Monday, May 21, 2012

ആകാശം തൊട്ടൊരു യാത്ര


ആകാശം തൊട്ടൊരു യാത്രയായിരുന്നു ഞങ്ങള്‍ മഞ്ഞൂരിലേക്ക് നടത്തിയത്. ആകാശത്തിന്റെ നിറങ്ങളും ഭൂമിയുടെ വൈവിധ്യങ്ങളും കണ്ടൊരു യാത്ര. രണ്ടു ബൈക്കുകളിലായി നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രാ വിവരണത്തിലാണ് മഞ്ഞൂരിനെ കുറിച്ചു ആദ്യമറിയുന്നത്. അവിടേക്ക് പോയവരുടെ അനുഭവം കൂടി കേട്ടപ്പോള്‍ എന്തായാലും പോകണമെന്ന് തീരുമാനിച്ചു. മെയ് 19നായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും അര്‍ശദും വസീമും അര്‍ശദിന്റെ ഡിസ്‌കവര്‍ ബൈക്കില്‍ കയറി. അങ്ങാടിപ്പുറം വരെ മൂന്നുപേര്‍ പോകണം. അവിടെയാണു സലാം കാത്തുനില്‍ക്കുന്നത്.

അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ സലാം ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേരെ മണ്ണര്‍ക്കാട്ടേക്ക് യാത്ര തിരിച്ചു. റോഡെല്ലം മദ്‌റസയിലേക്ക് പോകുന്ന കുട്ടികള്‍ കൈയ്യടക്കിയിരുന്നു. വെള്ള തൊപ്പിയും ധരിച്ച് മഞ്ഞു പെയ്യുന്ന പ്രഭാതത്തില്‍ എത്ര തവണ ഞാനും ഇതു പോലെ നടന്നിട്ടുണ്ടെന്നോ. കുട്ടികളെ കണ്ടപ്പോള്‍ പണ്ട് മദ്‌റസയില്‍ പോയപ്പോഴുണ്ടായ ഓര്‍മകളാണു മനസ്സിലേക്കു വന്നത്. അട്ടപ്പാടി വഴിയാണ് മഞ്ഞൂരിലേക്കുള്ള യാത്ര. മണ്ണാര്‍ക്കാടു നിന്നും അട്ടപ്പാടി റോഡിലേക്ക് വണ്ടി ഒതുക്കി നിര്‍ത്തി. ഓരോ ചായ കുടിച്ചു യാത്ര തുടരാം എന്നാരോ പറഞ്ഞു. ചായ മാത്രം മതിയോ എന്നായി സംശയം. വിശാലമായി നമുക്ക് പിന്നീട് കഴിക്കാം എന്ന് തീരുമാനിച്ച് ഓരോ കാലിയടിച്ച് യാത്ര തുടര്‍ന്നു.

വളവുകളും തിരിവുകളും മറികടന്ന് ഞങ്ങള്‍ യാത്രതുടര്‍ന്നു. അങ്ങകലെ മലകള്‍ മഞ്ഞു പുതച്ചു കിടക്കുന്നുണ്ടായിരുന്നു. നിറുത്തി നിറുത്തിയായിരുന്നു യാത്ര തുടര്‍ന്നത്. വാഹനം ഒഴിവാക്കി നടന്ന് പോകാന്‍ പലപ്പോഴും തോന്നി. 19 കിലോമീറ്റര്‍ പിന്നിട്ട് മുക്കാലിയില്‍ എത്തി. ഇവിടെ നിന്നും യാത്രയുടെ റൂട്ടിനെ കുറിച്ചു വിശദമായി മനസ്സിലാക്കണം. മുക്കാലിയില്‍ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡാണ് സൈലന്റ് വാലിയിലേക്ക് പോകുന്നത്. നേരെ അഗളി, ആനകട്ടി റോഡും. ഞങ്ങള്‍ക്ക് പോകേണ്ട റൂട്ട് ആര്‍ക്കും നിശ്ചയമില്ല, ഗൂഗിള്‍ മാപ്പില്‍ പരതിയെങ്കിലും റോഡ് കാണാന്‍ കഴിഞ്ഞില്ല. ചെറിയൊരു റോഡ് മുള്ളി വഴി മഞ്ഞൂരിലേക്കുണ്ട് പക്ഷേ അതു അതിര്‍ത്തി കടക്കുന്നതായി മാപ്പില്‍ കാണുന്നില്ല. എന്റെ സഹപ്രവര്‍ത്തകനായിരുന്നു ഹക്കീം മാഷിനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. അദ്ദേഹം മഞ്ഞൂര്‍ യാത്ര ചെയ്തിട്ടുണ്ട്. എല്ലാവരും ഓരോ ചായക്കു പറഞ്ഞു. കഴിക്കാന്‍ വെള്ളപ്പവും പുട്ടുമുണ്ട്. ഇപ്പോള്‍ നമുക്ക് ലഘുവായി കഴിക്കാം മുകളിലെത്തിയിട്ട് വിശാലമാക്കാം എന്നു തന്നെയായിരുന്നു വീണ്ടും തീരുമാനം. വസീമും അര്‍ശദുമായിരുന്നു അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്.

അഗളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനിടെ അഗളി-പുതൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനടത്തും വാഹനം നിര്‍ത്തി. ഹക്കീം മാഷിനെ ഒരിക്കല്‍ കൂടി വിളിച്ചു. അഗളിയിലേക്കെത്തുന്നതിന് മുമ്പായി താവളത്തുനിന്നും തിരിയണമെന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതു തന്നെയായിരുന്നു ഗൂഗിള്‍ മാപ്പിലുള്ള റോഡും. ഫോണില്‍ വഴി ചോദിക്കുന്നത് കേട്ട നാട്ടുകാരന്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്നു. അദ്ദേഹം മലപ്പുറത്ത് 16 വര്‍ഷം ഉണ്ടായിരുന്നത്രെ. അവിടെ നിന്നു തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റര്‍ കൂടി പിന്നിട്ട് താവളത്തെത്തി. അവിടെ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡിന് തിരിഞ്ഞ് മുള്ളിയിലെത്തണം.

വിജനമായ റോഡുകള്‍ താണ്ടി മുള്ളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്രയായി. ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളും വീടുകളും ഞങ്ങള്‍ക്ക് സന്തോഷമേകി. വഴിയിലെങ്ങും തോട്ടങ്ങള്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനിടയിലെപ്പഴോ ഡിസ്‌കവറിന്റെ നിയന്ത്രണം ഞാന്‍ ഏറ്റെടുത്തു. 25 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിന്റെ സ്വഭാവം മാറി. ടാര്‍ ചെയ്യാത്ത റോഡ്. അതിനടുത്ത് മുള്ളി റോഡിന്റെ പുനരുദ്ധരണ പ്രവര്‍ത്തി ഉദ്ഘാടനത്തിന്റെ ബോര്‍ഡ് കണ്ടു. 2008 ല്‍ അന്നത്തെ ഡപ്യൂട്ടി സ്പീകര്‍ ജോസ് ബേബിയാണു ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നാലു വര്‍ഷം കഴിഞ്ഞെങ്കിലും പ്രവര്‍ത്തി എങ്ങുമെത്തിയിട്ടില്ല. ദുഷ്‌കരമായ നാലുകിലോമീറ്റര്‍ പിന്നിട്ട് ഞങ്ങള്‍ മുള്ളിയിലെത്തി.

മദ്രാസ് സ്‌റ്റേറ്റ് ബൗണ്ടറിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. മദ്രാസ് സ്റ്റേറ്റിന്റെ പേര് തമിഴ്‌നാട് എന്നാക്കിയത് അവര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. തമിഴ്‌നാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നും അനുമതി വാങ്ങിയാലേ യാത്ര തുടരാന്‍ കഴിയു. അനുമതി ലഭിച്ചെങ്കിലും ചായക്ക് കാശ് ലഭിക്കാതെ അവര്‍ വിട്ടില്ല. അമ്പത് രൂപ അവിടെ നല്‍കി മുള്ളി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അതിനിടെ വിശക്കുന്നു പെട്ടെന്ന് എന്ന് പറഞ്ഞ് വസീം യാത്രയുടെ സ്പീഡ് കൂട്ടാന്‍ പറയുന്നുണ്ടായിരുന്നു. ഇനി മഞ്ഞൂരെത്തിയാലേ വല്ലതും കിട്ടു. ' രാവിലെ കഴിക്കാന്‍ പറഞ്ഞപ്പോ നീ തന്നെയല്ലേ മുകളിന്ന് കഴിക്കാം എന്ന് പറഞ്ഞത്. അനുഭവിച്ചോ എന്ന് പറഞ്ഞപ്പോ പിന്നെ അവന്‍ മിണ്ടിയില്ല '. 

മഞ്ഞൂരിലേക്കുള്ള യാത്ര ഞങ്ങളുടെ വിശപ്പിനെയെല്ലാം മറികടന്നു. അങ്ങകലെ മഞ്ഞ് പുതച്ച് കിടക്കുന്ന മഞ്ഞൂര്‍ ഞങ്ങളെ മാടി വിളച്ചു. ഗദ്ദൈ ഡാമും പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മുകളിലേക്കെത്തും തോറും ആകാശം അടുത്ത് വരുന്നതായി തോന്നി. ഇടക്ക് എതിര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. അവര്‍ക്ക് തിരിച്ചും. അതിനിടെ അതുവഴി കടന്നു പോയ മലയാളി സംഘം ഞങ്ങളെ നോക്കി കൈവീശി. കുറേ സമയങ്ങള്‍ക്ക് ശേഷം ആളുകളെ കണ്ട സന്തോഷമായിരുന്നു അവര്‍ക്ക്. 43 ഹെയര്‍പിന്നുകളും കടന്ന് മഞ്ഞൂരിലേക്ക്. മൂന്നു റോഡുകള്‍ ചേരുന്നു ചെറിയൊരു അങ്ങാടിയാണു മഞ്ഞൂര്‍. അവിടെയെത്തിയപ്പോള്‍ സമയം ഒരു മണി. ഞങ്ങള്‍ ആദ്യം പരതിയതു ഭക്ഷണം കഴിക്കാനൊരിടമായിരുന്നു. നീലഗിരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഞങ്ങള്‍ അടുത്ത ലക്ഷ്യം ആസൂത്രണം ചെയ്തു. മഞ്ഞൂര്‍ റോഡ് നേരെ പോകുന്നത് അപ്പര്‍ ഭവാനിയിലേക്കാണ്. മഞ്ഞൂരെത്തുന്നതിന് മുമ്പായി പവര്‍ ഹൗസ് റോഡിലൂടെ തിരിഞ്ഞ് ഊട്ടിയിലേക്കും.

