായിരുന്നത്രെ പൂത്തിരുന്നത്. ഞങ്ങള്‍ എത്തുന്നതിന് മുമ്പേ അതൊക്കെ കരിഞ്ഞുണങ്ങി പോയിരുന്നു. മൂന്നാറില്‍ ഇനി 2018 ലെ കുറിഞ്ഞി കാണാന്‍ പറ്റൂ. ഞങ്ങള്‍ നാല് പേര്‍ ഒരുമിച്ചായിരുന്നു യാത്ര. ചങ്ങരംകുളത്ത് നിന്നും അനീസിന്റെ കാറില്‍ മൂന്നാറിലെത്താനാണ് പ്ലാന്‍ ചെയ്തത്. ഞാനും അനൂപും മലപ്പുറത്ത് നിന്നും ബൈക്കില്‍ ചങ്ങരംകുളത്തെത്തി. ഞങ്ങളെ കാത്ത് കിഫാത്ത് അവിടെ നില്‍കുന്നുണ്ടായിരുന്നു. രാത്രി 11 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. രാവിലെ ഏഴിന് അവിടെയെത്തിയാല്‍ മതി. തൃശൂര്‍ ഹൈവേയില്‍ എത്തിയതും കനത്ത മഴ യാത്രക്ക് ഹരം പകര്‍ന്നു.. അങ്കമാലി- പെരുമ്പാവൂര്‍ - അടിമാലിയായിരുന്നു റൂട്ട്. ഇടക്ക് പെരുമ്പാവൂരില്‍ ഇറങ്ങി ഓരോ ചായയും ഓംലറ്റ്‌ കഴിച്ചു. അടുത്ത സ്റ്റോപ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു. ആറ് മണിയോടെ ഞങ്ങള്‍ മൂന്നാറിലെത്തി. സുബ്ഹ് നിസ്‌കരിച്ച് കഴിഞ്ഞപ്പോഴേക്കും ക്യാംപിനുള്ളവര്‍ അവിടെ എത്തിയിരുന്നു. ആലുവയില്‍ ട്രെയ്‌നിറങ്ങി ബസ് വഴിയാണ് അവര്‍ എത്തിയത്. 

ഇരവികുളം നാഷനല്‍ പാര്‍ക്കിന്റെ കീഴിലാണ് പ്രകൃതി പഠന ക്യാംപ്. ഞങ്ങള്‍ക്കുള്ള താമസം മൂന്നാറിലാണ് ഒരുക്കിയിട്ടുള്ളത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥലമായതിനാലാണ് മൂന്നാറിന് ഈ പേര് കിട്ടിയത്. മൂന്നാറിന്റെ ചരിത്രവും വര്‍ത്തമാനവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അവിടേക്ക് ഞാന്‍ പോകുന്നില്ല.

ക്യാംപിനെത്തിയവരില്‍ അധികവും പരിചിത മുഖങ്ങള്‍. എത്രയാളുകള്‍ ഉണ്ടെങ്കിലും ഒരു മുഷിപ്പും ഉണ്ടാകാറില്ല എന്നതാണ് ഈ സംഘത്തിന്റെ പ്രത്യേകത. അതിന് കാരണവുമുണ്ട്. യാത്ര ഒരു സംസ്‌കാരമായാണ് എല്ലാവരും കാണുന്നത്. സ്വന്തം നാട്ടിലെ കൂട്ടുകാരുമായി പോയാല്‍ പോലും ചിലപ്പോള്‍ ഇത്രയും രസകരമാവാറില്ല .ക്യാംപിലെത്തി അല്‍പ്പം വിശ്രമിച്ചതും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡിയായി. നല്ല വെള്ളപ്പവും കടലക്കറിയും.  ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബസ് അവിടെ എത്തിയിരുന്നു. രാജമലയിലേക്കുള്ള ട്രക്കിങായിരുന്നു ആദ്യ പരിപാടി. തേയിലതോട്ടവും കാടും കടന്ന് ഞങ്ങള്‍ നടന്ന് കൊണ്ടിരുന്നു. പ്രകൃതി പഠന ക്യാംപിനെത്തുന്നവര്‍ക്കാണ് ഈ വഴികളിലൂടെ നടക്കാനവസരമുള്ളത്.  വിനോദ സഞ്ചാരികളായെത്തുന്നവരെ സാധാരണയായി നടക്കാന്‍ സമ്മതിക്കാതെ വഴികളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. യാത്രക്കിടയില്‍ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് നിശാശലഭത്തെ കണ്ടു. ( അറ്റ്‌ലസ് ആണെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല)
കണ്ടു. 


