Thursday, December 9, 2010

കറിയൊക്കെ നന്നായി, പക്ഷേ...........

mailകറിയൊക്കെ നന്നായി, പക്ഷേ വിളമ്പിയത്‌ കോളാമ്പിയിലായിപ്പോയി എന്ന പറഞ്ഞ പോലെയാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കാര്യം. 26 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഏഷ്യാ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെട്ടത്‌ മരണ ഗ്രൂപ്പില്‍. ഫിഫ റാങ്കിങ്ങില്‍ 142 ാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ നേരിടേണ്ടത്‌ 20 സ്ഥാനത്തുള്ള ആസ്‌ത്രേലിയ, 39 ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയ, 87 ാം സ്ഥാനത്തുള്ള ബഹ്‌റൈന്‍ എന്നീ ടീമുകളോടാണ്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ്‌ ആസ്‌ത്രേലിയ. ഇന്ത്യ ഏറ്റവും പിന്നിലും.
ടൂര്‍ണമെന്റ്‌ മുന്നില്‍ കണ്ട്‌ ഇന്ത്യ പോര്‍ച്ചുഗലില്‍ പര്യാടനം നടത്തിയിരുന്നെങ്കിലും മെച്ചപ്പെട്ടിട്ടില്ല എന്നാണ്‌ സമീപ കാല മത്സര ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. കുവൈത്തിനോട്‌ കളിച്ച സൗഹൃദ്ദ മത്സരത്തില്‍ ഇന്ത്യ തോറ്റത്‌ 9-1 എന്ന സ്‌കോറിനാണ്‌. ഗോള്‍ കീപ്പര്‍ സുബ്രദാ പാലിന്റെ മികവാണ്‌ ഗോള്‍ ഒമ്പതില്‍ ഒതുക്കിയത്‌.
ഇന്ത്യയുടെ മൂന്നാമത്തെ ഏഷ്യാ കപ്പാണിത്‌. ഇതിന്‌ മുമ്പ്‌ 1964, 1984 വര്‍ഷങ്ങളിലാണ്‌ ഇന്ത്യ ഏഷ്യാ കപ്പിന്‌ യോഗ്യത നേടിയിട്ടുള്ളത്‌ 1964 ല്‍ രണ്ടാം സ്ഥാനം നേടിയതാണ്‌ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന്‌ ഇന്ത്യയുടെ ഇന്ദര്‍ സിംങ്‌ ആയിരുന്നു ടോപ്പ്‌ സ്‌കോറര്‍. 2007 നെഹ്‌റു കപ്പ്‌ ഫൈനലില്‍ സിറിയയെ ഒരു ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഏഷ്യാ കപ്പിലേക്ക്‌ യോഗ്യത നേടിയത്‌. മലയറളി താരം പ്രദീപായിരുന്നു ഇന്ത്യക്ക്‌ വേണ്ടി ഗോള്‍ നേടിയത്‌.
ഏഷ്യാ കപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജി വെക്കാന്‍ സാധ്യതയുണ്ട്‌ എന്ന സൂചനയും കോച്ച്‌ ബോബ്‌ ഹൂട്ടന്‍ നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോടിപതിയായ മുഹമ്മദ്‌ റാഫി, അമേരിക്കന്‍ ലീഗിലെ കന്‍സാസ്‌ സിറ്റിക്ക്‌ വേണ്ടി കളിക്കുന്ന സുനില്‍ ഛേത്രി എന്നിവരിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ജനുവരി പത്തിന്‌ ആസ്‌ത്രേലിയയോടാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം
2022 ലോകകപ്പിന്‌ വേദിയാവുന്ന ഖത്തര്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ്‌ ഏഷ്യാ കപ്പിന്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്‌. ടൂര്‍ണമെന്റില്‍ കൂടുതല്‍ നാണം കെടാതിരിക്കുക എന്നതിനാവും ഇന്ത്യ ശ്രമിക്കുക. ഗ്രൂപ്പില്‍ മൂന്നാം സഥാനത്തെങ്കിലും എത്തിയാല്‍ ഇന്ത്യക്ക്‌ അഭിമാനിക്കാം.

No comments:

Post a Comment