അപ്പര്‍ ഭവാനിയിലേക്കുള്ള വഴി കാട്ടിലൂടെയാണ്. അങ്ങനെ യാത്ര അപ്പര്‍ ഭവാനിയിലേക്ക് തീരുമാനിച്ചു. തിരിച്ചു വരവ് നേരത്തെയാണെങ്കില്‍ ഊട്ടിയിലേക്കും കടക്കാം. കാടും മലയും തേയിലതോട്ടങ്ങളും പിന്നിട്ട് അപ്പര്‍ ഭവാനിയിലേക്ക്. ഉയരങ്ങള്‍ പിന്നിടുന്നതിനനസുരരിച്ച് ഒന്നാമത്തെ അകാശവും കടന്ന് മേഘത്തിനുള്ളിലേക്ക് കടക്കുന്നതായി അനുഭവപ്പെട്ടു. കടുത്ത വെയിലിലും തണുത്ത കാറ്റ് യാത്രയുടെ ഹരം കൂട്ടി. തണുപ്പിനെ പ്രതിരോധിക്കാന്‍ ഒന്നും കരുതാത്തതില്‍ നിരാശ തോന്നി. വീണ്ടുമൊരു ചെക്ക് പോസ്റ്റ്. കാട്ടിലേക്ക് കടക്കാന്‍ ഊട്ടിയില്‍ നിന്നും സമ്മതം വേണമത്രെ. ചായ കാശ് തന്നാല്‍ വിടാമെന്നായി അവര്‍. അങ്ങനെ അവര്‍ക്കൊരു 50 രൂപ നല്‍കി യാത്ര തുടര്‍ന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ 5000 രൂപയെങ്കിലും കൊടുക്കേണ്ടി വരുമായിരുന്നു എന്നോര്‍ത്ത് അല്‍പ്പം ആശ്വാസം തോന്നി. പ്രകൃതിയുടെ സൗന്ദര്യം വാഹനം നിറുത്തി നിറുത്തി പോവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിന്നു.


ഡാമിലെത്തിയപ്പോള്‍ സമയം നാലു കഴിഞ്ഞിരുന്നു. വേനല്‍കാലമായതിനാല്‍ ഡാമില്‍ വെള്ളം കുറവായിരുന്നു. അവിടെ നിന്നും നോക്കിയാല്‍ മുകൃതി നാഷണല്‍ പാര്‍ക്ക് കാണം. ഡാമില്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ അരീക്കോട് സ്വദേശികളായി നാലു പേരെകണ്ടു.  അതില്‍ ഒരാള്‍ മുള്ളിയില്‍ താമസമാക്കിയയാളാണ്. തിരിച്ചിറക്കം മുള്ളി വഴിയാക്കേണ്ട എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. രാത്രിയില്‍ ആനയിറങ്ങുമത്രെ. അതു കേട്ടതും വസീമിനു അതു വഴി തന്നെ പോണം. അല്‍പ്പം ഭയമുണ്ടെങ്കിലും ഞങ്ങള്‍ക്കും അതു തന്നെയായിരുന്നു ഇഷ്ടം. ഡാം കടന്ന് കാട്ടിലൂടെ നടന്നാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് മുക്കാലിയെത്താം. സൈലന്റ് വാലിയും മുതുമല നാഷണല്‍ പാര്‍ക്കും നിലമ്പൂര്‍ കാടുമെല്ലാം അടുത്തടുത്താണ്. നടന്ന് പോകാന്‍ കഴിയും പക്ഷേ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ പാടില്ല. ഇപ്പോഴാണെങ്കില്‍ മാവോയിസ്റ്റുകള്‍ക്കായി പൊലീസിന്റെ തിരച്ചിലുമുണ്ട്. അവര്‍ക്കെങ്ങാനും കിട്ടിയാല്‍ പിന്നെ പറയുകയും വേണ്ട.

മതിവരാത്ത കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ അപ്പര്‍ ഭവാനിയോട് വിടപറഞ്ഞു. വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ. തിരിച്ചിറങ്ങുന്നതിനിടെ സലാമിന്റെ വണ്ടിയിലെ പെട്രോള്‍ റിസര്‍വായി. പേടിച്ചായിരുന്നു പിന്നീടുള്ള ഓരോ നിമിശവും യാത്രയായത്. ആറുമണിയോടെ മഞ്ഞൂരെത്തി പെട്രോളാണ് ആദ്യം അന്വേഷിച്ചത്. അടുത്തൊരു കടയില്‍ കിട്ടും പക്ഷേ ലിറ്ററിനും 90 രൂപ നല്‍കണം. അല്ലെങ്കില്‍ 30 കിലോമീറ്റര്‍ പിന്നിട്ട് ഊട്ടിയിലെത്തണം. എന്നാല്‍ നമുക്ക് ഊട്ടിയില്‍ പോകാം വസീം പറഞ്ഞു. കടക്കാരന്‍ കാശ് കുറക്കും എന്നു കരുതി പറഞ്ഞതാണ്. പക്ഷേ അയാള്‍ വിട്ടു തന്നില്ല. ഞങ്ങളും വിട്ടുകൊടുത്തില്ല ഊട്ടി വഴി പോകാന്‍ തന്നെ തീരുമാനിച്ചു. ആനയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയും ആശ്വസവും ഒരു പോലെയുണ്ടായിരുന്നു. ഊട്ടിയിലെത്തുമോ എന്നറിയില്ല എന്തായാലും പോകുക തന്നെ സലാം പറഞ്ഞു. വഴിയിലെവിടെയോ ബ്ലാക്കിന് പെട്രോള്‍ കിട്ടുമെന്ന് പ്രദേശ വാസികളില്‍ നിന്നും അറിഞ്ഞു. അവിടെ നിന്നും അരലിറ്റര്‍ കുപ്പിയില്‍ വാങ്ങി. ഇവിടെ 80 രൂപ മാത്രമേ ലിറ്ററിനൊള്ളൂ. മഞ്ഞൂരില്‍ ഒരു പൊട്രോള്‍ പമ്പിന്റെ സാധ്യതയുണ്ടെന്ന് അര്‍ശദ് എന്നോട് പറഞ്ഞു. ചിന്തിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി.