ഇതായിരുന്നു ആ സംഘം.. ഞാന്‍ ക്യാമറയുടെ ഇപ്പുറത്ത്‌



കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലാണ് ഇരവികുളം ദേശീയോദ്യാനം. ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. നോകെത്താ ദൂരത്തെ മലനിരകളും  പുല്‍മേടുകളും കൂടുതല്‍ മനോഹരമാക്കുന്ന ഇവിടം  ജീവിതത്തിലൊരിക്കലെങ്കിലും കാണണം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ  ആനമുടി ഇരവികളുത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണ് ആനമുടി. വരയാടുകളുടെ ആവാസ വ്യവസ്ഥ പരിചയപ്പെടാനും കാണാനുമുള്ള അവസരം രാജമലയിലുണ്ട്. 

താര്‍ (Tahr) എന്ന് വിളിക്കിപ്പെടുന്ന വിഭാഗത്തില്‍പെട്ടതാണ് വരയാടുകള്‍.  മൂന്ന് തരം താറുകളാണ് ലോകത്തുള്ളത്. കാശ്മീര്‍ മുതല്‍ ഭൂട്ടാന്‍ വരെയുള്ള മേഖലകളില്‍ കാണപ്പെടുന്ന ഹിമാലയന്‍ താറുകളും പശ്ചിമഘട്ട മലനിരകളിലെ നീലഗിരി കുന്നുകളോട് ചേര്‍ന്ന് കാണപ്പെടുന്ന നീലഗിരി താറുകളും ഒമാനില്‍ കാണപ്പെടുന്ന അറേബ്യന്‍ താറുകളും. മൂന്ന് വിഭാഗങ്ങളിലുമായി ഏതാണ് 2500 ഇനം മാത്രമാണ് ലോകത്തുള്ളത്. തമിഴ് നാടിന്റെ ദേശീയ മൃഗം കൂടിയാണ് വരയാടുകള്‍ എന്ന നീലഗിരി താറുകള്‍. വരൈ എന്നാല്‍ പാറകെട്ട് എന്നാണര്‍ഥം. പാറകളിലാണ് വരയാടുകളെ കാണുന്നത് അങ്ങനെയാണ് ഇവക്ക് വരയാടെന്ന പേര് ലഭിച്ചത്. ഏതാണ് 850 ഓളം വരയാടുകളാണ് ഇരവികുളം നാഷനല്‍ പാര്‍ക്കിലുള്ളത്. ദേശീയോദ്യാനത്തില്‍ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളില്‍ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റില്‍ പെടുന്ന വംശനാശം നേരിടുന്ന ജീവി വര്‍ഗമാണ് ഇവ. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയിലും ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നു.



ഒരു മണിക്കൂറിലേറെയുള്ള നടത്തത്തിനൊടുവില്‍ ഞങ്ങള്‍ രാജമലയിലെത്തി. ആദ്യം മ്യൂസിയം സന്ദര്‍ശിച്ചായിരുന്നു തുടക്കം. അവിടെ ഒരു ചെക്ക്‌പോസ്റ്റും. വെള്ളമൊഴികെ മറ്റൊന്നും മുകളിലേക്ക് കൊണ്ട് പോകാന്‍ സമ്മതിക്കില്ല. വരയാടിനെ കാണാനാണ് യാത്ര. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശികളും വരയാടുകളെ കാണാന്‍ എത്തിയിരിക്കുന്നു. യാത്രയുടെ യാതൊരു സുഖവും നല്‍കാത്തതാണ് രാജമലയിലേക്കുള്ള വഴി. പെരുന്നാള്‍ തലേന്ന് മിഠായിതെരുവില്‍ പോയ പോലെ ആളുകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. പക്ഷികളുടെ കളകളാരവങ്ങള്‍ക്ക് പകരം മനുഷ്യരുടെ കലപിലകള്‍ മാത്രം. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഞങ്ങള്‍ മുകളിലെത്തി. അവിടെ നിന്നും അപ്പുറത്തേക്ക് പോകാന്‍ അനുവാദമില്ല. അതിനപ്പുറം കുറച്ച് ഭാഗം ടാറ്റാ ടീയുടെ കൈവശമാണ്. ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വഴിയും ഇതാണ്. ഇതേ റൂട്ടില്‍ ഒരു അഞ്ച് മണിക്കൂറോളം സഞ്ചരിച്ചാല്‍ വാള്‍പ്പാറയിലെത്താം. മുമ്പ് വാള്‍പ്പാറയിലേക്ക് ഇതു വഴി ട്രക്കിങ് അനുവദിച്ചിരുന്നത്രെ 


ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം രണ്ട് ആടുകള്‍ ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങളെ അമ്പരിപ്പിച്ച് ഒരു കൂട്ടം റോഡില്‍ കാത്തു നില്‍കുന്നുണ്ടായിരുന്നു.
മുകളില്‍ കഷ്ടപെട്ട് ഫോട്ടോയെടുക്കുന്നത് അവര്‍ അറിഞ്ഞാണോ എന്നറിയില്ല ഇരുന്നും കിടന്നും നിന്നും അവര്‍ ഞങ്ങള്‍ക്ക് പോസ് ചെയ്ത് തന്നു. ആടുകളെ കണ്ടതും കൂടെയുള്ള മുജീബ്ക പറഞ്ഞു നല്ല മന്തി ചോര്‍ ഉണ്ടാക്കാന്‍ പറ്റിയ സാധനം. മുമ്പ് ബ്രിട്ടീഷുകര്‍ വേട്ടയാടി തിന്നിരുന്ന ഒരു മൃഗമായിരുന്നല്ലോ വരയാട്. അവരുടെ പ്രധാന ഹണ്ടിങ് പോയന്റായിരുന്നു രാജമല. കുത്തനെയുള്ള പാറയില്‍ വാഴയില വെച്ച് ആടുകളെ അതിലേക്ക് ഓടിച്ച് കയറ്റി പിടികൂടുന്ന വിദ്യ നമ്മുടെ ആള്‍ക്കാരും പയറ്റിയിരുന്നത്രെ. അതൊക്കെ പഴയ കഥ. ഇപ്പോള്‍ ഇരവികുളത്ത് എന്തായാലും വേട്ട ഇല്ല.  താഴെ എത്തുമ്പോഴേക്കും ഞങ്ങള്‍ക്കുള്ള ബസ് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 

ഒരു മണിയോടെ റൂമിലെത്തിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് അല്‍പ്പം വിശ്രമിച്ചു. ഫഌവര്‍ ഗാര്‍ഡനും ഷോപിങും അതാണ് ഉച്ചയ്ക്ക് ശേഷമുള്ള പരിപാടി. വൈകീട്ട് മൂന്നോടെ മാട്ടുപ്പട്ടി റോഡിലെ ഫ്‌ളവര്‍ ഗാര്‍ഡന്‍ ലക്ഷ്യമിട്ട് ഞങ്ങള്‍ നടന്നു. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് ഗാര്‍ഡനിലെത്തി. അല്‍പ്പം പിന്നിലായിരുന്ന ഞങ്ങള്‍ നാല് പേരും. കൂടെയുള്ളവര്‍ പുറത്തിറങ്ങുമ്പോഴാണ് ഞങ്ങള്‍ ഗാര്‍ഡനില്‍ കയറുന്നത്. 20 രൂപയാണ് ഗാര്‍ഡിനിലേക്കുള്ള ടിക്കറ്റ്. സത്യ സന്ധമായി പറഞ്ഞാല്‍ അതിന് മാത്രമുള്ള ഒരു കോപ്പും അവിടെ ഇല്ല. അവിടെ നിന്നും ഇറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു. മൂന്നാറിനെ കുറിച്ചും ഇരവികുളത്തെ കുറിച്ചു സന്തോഷ് സാര്‍ ഞങ്ങള്‍ക്ക് ക്ലാസെടുത്തു. ഒരു ദിവസം ഒരുമിച്ച് യാത്രയിലുണ്ടായിരുന്നെങ്കിലും പലര്‍ക്കും പരിചയമായിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ പരിചയപ്പെടല്‍ വേദി കൂടിയായിരുന്നു ക്ലാസ്. അടുത്ത കലാപരിപാടി കഞ്ഞിയും പയറും കഴിക്കലും ഉറക്കവും. രാവിലെ ക്യാംപ് പിരിച്ച് വിടുമെന്നതിനാല്‍ അടുത്ത ദിവസത്തെ റൂട്ട് പ്ലാന്‍ ചെയ്യലും ഇതിനോടൊപ്പം നടന്നു. വാള്‍പ്പാറ വഴി തിരികെയത്താം എന്ന് ഏകദേശ ധാരണയാക്കി ഞങ്ങള്‍ കിടന്നു.

