Friday, September 14, 2012

ശിഹാബിന് സങ്കടമില്ല




ഏറ്റവും ക്ഷമയും സ്നേഹവും അനുകമ്പയുമുള്ളവരെ പടച്ചവന്‍ ഒരു സര്‍വേ നടത്തി കണ്ടെത്തും. അങ്ങനെയുള്ളവര്‍ക്കാണ് എന്നെപ്പോലുള്ള മക്കള്‍ ജനിക്കുക. വാപ്പയും ഉമ്മയും എന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും എതിരു നിന്നിട്ടില്ല. അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല... 

ശിഹാബിന്‍റെ ശബ്ദം ഇടറിയില്ല. പക്ഷേ അപ്പോഴേയ്ക്കും അബൂബക്കറിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മെഹ്ജാബ് തേങ്ങിത്തുടങ്ങിയിരുന്നു. കൈയും കാലുകളുമില്ലാതെയാണു പിറന്നതെന്ന് ശിബാഹിനെ വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ ഈ അച്ഛനുമമ്മയും അറിയിച്ചിട്ടില്ല. ചേച്ചിമാര്‍ വായിച്ചു പഠിക്കുന്നതു കേട്ടു മനസിലാക്കിയും ഇല്ലാത്ത കൈകളുടെ സ്ഥാനത്ത് പേന ചേര്‍ത്തു വച്ച് പരീക്ഷയെഴുതിയും അവന്‍ പ്ലസ് ടു ജയിച്ചു. വെള്ളക്കടലാസിനു മുകളിലേക്ക് പെന്‍സിലുകള്‍ ചേര്‍ത്തു വച്ച് അവന്‍ ചിത്രങ്ങളും വരച്ചു തുടങ്ങി. വൈകല്യം സമ്മാനിച്ച വിധി ഈ പത്തൊമ്പതുകാരനു മുന്നില്‍ തോറ്റു മടങ്ങുന്നു. മകന്‍റെ ഏതാഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ ജീവിതം നേര്‍ച്ചയര്‍പ്പിച്ച് വാപ്പയും ഉമ്മയും കൂടെയുണ്ട്.... ഈ ധൈര്യത്തില്‍ത്തന്നെയാണു ശിഹാബ് ക്രിക്കറ്റ് കളിക്കാന്‍ പുറപ്പെടുന്നതും മീന്‍ വളര്‍ത്താനൊരുങ്ങുന്നതും....

അടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു ശിഹാബ്. വൈകല്യം ശിഹാബിനു നല്‍കിയ വിധിക്കുപോലും ഇതു കണ്ടു നില്‍ക്കാനുള്ള ധൈര്യമുണ്ടാകില്ല. വിറകുകഷണംകൊണ്ടു കുത്തിനിറുത്തിയ വിക്കറ്റ് സ്റ്റംപിനോളം ഉയരമുള്ള ശിഹാബ് ബാറ്റു ചെയ്യുന്നു. മറ്റൊരാളുടെ സഹായത്തോടെ നടന്നിരുന്ന ശിഹാബിന് ഇപ്പോള്‍ തടസങ്ങളോടെല്ലാം വാശിയാണ്. കഴിയില്ലെന്നു മറ്റുള്ളവര്‍ പറഞ്ഞതൊക്കെ ചെയ്തു കാണിക്കാനുള്ള ശ്രമ ങ്ങള്‍ വിജയിക്കുമ്പോള്‍ പൂക്കോട്ടൂര്‍ പള്ളിപ്പടി ചെറുപറമ്പില്‍ വീട്ടില്‍ പുതിയ സന്തോഷങ്ങള്‍...