ഊട്ടിയിലേക്കെത്തും തോറും തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. അവിടെയെത്തിപ്പോള്‍ സമയം രാത്രി എട്ടു മണി. ഫഌര്‍ഷോ നടക്കുന്ന സമയമായതിനാല്‍ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു അവിടെ. താമസമാക്കണോ എന്നു ആലോചിച്ചെങ്കിലും തിരിച്ചിറങ്ങാന്‍ തന്നെയായിരുന്നു തീരുമാനം. ഗൂഡല്ലൂരും നാടുകാണി ചുരവും പിന്നിട്ട് വഴിക്കടവെത്തി. വീടു ലക്ഷ്യമാക്കി ഞങ്ങള്‍ കുതിച്ചു.

നിലമ്പൂരെത്തെയിപ്പോള്‍ സലാം ഞങ്ങളോട് 'സലാം' പറഞ്ഞു. വസീം ഞങ്ങളുടെ വണ്ടിയില്‍ കയറി. ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും പിന്നിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള മഞ്ഞൂരിലേക്ക് ഒരിക്കല്‍ കൂടെ പോകണമെന്നോര്‍ത്ത് കിടന്നു.

Monday, May 7, 2012

നല്ല ബാപ്പാന്റെ നല്ല മോന്‍


ഞങ്ങളുടെ പ്രിയ അധ്യാപകന്‍ മുസമ്മില്‍ സാറിനെ കുറിച്ച് ചെയ്ത സപ്ലിമെന്റില്‍ നിന്നും
' വേര്‍പാട് ആരും ഇഷ്ടപെടുന്നില്ല, എങ്കിലും എല്ലാം വേര്‍പെടുന്നു, പതുക്കെ ഇല്ലാതാവുന്നു, ഒരു നാള്‍ ആരുടെയൊക്കെയോ മനസ്സില്‍ നമ്മളം ഓര്‍മ്മയാവുന്നു '

മഴ നനഞ്ഞ് വെയില്‍ മെല്ലെ നിറയുന്ന ഒരു രാവിലെ ഐ.സി.ജെ ഡയറക്ടര്‍ ബാലകൃഷ്ണന്‍ സാറിന്റെ റൂമിലേക്ക് പെണ്‍കുട്ടികള്‍ ഒളി കണ്ണിട്ട് നോക്കുന്നു. അവര്‍ പരസ്പരം അടക്കം പറഞ്ഞു. ഒരു നല്ല ചെക്കന്‍ വന്നിരിക്കുന്നു. ' ഞാന്‍ ഗന്ധര്‍വ്വനി' ലെ 'നിധീഷ് ഭരദ്വാജി'നെ പോലെ ആ യുവാവ് പെണ്‍കുട്ടികളെ വിസ്മയിപ്പിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ആ യുവാവിനെയും കൊണ്ട് ബാലകൃഷ്ണന്‍ സാര്‍ ക്ലാസില്‍ വന്നു. ഇത് നിങ്ങളുടെ പുതിയ കംപ്യൂട്ടര്‍ സാര്‍ പേര് മുസമ്മില്‍ ടി.പി. മാവൂരിനടുത്ത് ചെറൂപ്പയില്‍ വീട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ചീഫ്എഡിറ്ററുമായ ടി.പി ചെറൂപ്പയുടെ മകന്‍.

ഒന്നാം ക്ലാസില്‍ മറന്നു പോയ അമ്പത്തൊന്നക്ഷരങ്ങളും പെറുക്കി, കംപ്യൂട്ടര്‍ കീബോര്‍ഡിന് മുന്നില്‍ വിയര്‍ത്ത് നില്‍കുമ്പോള്‍ മുസമ്മില്‍ സാര്‍ കൈവിരലുകളിലേക്ക് ആ പഴയ അക്ഷരങ്ങളെ എത്തിച്ചു തന്നു. കടലോര കാഴ്ചകളിലേക്കും മാനാഞ്ചിറയുടെ കപ്പലണ്ടി രസങ്ങളിലേക്കും തിയേറ്ററിന്റെ ആരവങ്ങള്‍ക്കിടയിലേക്കും കൂട്ടുകാര്‍ വഴിപിരിഞ്ഞ് പോവുന്ന, ഏകാന്തമായ സായ്ഹാങ്ങളില്‍ കൂടെയിറങ്ങാന്‍ ആ നല്ല കംപ്യൂട്ടര്‍ അധ്യാപകനെ ഉണ്ടാവറൊള്ളൂ. എല്ലാഴ്‌പോയും പുഞ്ചിരിയോടെ മാത്രമേ സാറിനെ ഞങ്ങള്‍ കണ്ടിട്ടൊള്ളൂ. ആ മുഖം ദേഷ്യത്തോടെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല.