രാവലെ എണീറ്റ് കുളിയും പാസ്സാക്കി ഞങ്ങള്‍ പോകാനിറങ്ങി. കുതിര ബിരിയാണിയായിരുന്നു പ്രാതലിന്. കുതിര ബിരിയാണി മനസ്സിലായില്ലേ. ? എസ്.കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയില്‍ പറഞ്ഞ കുതിര ബിരിയാണി മലയാളിയുടെ മായത്ത രുചിയിലെ ഒന്നാണ്. പുട്ടും പപ്പടവും കടലക്കറിയും  ഇതിലും നല്ല കോംപിനേഷന്‍ ഏത് കുഴി മന്തിക്കാണ് നല്‍കാന്‍ കഴിയുക.


മറയൂര്‍ - കാന്തല്ലൂര്‍ - ചിന്നാര്‍ - ദാലി - ആനമല - വാള്‍പാറ. ചിത്രം മനസ്സില്‍ കാണുമ്പോള്‍ തന്നെ സന്തോഷം കൊണ്ടെനിരിക്കാന്‍ വയ്യേ എന്ന മട്ടിലായിരുന്നു ഞാന്‍. തേയിലതോട്ടം പച്ച പുതച്ച കുന്നുകള്‍കിടയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. എവിടെ നോക്കിയാലും കുന്നുകള്‍ ആ കുന്നുകളിലെല്ലാം വെള്ളച്ചാട്ടങ്ങളും ഇതൊക്കെ കണ്ട് തന്നെ അനുഭവിക്കണം. എത്ര പറഞ്ഞാലും അതിന് പരിമിതികളുണ്ടല്ലോ.. ലക്കം വെള്ളച്ചാട്ടത്തിന് സമീപം ഞങ്ങള്‍ വണ്ടി സൈഡാക്കി. ഇരവികുളത്ത് നിന്നും ഉത്ഭവിക്കുന്ന അരുവിയാണ് ലക്കം വെള്ളച്ചാട്ടമായി താഴെയെത്തുന്നത്. പാമ്പാറിന്റെ പ്രധാന കൈവഴി കൂടെയാണിത്. അടുത്ത ലക്ഷ്യം മറയൂര്‍.  ചന്ദന കാടുകള്‍ക്ക് നടുവിലൂടെ ഞങ്ങള്‍ മറയൂരിലെത്തി. ആധാര്‍ കാര്‍ഡുള്ള ചന്ദന മരങ്ങളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. ( ഓരോ മരത്തിനും ഓരോ നമ്പര്‍ നല്‍കിയിട്ടുണ്ട്. ) കാട്ടിലേക്ക് ഒരാളും കടക്കരുതെന്ന് ആത്മാര്‍തമായി ചിന്തിച്ച് ഇരുമ്പ് വല കെട്ടിയിട്ടുണ്ട്. മറയൂരിലെത്തി ശര്‍ക്കര വാങ്ങാനായി ഞങ്ങള്‍ നീതി സ്റ്റോറില്‍ കയറി. നീതി പൂര്‍വമുള്ള കച്ചവടമായതിനാലാണെന്നറിയില്ല മൂന്ന് പേര്‍ വാങ്ങിയിട്ടും വില പേശാനുള്ള അവസരം പോലും അവിടെയുള്ള ചേച്ചി ഞങ്ങള്‍ക്ക് തന്നില്ല. അടുത്ത ലക്ഷ്യം കാന്തല്ലൂരാണ്. ആപ്പിള്‍-ഓറഞ്ച് കൃഷികള്‍ കാണണം എന്നായിരുന്നു മനസ്സില്‍. 