പിറന്നതു കൈയും കാലുമില്ലാതെയാണെന്നു തിരിച്ചറിയാനുള്ള പ്രായമായപ്പോള്‍ മുതല്‍ മറ്റുള്ളവര്‍ക്കൊരു ഭാരമാകരുതെന്നുള്ള വിചാരമായിരുന്നു അവന്‍റെ മനസില്‍. ജനിച്ച സമയത്ത് ശിഹാബുദ്ദീന്‍റെ ഭാവിയെക്കുറിച്ചോര്‍ത്തു പേടിച്ചവര്‍ക്കൊക്കെ ഇപ്പോള്‍ അത്ഭുതമാണ് ശിഹാബ്. സ്വന്തം വൈകല്യങ്ങളെയോര്‍ത്തു കരയാതെ ജീവിതത്തെ നേരിടാന്‍ പഠിക്കുകയായിരുന്നു അവന്‍. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങുന്നതേയുള്ളൂവെന്ന് സ്വയം പറഞ്ഞു മനസിലാക്കി. ഇല്ലാത്ത കൈകള്‍ക്കും കാലിനുമപ്പുറത്ത്, തന്നെ കാത്തിരിക്കുന്ന ലോകമുണ്ടെന്നുള്ള തിരിച്ചറിവ് തെറ്റിയില്ലെന്നു ശിഹാബ് പറയുന്നത് ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ്.... ക്രിക്കറ്റ് കളിച്ചുകൊണ്ടാണ്...

ചെറുപറമ്പില്‍ അബൂബക്കറും മെഹ്ജാബും മകനെയോര്‍ത്ത് ഇപ്പോള്‍ സങ്കടപ്പെടാറില്ല. 1993 ജൂലൈ പതിനാലിനു പിറന്ന മകന്‍ മറ്റുള്ളവര്‍ക്കു മാതൃകയാകുന്നതില്‍ അഭിമാനിക്കുന്നു ഈ അച്ഛനുമമ്മയും. അത്താണിക്കല്‍ എംഐസി കോളെജില്‍ ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ശിഹാബുദ്ദീന്‍. 

ശിഹാബ് ക്രിക്കറ്റ് കളിക്കുകയാണ്

ചെറുപറമ്പില്‍ വീട്ടില്‍ ശിഹാബുദ്ദീന് ആറു സഹോദരങ്ങളാണ്. സൈബ, ഫിറോസ്, സബിത, ഷംന, ആഷിഖ്, നിഷാദ്. ഇവരെല്ലാവരും സ്കൂളില്‍ പോയാല്‍ വീട്ടില്‍ ശിഹാബുദ്ദീനു കളിക്കാന്‍ കൂട്ടുകാരില്ലാതാവും. അപ്പോഴാണ് അവന്‍ പുസ്തകങ്ങളോടു കൂട്ടുകൂടിയത്. കൈയില്‍ കിട്ടുന്നതെന്തും കീറിക്കളയുന്ന ശീലം കുട്ടിക്കാലംതൊട്ട് അവനില്ല. ഇത്താത്തമാര്‍ പുസ്തകം വായിക്കുന്നതു നോക്കിയിരുന്ന് അവന്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അവരുടെയടുത്തിരുന്ന് പെന്‍സിലും പേപ്പറുമെടുത്ത് ചിത്രം വരച്ചു. 

തനിക്കു സ്വന്തമായി കിട്ടാതിരുന്ന കാലുകളും കൈകളും അവന്‍ കടലാസില്‍ വരച്ചു. ശിഹാബുദ്ദീന്‍റെ ചിത്രങ്ങളില്‍ ജീവന്‍തുടിച്ചപ്പോള്‍ അബൂബക്കര്‍ മകനെ പ്രോത്സാഹിപ്പിച്ചു. സ്കൂളില്‍ പോവാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്താത്തമാര്‍ പഠിക്കുന്നത് നോക്കി ശിഹാബ് അക്ഷരം പഠിച്ചു. ഇരു കൈകള്‍ക്കും പകരമായി തനിക്കു കിട്ടിയ ശരീരത്തിന്‍റെ ഭാഗത്ത് പേനവച്ച് എഴുതിത്തുടങ്ങി. വീട്ടിലിരുന്നു പഠിച്ചു. പരീക്ഷയെഴുതാന്‍ സ്കൂളില്‍ പോയി. 