മാഷേ നെറ്റുണ്ടോ എന്ന് ചോദിച്ചാണ് പലരും ലാബിലേക്ക് കയറുന്നത്. പേജ് മേക്കറിനെയും ഫോട്ടോഷോപ്പിനെയും മറന്ന് ഓര്‍കുട്ടിലും ഫേസ്ബുക്കിലും ചേക്കേറുമ്പോള്‍ പിന്നില്‍ കുസൃതിച്ചിരിയുമായി കാതില്‍ നുള്ളാന്‍ മാഷുണ്ടാവും. ആഴ്ചയവസാനം ലാബ് ജേര്‍ണല്‍ ഇറക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ 5.15ന് അടച്ച് പൂട്ടേണ്ട ഐ.സി.ജെയിലെ കംപ്യൂട്ടര്‍ ലാബ് 7.30 വരെയാകും. രണ്ടാം ശനി പോലും ഞങ്ങള്‍ക്ക് വേണ്ടി മാഷ് വന്നു. ഫോര്‍വേഡ് മെസ്സേജുകള്‍ കൊണ്ട് നിറയുന്ന ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്‌സില്‍ മുസമ്മില്‍ സാറിന്റെ ചില മെസ്സേജുകള്‍ ഉറക്കം കെടുത്തി. അതിലെ വാക്കുകള്‍ക്ക് രക്ഷിതാവിന്റെ കാര്‍കശ്യവും അധ്യാപകന്റെ വാല്‍സല്ല്യവും സുഹൃത്തിന്റെ സ്‌നേഹവും നിറഞ്ഞ് നിന്നു.

1983 ആഗസ്റ്റ് ഒമ്പതിന് മാവൂരിനടുത്ത് ചെറുപ്പയില്‍ ടി.പി ചെറൂപ്പ എന്ന ടി.പി ഉണ്ണിമൊയ്തീന്റെയും ടി.സുബൈദയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ജനനം. മണക്കാട് യു.പി സ്‌കൂള്‍, സെന്റ് ക്‌സേവ്യസ് ദേവഗിരി എന്നിവിടങ്ങളില്‍ പത്താംക്ലാസു വരെ പഠനം. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയിയില്‍ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്തു. ശേഷം എറണാകുളം ഭാരത് മാത കോളേജില്‍ നിന്നും മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും. ഇതിനിടയില്‍ തിരുവമ്പാടി സ്വദേശിനി പി.എ ജുവൈരിയയെ ജീവിത സഖിയാക്കി. ഒരു മകനുണ്ട് പേര് മുഹമ്മദ് യാസീന്‍, മുശ്താഖ്, മുംതാസ് എന്നിവര്‍ സഹോദരങ്ങളാണ്..
കൂടുതല്‍ വായനക്ക് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

Saturday, April 28, 2012

എന്റെ ചില മൊബൈല്‍ ചിത്രങ്ങള്‍


കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ സുഹൃത്തിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും എടുത്തത്‌

Monday, September 26, 2011

സെല്‍ഫ് ഗോളടിച്ച് സെവന്‍സ്‌


"7" is great number. Because
"7" colours make RAINBOW.
"7" swara makes MUSIC..
"7" day make a WEEK..&
"7" letters make us.. "FRIENDS

ഇതൊക്കെ പറഞ്ഞത് ജോഷിയുടെ പുതിയ സിനിമയായ സെവന്‍സിനെ കുറിച്ച് പറയാനാണ്. ഫുട്‌ബോള്‍ കളിക്കാരായ ഏഴ് സുഹൃത്തുക്കളുടെ കഥപറയുന്ന സിനിമ എന്നാണ് സെവന്‍സിനെ പരിചയപ്പെടുത്തിയിരുന്നത്. seven letters make violent എന്നാണ് എനിക്ക് ഈ സിനിമ കണ്ടപ്പോ പറയാന്‍ തോന്നിയത്‌.

ഒരു മലപ്പുറത്ത് കാരനായത് കൊണ്ടു തന്നെ സെവന്‍സിനെ വളരെയധികം പ്രതീക്ഷയോടെയാണ് ഞാന്‍ നോക്കിയിരുന്നത്. പക്ഷേ പ്രതീക്ഷയെല്ലാം അസ്ഥാനത്തായിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സിനിമയാവും എന്ന് വിചാരിച്ചാണ് ഞാന്‍ സിനിമ കണ്ടത്. എന്നാല്‍ ജോഷി യുടെ പതിവ് സിനിമകളെ പോലെ തന്നെ ഇത് കൊട്ടേഷന്‍ കഥയാണ് പറയുന്നത്.

ലാല്‍ ജോസിന്റെ അറബിക്കഥക്ക് തിരക്കഥയെഴുതിയ ഇഖ്ബാല്‍ കുറ്റിപുറം ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഏഴ് യുവാക്കളുടെ കഥയാണ് പറയുന്നതെങ്കിലും കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവര്‍ക്ക് മാത്രമാണ് സിനിമയില്‍ പ്രാധാന്യമുള്ളത്. ചെറിയൊരു പ്രാധാന്യം വിനീതിനുമുണ്ട്. ഡയലോഗുകള്‍ കുറവാണ് എന്നത് ഈ സിനിമയുടെ ഒരു പ്രത്യേകതയായി തോന്നി. ചിലയാളുകള്‍ ഒന്നും തന്നെ മിണ്ടുന്നില്ല. പുതുമുഖങ്ങള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച
അമീര്‍ നിയാസിന് ഡയലോഗുകള്‍ ഒന്നും ഇല്ലെങ്കിലും നല്ല പ്രകടനം കാഴ്ച വെച്ചു എന്ന് പറായതെ വയ്യ.