കാന്തല്ലൂര്‍ റോഡില്‍ കയറി ഹൈസ്‌കൂളിന് സമീപമുള്ള പാറയില്‍ മുനിയറികള്‍ കണ്ട ഞങ്ങള്‍ വണ്ടി സൈഡാക്കി. അതി ഗംഭീരമായ കാഴ്ചയാണ് ആ കുന്ന് ഞങ്ങള്‍ക്ക് ഒരുക്കി വെച്ചിരുന്നത്. നാലും ഭാഗത്തും പരന്ന് കിടക്കുന്ന മലനിരകള്‍. കാണുന്ന മലയിലെല്ലാം വെള്ളചാട്ടങ്ങളും ഇത്രയും മനോഹരമായ കാഴ്ച കണ്ണില്‍ നിന്ന് ഇത് വരെ മാഞ്ഞിട്ടില്ല. 

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകള്‍ എന്ന് കരുതുന്നു. ഐതിഹ്യങ്ങള്‍ പ്രകാരം സഹ്യപര്‍വതത്തിന്റെ താഴ്‌വരയില്‍ തപസ്സുചെയ്യാനായി നിര്‍മിച്ചവയാണ് ഇവ എന്നും പറയുന്നുണ്ട്. ഇന്ത്യയില്‍ ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടിങ്ങയ സ്ഥലങ്ങളില്‍ മുനിയറകളുണ്ട്. അയര്‍ലന്റ്, നെതര്‍ലന്റ്, ഫ്രാന്‍സ്, റഷ്യ, കൊറിയ, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും മുനിയറ (dolmen) കാണുന്നു. 1976 ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മറയൂര്‍ മുനിയറകളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നതാണ് വാസ്തവം. സംരക്ഷിക്കുക പോയിട്ട് തകര്‍ക്കരുതെന്ന അഭ്യര്‍ഥന പോലും ഇവിടെ ഇല്ല.




മനോഹരമായ ഗ്രാമമാണ് കാന്തല്ലൂര്‍ എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും മനോഹരമാണ് എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ഞങ്ങള്‍ എത്തിയത് കാന്തല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു. അതിന് മുന്നിലായി ഒരു അക്ഷയ കേന്ദ്രവും. വില്ലേജ് ഓഫീസ് കണ്ടതും വണ്ടി നിര്‍ത്താന്‍ അനൂപ് ആവശ്യപ്പെട്ടു. അവന്റെ ഉള്ളിലെ റവന്യൂ ജീവനക്കാരന്‍ ഉണര്‍ന്നതാണോ എന്നറിയില്ല. വണ്ടി ഒതുക്കി ഞങ്ങള്‍ വില്ലേജ് ഓഫീസിലേക്ക് പോയി. ചെറിയ ഒരു ഗ്രാമമാണ് കാന്തല്ലൂര്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ 12 മണി ആയിരുന്നെങ്കിലും നമ്മുടെ നാട്ടിലെ ആറ് മണി പോലും ഇത്രയും മഞ്ഞ് പുതച്ച് കാണാന്‍ ഭാഗ്യമുണ്ടാവില്ല. അടുത്ത ട്രാന്‍സ്ഫറില്‍ എന്തായാലും കാന്തല്ലൂര്‍ തന്നെ ചോദിച്ച് വാങ്ങണം എന്ന് അനൂപ് ഉറപ്പിച്ചു. അടുത്ത ഫെബ്രുവരി വരെ കാലാവസ്ഥ ഇതുപോലെ ആയിരിക്കുമത്രെ. 

 ആപ്പിള്‍ തോട്ടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ആദ്യ ആപ്പിള്‍ തോട്ടമായ തോപ്പന്‍സ് ലേക്ക് ഞങ്ങള്‍ പോയി.  വീടിനോട് ചേര്‍ന്നാണ് അഞ്ചേക്കറില്‍ ഫാം സ്ഥിതി ചെയ്യുന്നത്. വീടിന് മുന്നിലുള്ള എ.എസ്.എച്ച് ഹൈസ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. സഞ്ചാരികള്‍ക്കായി ഫാം സ്റ്റേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൂലൈ മാസത്തിലാണ്‌ ആപ്പിള്‍ പാകമാവാന്‍. ആപ്പിള്‍ കായ്ക്കുന്ന സമയത്ത് വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി. 