പരീക്ഷയ്ക്കുള്ള യാത്രകളാണ് വീടിനു പുറത്തേയ്ക്ക് ശിഹാബിന്‍റെ അപൂര്‍വം യാത്രകളിലൊന്ന്. മീന്‍ കച്ചവടക്കാരനാണ് അബൂബക്കര്‍. വാപ്പയുടെ സ്കൂട്ടറിന്‍റെ പിന്‍സീറ്റില്‍ പിടിച്ചിരിക്കാന്‍ ശിഹാബിനു കൈകളില്ല. ശിഹാബിനെ പിന്‍സീറ്റിലിരുത്തി ഒരു ബെല്‍റ്റുകൊണ്ട് അബൂബക്കര്‍ സ്വന്തം നെഞ്ചിലേക്ക് മുറുക്കിക്കെട്ടിയായിരുന്നു യാത്ര. കഷ്ടപ്പാടുകള്‍ക്കെല്ലാം നല്ല ഫലമുണ്ടാക്കാന്‍ ആരും ശിഹാബിനു പറഞ്ഞുകൊടുക്കേണ്ടി വന്നില്ല.

ഏഴാം ക്ലാസ് വരെ വീട്ടിലിരുന്ന് പഠിച്ചു. ഇത്താത്തമാരായിരുന്നു ശിഹാബിന്‍റെ അധ്യാപികമാര്‍. ഏഴാം ക്ലാസിലെ പരീക്ഷ റിസല്‍ട്ട് വന്നപ്പോള്‍ ശിഹാബിന് ഒന്നാം സ്ഥാനം. പൂക്കോട്ടൂര്‍ യുപി സ്കൂളിലായിരുന്നു ശിഹാബ് പരീക്ഷയെഴുതിയിരുന്നത്. എസ്എസ്എല്‍സി പരീക്ഷ നന്നായി എഴുതണമെന്ന തീരുമാനത്തില്‍ സ്കൂളില്‍ ചേരാന്‍ ശിഹാബ് തീരുമാനിച്ചു. പൂക്കോട്ടൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു. ഉപ്പയുടെ സുഹൃത്ത് നല്‍കിയ ബൈക്കിലും ഓട്ടോറിക്ഷയിലുമായിട്ടായിരുന്നു ഷിഹാബിന്‍റെ യാത്ര. 

ഉച്ചയാവുമ്പോള്‍ ചോറുമായി ഉമ്മ സ്കൂളിലെത്തും. ഉമ്മ വാരി നല്‍കിയ ഓരോ ചോറുരുള കഴിക്കുമ്പോഴും പത്താം ക്ലാസ് പരീക്ഷയായിരുന്നു ശിഹാബിന്‍റെ മനസു നിറയെ. വാശിയോടെ പഠിച്ച ശിഹാബ് അവിടെ മറ്റുള്ളവരുടെ പ്രതീക്ഷകളുടെയപ്പുറത്തേയ്ക്കു നടന്നു. നാല് എ പ്ലസ്, അഞ്ച് എ, ഒരു ബി... എസ്എസ്എല്‍സിക്ക് ശിഹാബിനു കിട്ടിയ മാര്‍ക്ക്. 

പൂക്കോട്ടൂര്‍ സ്കൂളില്‍ തന്നെ പ്ലസ് ടുവിന് ചേര്‍ന്നു. സയന്‍സായിരുന്നു സബ്ജക്റ്റ്. ഇംഗ്ലീഷ് എഴുതാന്‍ ബുദ്ധിമുട്ടായതിനാല്‍ സഹായിയെ വച്ചായിരുന്നു പരീക്ഷ എഴുതിയത്. പക്ഷേ പരീക്ഷയ്ക്കു ശിഹാബ് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ല. പ്ലസ്ടു പരീക്ഷ ഒറ്റയ്ക്കെഴുതാന്‍ തന്നെ തീരുമാനിച്ചു. മികച്ച മാര്‍ക്കോടെ പ്ലസ് ടു ജയിച്ചു. ബി.എ. ഇംഗ്ലീഷിനു ചേര്‍ന്നു.