കോഴിക്കോടുള്ള ഏഴ് സെവന്‍സ് കളിക്കാരുടെ കഥായാണ് സെവന്‍സില്‍ പറയുന്നത്. പതിവ് മലയാള സിനിമകളെ പോലെ തന്നെ സ്ത്രീ ക്ഥാപാത്രങ്ങള്‍ക്ക് ഈ സിനിമയിലും കാര്യമായ റോളൊന്നുമില്ല. രണ്ട് നായികമാര്‍ ഉണ്ടെങ്കിലും. ഫുട്‌ബോള്‍ അല്ല ഇതിവൃത്തമെങ്കിലും സെവന്‍സിലെ പരിക്കിനെകുറിച്ച ചിത്രീകരിച്ച ഭാഗം നന്നായി. അവര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. മൊത്തത്തില്‍ പറഞാല്‍ ഗോളൊന്നും പിറക്കാത്ത വിരസമായ ഒരു കളിയാണ് ജോഷിയുടെ സെവന്‍സ്. നല്ല ഗോളടിക്കാനുള്ള അവസരം പോലും സെവന്‍സിനില്ല.മത്രമല്ല പലയവസരങ്ങളിലും സ്വന്തം പോസ്റ്റിലേക്ക് സെല്‍ഫ് അടിക്കുകയും ചെയ്തു


ബേജാറാക്കല്ല കോയാ. . .


കൊച്ചി പഴയ കൊച്ചിയല്ലന്നറിയാം. ..
കൊച്ചിയെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഡയലോഗാണിത്. ഇവിടെ തീര്‍ന്നില്ല കൊച്ചിയുടെ വിശേഷം ചോട്ടാമുംബൈ, വയലന്‍സ്, ബോംബ്, കത്തി, അടി, ഇടി മുതലായവും കൊച്ചി എന്ന പേരിന് അര്‍ത്ഥമായി നാം കാണുന്നു. സിനിമക്കാരെ കൊണ്ട് കൊച്ചിക്കാര്‍ക്ക് കിട്ടിയ ഗുണമാണിത്. കൊച്ചിയെ പോലെ കോഴിക്കോടിനും ഇത്തരമൊരു ഭാഗ്യം സമ്മാനിക്കാന്‍ സെവന്‍സിനെ കൊണ്ട് കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 'പുറമേക്ക് വളരെ ശാന്തമായ സിറ്റിയാണെങ്കിലും പല ക്രിമിനല്‍ പ്രവര്‍ത്തികളും നടക്കുന്ന സ്ഥലമാണ് കോഴിക്കോട്' സെവന്‍സില്‍ സിറ്റി പോലീസ് കമ്മീഷണറായി അഭിനയിക്കുന്ന നാദിയ മൊയ്തുവിന്റെ ഡയലോഗാണിത്. (വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാം). ഇതൊക്കെ കേട്ടിട്ട് എനിക്ക് ഒന്നേ പറയാനൊള്ളൂ ബേജാറാക്കല്ല കോയാ. .. . ..

Monday, September 12, 2011

പുട്ടും ചിക്കനും ഇഷ്ടമാണോ ?...


പുട്ടും ചിക്കനും ഇഷ്ടമാണോ ?... നെയ്‌ച്ചോറും ചിക്കന്‍ മസാലയും ?... മട്ടന്‍ ചാപ്‌സും നൂലപ്പവും കഴിച്ചാലോ ?...

കുറഞ്ഞ ചിലവില്‍ നല്ല നാടന്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ചിലയിടങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാം.

ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് കോട്ടപടിയിലെ ഹോട്ടല്‍ ജുനൈസ് ആണ്. മൈലപ്പുറത്തുകാരന്‍ അബൂക്കയാണ് ജുനൈസിന്റെ എല്ലാം. നാട്ടുകാര്‍ക്ക് ഇദ്ദേഹം കഞ്ഞി അബുവാണ് ജുനൈസ്. എന്ന് പറഞ്ഞാല്‍ മലപ്പുറത്തുക്കാര്‍ക്ക് അറിഞ്ഞ് കൊള്ളണമെന്നില്ല. അവര്‍ക്കറിയണമെങ്കില്‍ കദ്യേമ എന്ന് പറയണം. എങ്ങനെ ആ പേര്‍ വന്നു എന്നെനിക്കറിയില്ല...

നല്ല എരിവാണ് ഇവടുത്തെ പ്രത്യേകത. കഞ്ഞി, ബോട്ടി, ചാപ്‌സ്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ മസാല, തേങ്ങാ ചോര്‍, നെയ്‌ച്ചോര്‍, ഗ്രീന്‍ പീസ് എന്നിവയൊക്കെയാണ് പ്രധാന വിഭവങ്ങള്‍, വൈകുന്നേരമായാല്‍ നല്ല തിരക്കാണ്. വെള്ളേപ്പം, നൂല്‍പുട്ട്, പൂള എന്നിവയാണ് വൈകുന്നേരം കൂടുതലായും ചെലവാകുന്നത്. അമ്പത് രൂപ കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് ലാവിഷായി ഭക്ഷണം കഴിക്കാനുള്ള വിഭവം ഇവിടെ നിന്നും ലഭിക്കും. 15 രൂപ കൊടുത്താല്‍ നല്ല അടിപൊളി ഗ്രീന്‍പീസും ചായയും ലഭിക്കും.