രേവതിക്കുട്ടി തട്ട് കടയില്‍ നിന്നായിരുന്നു ഉച്ചയൂണ്‍. നല്ല അസ്സല്‍ നാടന്‍ കട. ശശിധരേട്ടനാണ് (പേര് മറന്ന് പോയി, ശശിധരന്‍ എന്ന് തന്നെയാണെന്ന് തോന്നുന്നു) കടയുടെ മുതലാളി. തൊടുപുഴയ്ക്കടുത്ത് (സ്ഥലം പറഞ്ഞ് തന്നിരുന്നു. അതും മറന്ന് പോയി ) നിന്നും കുടിയേറിയവരാണവര്‍. ഒന്നാം വയസ്സിലാണ് അദ്ദേഹം കാന്തല്ലൂരെത്തുന്നത്. പേരകുട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് രേവതികുട്ടി എന്ന പേര് നല്‍കിയത്. കടയുടെ മുന്നിലെ പോസ്റ്റില്‍ നല്ല പൂവന്‍ കോഴിയെ കെട്ടിയിട്ടിട്ടുണ്ട്. ഞങ്ങളെ കണ്ടതും ദയനീയമായ ഒരു നോട്ടം കോഴി നോക്കി. ആരെങ്കിലും വന്നാല്‍ ലൈവായി കറി വക്കാനാണത്രെ കെട്ടിയിട്ടിരിക്കുന്നത്. നാടന്‍ കോഴിക്കറി കൂട്ടി കഴിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം അനുവദിച്ചില്ല.

ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാള്‍പാറ ലക്ഷ്യമാക്കി നീങ്ങി. ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര. തമിഴ്‌നാടിന്റെ കാലവസ്ഥയാണ് ചിന്നാറില്‍. മഴ നിഴല്‍ പ്രദേശമാണിത്. ചാമ്പല്‍ മലയണ്ണാന്‍, മൂക്കന്‍ അണ്ണാന്‍, വെള്ളക്കാട്ടുപോത്ത്, നക്ഷത്രആമ, എന്നിങ്ങനെ ലോകത്തിലെ മറ്റൊരു വനമേഖലയിലും കാണുവാന്‍ സാധിയ്ക്കാത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ വനപ്രദേശം. അപൂര്‍വയിനം ശലഭങ്ങളെയും ഇവിടെ കാണാം. യാത്രക്കിടയില്‍ ഞങ്ങള്‍ തൂവാനം വെള്ളച്ചാട്ടം കണ്ടു. ദൂരെ നിന്നും നോക്കിയാല്‍ മറ്റൊരു ആതിരപ്പിള്ളി ആയിട്ടേ ഇത് തോന്നു. ഇവിടേക്ക് ട്രക്കങിനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ട്രകിങിന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും കിഫാത്തിന് അടുത്ത ദിവസം തിരുവനന്തപുരത്ത് ട്രൈനിങുള്ളതിനാല്‍ രാത്രിയില്‍ തൃശൂരെത്തല്‍ നിര്‍ബന്ധമായിരുന്നു. തൂവാനം അടുത്ത ട്രിപ്പിലേക്ക് മാറ്റിവെച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


തൂവാനം 


ആനമല റിസര്‍വ് ഫോറസ്റ്റിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. അതിന് മുമ്പ് ചിന്നാര്‍ വന്യ ജീവിത സങ്കേതത്തിന്റെ ചെക്ക് പോസ്റ്റുണ്ട്. അവിടെയുള്ളവര്‍ ഞങ്ങളുടെ കാറും ലഗേജും എല്ലാം പരിശോധിച്ചു. ഓരോ സ്ഥലത്തും വണ്ടി നിര്‍ത്താനായി കാഴ്ചകള്‍ ഞങ്ങലെ പ്രലോഭിപ്പിച്ചെങ്കിലും സമയക്കുറവ് തടസ്സമായി. കുറിച്ചികോട്ടയില്‍ നിന്നും തിരിഞ്ഞ്‌ ദാലി വഴി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്ക് രണ്ട് കിലോമീറ്റര്‍ വഴി മാറി ഞങ്ങള്‍ തിരുമൂര്‍ത്തി ഹില്‍സിലെത്തി. വിശാലമായ റോഡ് കണ്ടാണ് യാത്ര തുടര്‍ന്നതെങ്കിലും വഴി അവസാനിക്കുന്നത് തിരുമൂര്‍ത്തി അമ്പലത്തിന് സമീപമാണ്.