ബി ഹാപ്പി...

കിട്ടിയതിനെല്ലാം നന്ദി പറയാനാണ് ശിഹാബിനിഷ്ടം. കിട്ടാത്തതിനെക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കാതെ ഇനി നേടാനുള്ളതിനെക്കുറിച്ചു മാത്രമാണു ചിന്ത. കൈകളുടെ സ്ഥാനത്തു തനിക്കു ലഭിച്ച ശരീരത്തിന്‍റെ ഭാഗത്ത് ബ്രഷുകള്‍ വച്ച് ചിത്രം വരച്ചു തുടങ്ങി. കാളിദാസനും ശ്രീനാരായണഗുരുവും ഗാന്ധിജിയും നാട്ടിലെ കാഴ്ചകളുമൊക്കെയാണ് വരയ്ക്കാന്‍ ഇഷ്ടം. കട്ടിലില്‍ മകനോടൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകനെ ചോറൂട്ടുന്ന അമ്മയുടെ ചിത്രവും ശിഹാബിന്‍റെ മനസിന് നഷ്ടപ്പെട്ട സ്വപ്നങ്ങള്‍. കായലിനപ്പുറത്തെ സൂര്യോദയവും, മുറിഞ്ഞു പോയ മരത്തിനു മുകളിലെ സൂര്യോദയവും ശിഹാബുദ്ദീനു പ്രതീക്ഷയുടേതാണ്. കാടുകള്‍ക്കു നടുവിലും സൂര്യോദയമുണ്ട്. കായലും കടലും കടന്നു പോകുന്ന വള്ളത്തിന്‍റെ യാത്രയില്‍ ഇനിയും യാത്ര ചെയ്യാനുള്ള ദൂരം വരച്ചു ചേര്‍ക്കുന്നു ശിഹാബ്. 

ക്രിക്കറ്റ് കളി മാത്രമല്ല ഫേസ്ബുക്കിലും മീന്‍ വളര്‍ത്തലിലും സജീവമാണു ശിഹാബ്. പുസ്തകങ്ങള്‍ വായിച്ചും ലോകവിവരങ്ങള്‍ തേടിയും പുതിയ വിഷയങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജന്മംകൊണ്ടു കിട്ടിയ വൈകല്യം മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള പ്രേരണയാകണമെന്നു പറയുന്നു ശിഹാബ്. ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ശിഹാബിനു പറയാനുള്ളതും ഇതു തന്നെയാണ്. എല്‍പി വിദ്യാര്‍ഥികള്‍ മുതല്‍ നഴ്സിങ് പഠിക്കുന്നവരോടുവരെ സ്വന്തം ജീവിതത്തെക്കുറിച്ചു പറയാറുണ്ട് ശിഹാബ്. 

ഇത് എന്‍റെ മാത്രം അനുഭവമല്ല. എനിക്കു മുമ്പ് ഇതുപോലെ പലരും ജനിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ജനിച്ച നിക് വുജിസിക്കാണ് അപ്പോഴെല്ലാം ശിഹാബിന്‍റെ മുന്നിലുള്ളത്. കൈകാലുകളില്ലാതെ ജനിച്ച നിക്ക് വുജിക്സ് പ്രഭാഷണങ്ങളില്‍ പറയാറുള്ളത് ശിഹാബുദ്ദീനും ആവര്‍ത്തിക്കുന്നു.... നോ ആംസ്, നോ ലെഗ്സ്, നോ വറീസ്...





മെട്രൊ വാര്‍ത്ത ലൈഫില്‍ 2012 സെപ്തംബര്‍ 11ന് എഴുതിയ ഫീച്ചര്‍




No comments:

Post a Comment