എന്താ ഒന്ന് കഴിക്കാന്‍ തോന്നുന്നോ ?....

വഴി.. കോട്ടപ്പടി മാര്‍ക്കറ്റിന്റെ ഉള്ളില്‍. സഫീര്‍ ബിരിയാണി സ്‌റ്റോറിന് സമീപം

Thursday, February 3, 2011

ചായമക്കാനിയുടെ ദേശീയ ഗാനം



മയപെയ്തു പുയ വെള്ളം കരകവിഞ്ഞൊയുകുമ്പോള്‍
പുയ വക്കത്തിരുന്ന് ഞാന്‍ പയം പുയുങ്ങി
അങ്ങനെ പുയുങ്ങിയ പയം തിന്ന് കുയങ്ങി പോയി.......... 

Friday, January 7, 2011

മലപ്പുറം ഭാഷ 2

കുറച്ചും കൂടെ വാക്കുകള്‍ പഠിക്കാം

ഇച്ച് : എനിക്ക്
ബെജ്ജ : വയ്യ
പജ്ജ് : പശു
കജ്ജ് : കൈ
പൊയ : പുഴ
മയ : മഴ
പള്ള : വയര്‍
ബായ : വാഴ
തൊള്ള : വായ
ബായ്ക : പഴം, നേന്ത്രപഴത്തിനാണ് ഉപയോഗിക്കുന്നത്‌

Thursday, December 9, 2010

മലപ്പുറം ഭാഷ

 നമുക്ക്‌ മലപ്പുറം ഭാഷ പടിക്കാം മുന്നോട്ടുള്ള യാത്രക്ക്‌ ഇത്‌ അത്യാവിശ്യമാണ്‌. കാരണം ഇനി മുതല്‍ മലപ്പുറം ഭാഷ മാത്രമേ ഇവിടെ ഉപയോഗിക്കു.
ജ്ജ്‌ : നീ
ഞമ്മള്‍ : ഞാന്‍, ഞങ്ങള്‍
പൊയ : പുഴ
എത്താണി : എന്താടാ
ഓന്‍: അവന്‍
ഓള്‍: അവള്‍
ഓല്‍: അവര്‍
ബ്‌ന്‌: ഇവന്‍
ബ്‌ള്‍: ഇവള്‍
മണ്ടി: ഓടി
പാഞ്ഞു: ഓടി
തൂയി: സൂചി
ബര്‍ത്താനം: വര്‍ത്താനം
ബേജാറ്‌: ഭയം
ഇമ്മിണി: ഒത്തിരി
പക്കേങ്കില്‌: പക്ഷേ
കജ്ജ്‌: കൈ
കിനാവ്‌: സ്വപ്‌നം
ബിളി: വിളി
കായി: പൈസ
കോയി : കോഴി
ഇനിയും കുറേയുണ്ട്‌ ബ്‌ാക്കി നാളെ പറഞ്ഞ്‌ തരാം. തല്‍ക്കാലം ഇത്‌ പടിക്ക്‌.

ചായ

ഉദ്‌ഘാടനം കഴിഞിട്ട്‌ കുറേ ആയെങ്കിലും കംപ്യൂട്ടര്‍ കേടായിരുന്നതിനാല്‍ ചായ വില്‍പ്പന തുടങ്ങാന്‍ പറ്റീല. നാളെ മുതല്‍ സ്ഥിരമായി തറക്കും.ചായ മാത്രമല്ല സ്‌പെഷലായിട്ട്‌ നല്ല ഉണ്ടയുണ്ടാവും. നല്ല പുട്ടും നല്‍കാം എന്നാണ്‌ പ്രതീക്ഷ. പേടിക്കേണ്ട പുട്ടിന്റെ കൂടെ ചൂറ്റികയും നല്‍കും.

കറിയൊക്കെ നന്നായി, പക്ഷേ...........