വാള്‍പറാ റോഡിലേക്ക് തിരികെയെത്തിയത് സിനിമയില്‍ കാണുന്ന ഗ്രാമഭംഗിയിലൂടെയായിരുന്നു. അല്ലെങ്കിലും കേരള ഗ്രാമങ്ങളുടെ ഭംഗി പൊള്ളാച്ചിയിലാണല്ലോ. കേരം തിങ്ങുന്ന കേരള നാടിന്റെ ഭംഗി ഷൂട്ട് ചെയ്യാന്‍ പൊള്ളാച്ചി തന്നെ നമുക്ക് ശരണം. എത്രയും പെട്ടെന്ന് മലക്കാപ്പാറയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. ആളിയാര്‍ ഡാമിന് സമീപമെത്തിയപ്പോള്‍ തന്നെ ഇരുട്ട് പടര്‍ന്നിരുന്നു. ആറ് മണിക്ക് മുമ്പെത്തിയില്ലെങ്കില്‍ മലക്കപ്പാറ കടക്കാന്‍ കഴിയില്ല. വാള്‍പാറ ചുരം കയറി അങ്ങാടിയിലെത്തിയപ്പോള്‍ ഏഴ് മണി കഴിഞ്ഞിരുന്നു. തമിഴ് നാട് ചെക്ക് പോസ്റ്റില്‍ എത്തിയതും ഞങ്ങളുടെ വണ്ടി തടഞ്ഞു. മലക്കാപ്പാറയില്‍ നിന്നും വിടില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും പെര്‍മിഷന്‍ എടുത്താണ് ഞങ്ങള്‍ വരുന്നതെന്ന് പറഞ്ഞതും അവര്‍ വിട്ടു.



മലക്കപ്പാറയിലെത്തിയപ്പോള്‍ സമയം 8 മണിയോടടുത്തിരുന്നു. എന്ത് തന്നെ പറഞ്ഞിട്ടും അവര്‍ ഞങ്ങളെ കടത്തിവിട്ടില്ല. അവസാനം അവിഹിത മാര്‍ഗത്തിലൂടെ ഞങ്ങള്‍ ചെക്ക് ചെക്ക് പോസ്റ്റ് കടന്നു. അവിഹിത മാര്‍ഗം എന്ന് പറഞ്ഞാല്‍ കൈക്കൂലി നല്‍കിയായിരുന്നില്ല. ആന ചിഹ്നമുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വില അന്നാണ് ഞങ്ങള്‍ അിറഞ്ഞത്. കിഫാത്തിന് ട്രെയ്‌നിങ് ഉള്ളതിനാല്‍ എങ്ങനെയെങ്കിലും ചെക്ക് പോസ്റ്റ് കടക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെങ്കിലും ആ സമയത്ത് ഞങ്ങള്‍ക്ക് മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. സൂക്ഷിച്ച് മാത്രം യാത്ര തുടരുക എന്ന ഉപദേശത്തോടെയാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. ഞങ്ങളുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല ആനകളെ ഞങ്ങള്‍ കണ്ടില്ല. ഞങ്ങള്‍ ആതിരപ്പിള്ളി എത്തുന്നതിന് തൊട്ട് മുമ്പ് റോഡില്‍ ആനയുണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞ് ചെക്ക് പോസ്റ്റില്‍ നിന്നും അനീസിനെ വിളിച്ചു. ഒരേ സമയം ആശ്വാസവും നിരാശയും തോന്നിയ നിമിഷമായിരുന്നു അത്. ആതിരപ്പിള്ള കഴിഞ്ഞതും എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന് മാത്രമായി ചിന്തി. കിഫാത്തിനെ തൃശൂര്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡില്‍ ഇറക്കി ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. മധുര സ്വപ്‌ന യാത്രയെ മനസ്സില്‍ ഓര്‍ത്ത്....