mailകറിയൊക്കെ നന്നായി, പക്ഷേ വിളമ്പിയത്‌ കോളാമ്പിയിലായിപ്പോയി എന്ന പറഞ്ഞ പോലെയാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കാര്യം. 26 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഏഷ്യാ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെട്ടത്‌ മരണ ഗ്രൂപ്പില്‍. ഫിഫ റാങ്കിങ്ങില്‍ 142 ാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ നേരിടേണ്ടത്‌ 20 സ്ഥാനത്തുള്ള ആസ്‌ത്രേലിയ, 39 ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയ, 87 ാം സ്ഥാനത്തുള്ള ബഹ്‌റൈന്‍ എന്നീ ടീമുകളോടാണ്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ്‌ ആസ്‌ത്രേലിയ. ഇന്ത്യ ഏറ്റവും പിന്നിലും.
ടൂര്‍ണമെന്റ്‌ മുന്നില്‍ കണ്ട്‌ ഇന്ത്യ പോര്‍ച്ചുഗലില്‍ പര്യാടനം നടത്തിയിരുന്നെങ്കിലും മെച്ചപ്പെട്ടിട്ടില്ല എന്നാണ്‌ സമീപ കാല മത്സര ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. കുവൈത്തിനോട്‌ കളിച്ച സൗഹൃദ്ദ മത്സരത്തില്‍ ഇന്ത്യ തോറ്റത്‌ 9-1 എന്ന സ്‌കോറിനാണ്‌. ഗോള്‍ കീപ്പര്‍ സുബ്രദാ പാലിന്റെ മികവാണ്‌ ഗോള്‍ ഒമ്പതില്‍ ഒതുക്കിയത്‌.
ഇന്ത്യയുടെ മൂന്നാമത്തെ ഏഷ്യാ കപ്പാണിത്‌. ഇതിന്‌ മുമ്പ്‌ 1964, 1984 വര്‍ഷങ്ങളിലാണ്‌ ഇന്ത്യ ഏഷ്യാ കപ്പിന്‌ യോഗ്യത നേടിയിട്ടുള്ളത്‌ 1964 ല്‍ രണ്ടാം സ്ഥാനം നേടിയതാണ്‌ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന്‌ ഇന്ത്യയുടെ ഇന്ദര്‍ സിംങ്‌ ആയിരുന്നു ടോപ്പ്‌ സ്‌കോറര്‍. 2007 നെഹ്‌റു കപ്പ്‌ ഫൈനലില്‍ സിറിയയെ ഒരു ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഏഷ്യാ കപ്പിലേക്ക്‌ യോഗ്യത നേടിയത്‌. മലയറളി താരം പ്രദീപായിരുന്നു ഇന്ത്യക്ക്‌ വേണ്ടി ഗോള്‍ നേടിയത്‌.
ഏഷ്യാ കപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജി വെക്കാന്‍ സാധ്യതയുണ്ട്‌ എന്ന സൂചനയും കോച്ച്‌ ബോബ്‌ ഹൂട്ടന്‍ നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോടിപതിയായ മുഹമ്മദ്‌ റാഫി, അമേരിക്കന്‍ ലീഗിലെ കന്‍സാസ്‌ സിറ്റിക്ക്‌ വേണ്ടി കളിക്കുന്ന സുനില്‍ ഛേത്രി എന്നിവരിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ജനുവരി പത്തിന്‌ ആസ്‌ത്രേലിയയോടാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം
2022 ലോകകപ്പിന്‌ വേദിയാവുന്ന ഖത്തര്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ്‌ ഏഷ്യാ കപ്പിന്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്‌. ടൂര്‍ണമെന്റില്‍ കൂടുതല്‍ നാണം കെടാതിരിക്കുക എന്നതിനാവും ഇന്ത്യ ശ്രമിക്കുക. ഗ്രൂപ്പില്‍ മൂന്നാം സഥാനത്തെങ്കിലും എത്തിയാല്‍ ഇന്ത്യക്ക്‌ അഭിമാനിക്കാം.

Wednesday, November 3, 2010

ഉദ്ഘാടനം..

 മന്ത്രിമാരും എം എല്‍. എ മാരും തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ തിരക്കിലാണ്. അവരെ കാത്തിരുന്നാല്‍ ഉദ്ഘാടനം നടക്കില്ല മാത്രമല്ല അവര്‍ക്കര്‍ക്കൊക്കെ തറക്കല്ലിടാന്‍ മാത്രമേ അറിയൂ. അത് കൊണ്ട് ഞാന്‍ തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. എന്റെ ബ്ലോഗ് ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്തതായി ഇതിന്ല്‍ അറിയിക്കുന്നു..

എന്റെ ബ്ലോഗ് ഞാന്‍ തന്നെ ഉദ്ഘാടനം എന്റെ തന്നെ പോസ്റ്റുകളും ദൈവമേ ഇനി ഞാന്‍ തന്നെ ഇരുന്ന് വായിക്കേണ്ടി വരുമോ.......... ?
വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ? കാത്തിരുന്ന് കാണാം....

ആമുഖം

 പരമദയാലുവും കരുണാവാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍...

പ്രയ സുഹൃത്തുക്കളെ...

          ഞാനും വരുന്നു ബൂലോഗത്തിലേക്ക്. തുടക്കാരനാണ് എല്ലാവരും അനുഗ്രഹിക്കണം. ആരും റാഗ് ചെയ്യരുത്. തുടങ്ങുന്നതിന് മുമ്പ് അല്‍പ്പം ഒന്നു ര് ആളുകള്‍ക്ക് നന്ദി രേഖപ്പെടുത്താനു്. ടൈപ്പിംഗിന്റെ ബാല പാഠം പഠിപ്പിച്ച് തന്ന പ്രജീഷ് സാര്‍ മുസമ്മില്‍ സാര്‍ എന്നിവര്‍ക്ക് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. തീര്‍ന്നില്ല ഒരാളും കൂടെ ഉണ്ട് എന്റെ പ്രിയ അധ്യാപകനും പ്രശസ്ത ബ്ലോഗറുമായ ജോസോഫ് ആന്‍ണി സാര്‍.
           നന്ദി പ്രകടനം കഴിഞ്ഞു ഇനി തുടങ്ങാം. ഇത് ചായ മക്കാനിയാണ് അത് കൊണ്ട് തന്നെ ഇവിടെ എല്ലാം പറയും.
 


           NB:ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല യാഥാര്‍ത്യമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ വല്ല ബന്ധവുമുണ്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വ്വമാണ് ആരും പിണങ്ങരുത്.. പ്ലീസ്...........